റെയില്‍പാളങ്ങളുടെ ക്ഷമതക്കുറവ്; കേരളം ഇനിയും ‘എ’ റൂട്ടിലെത്തിയില്ല

Posted on: June 11, 2016 10:25 am | Last updated: June 11, 2016 at 10:25 am
SHARE

RAILകണ്ണൂര്‍:സംസ്ഥാനത്തെ റെയില്‍ പാളങ്ങള്‍ 170 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിച്ച് കഴിഞ്ഞിട്ടും പൂര്‍ണ്ണമായും പുതിയ പാളത്തിലേക്ക് മാറ്റാന്‍ റെയില്‍വേക്ക് മടി. വേഗതക്കുറവും യാത്രക്കിടെ ട്രെയിന്‍ നിര്‍ത്തിയിടുന്നതും പതിവാകുമ്പോഴും റെയില്‍ പാളത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കേരളത്തിന് ഇപ്പോഴും അവഗണന തന്നെയാണ്. നിരന്തര പരാതിയെ തുടര്‍ന്ന് ചില മേഖലകളില്‍ മാത്രമാണ് ഇപ്പോഴും പാളത്തിന്റെ പരിഷ്‌കരണം നടത്തുന്നത്.
മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന പാളങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍മിച്ചപ്പോള്‍ കേരളം ഇപ്പോഴും ഏറെ പിറകിലാണ്. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഡി റൂട്ടിന് തൊട്ടുമേലെ മാത്രമാണ് കേരളത്തിലെ പാളത്തിന്റെ ഉറപ്പ്. രാജ്യത്തെ മറ്റ് റെയില്‍വേ ഡിവിഷനുകളെല്ലാം എ ലെവല്‍ റൂട്ടിലേക്ക് ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് ്് കേരളത്തില്‍ ഉള്‍പ്പെടുന്ന പാലക്കാട്, തിരുവനന്തപുരം ഡിവിഷനില്‍ റെയില്‍പാളത്തിന്റെ ഗുണം വര്‍ധിപ്പിച്ച് വേഗത കൂട്ടാനുള്ള ശ്രമം അനിശ്ചിതമായി നീളുന്നത്. രാജധാനി എക്‌സ്പ്രസ്സ് പോലുള്ള ദീര്‍ഘദൂര എ ക്ലാസ്സ് എക്സ്സപ്രസ്സ് ട്രെയിനുകള്‍ ഓടുന്ന റൂട്ടുകളെല്ലാം എ ലെവല്‍ റൂട്ടിലേക്ക് മാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കേരളത്തില്‍ ഇത് എത്രത്തോളം നടപ്പായെന്നതാണ് ഇപ്പോഴും ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നത്. അതേസമയം കേരളത്തിലെ റെയില്‍പാളങ്ങളുടെ റൂട്ടുകളുടെ തരംതിരവ് സംബന്ധിച്ച പുതിയ വിജ്ഞാപനത്തിലും കേരളത്തില്‍പ്പെടുന്ന ഷൊര്‍ണ്ണൂര്‍-മാംഗ്ലൂര്‍ പാത ഇ വിഭാഗത്തില്‍ത്തന്നെയാണ് പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പാളങ്ങള്‍ 170 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിച്ചതുകൊണ്ട് ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ പരിഷ്‌കരണം അനിശ്ചിതമായി നീളുകയായിരുന്നു.
ഒരു മീറ്ററില്‍ 60 കിലോഗ്രാം കനമാണ് റെയിലിന് ബി ക്ലാസിലേക്ക് മാറാന്‍ വേണ്ടത്. കേരളത്തില്‍ ഇപ്പോള്‍ ഒരു മീറ്ററില്‍ 52 കിലോഗ്രാം കനമാണ് റെയിലിനുള്ളത്.ചിലയിടത്തെല്ലാമിത് 60 ആക്കി മാറ്റിയെങ്കിലും പൂര്‍ണമായി മാറ്റാന്‍ നടപടിയുണ്ടാകുന്നില്ല. ബ്രിട്ടീഷുകാര്‍ റെയില്‍ പാളം നിര്‍മിക്കുമ്പോള്‍ ഇത് 45 ആയിരുന്നു. അതില്‍ നിന്ന് ഒരു പടി മാത്രമാണ് കേരളത്തില്‍ മുന്നോട്ടുപോയത്.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ 60 കിലോയാക്കി റെയില്‍പാളത്തിന്റെ ക്ഷമത വര്‍ധിപ്പിച്ചു. ചെന്നൈ-ഡല്‍ഹി ഗ്രാന്റ് ട്രക് റൂട്ടിലുള്‍പ്പെടെ മണിക്കൂറില്‍ 160 കി മീ വേഗതയില്‍ ട്രെയിന്‍ കടന്നുപോകാനുള്ള ശേഷിയാണ് പാളങ്ങള്‍ക്കുള്ളത്. എറണാകുളം-കോയമ്പത്തൂര്‍ പാതയില്‍ 130 കി മീ വേഗതയുണ്ടെങ്കിലും ബി ക്ലാസിന് മുകളിലേക്ക് കടക്കാനുള്ള ക്ഷമതയായി ഇത് മാറുന്നില്ല. ബിലാസ്പൂരിലെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നാണ് റെയില്‍പാളം നിര്‍മിക്കുന്നത്.
അതേ സമയം 60 കി ഗ്രാം കനത്തിനു താഴെയുള്ള പാളങ്ങളുടെ നിര്‍മ്മാണം സ്റ്റീല്‍ അതോറിറ്റി നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. പാളത്തിന്റെ ക്ഷമത പൂര്‍ണ്ണമായും വര്‍ധിപ്പിക്കാത്തതാണ് ദീര്‍ഘദൂര ട്രെയിനുകളൊന്നും പുതുതായി കേരളത്തില്‍ കൂടി കടന്നു പോകാത്തതിനുകാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേഗതക്കുറവും ഇതുമൂലം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വരുന്നതും പതിവായി മാറുകയും ചെയ്യുന്നു. മാത്രമല്ല, വൈദ്യുതീകരണവും അനിശ്ചിതമായി നീളുകയാണ്. ഷൊര്‍ണൂര്‍-മംഗളൂരു പാത പൂര്‍ണ്ണമായും വൈദ്യുതീകരിക്കാതെ റെയില്‍വികസനത്തില്‍ ഒരിഞ്ച് പോലും മുന്നോട്ട് പോകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടും പ്രവൃത്തിക്ക് വേഗത കൂട്ടാനുള്ള ഇടപെടല്‍ കേരളത്തില്‍ നിന്നുണ്ടാകുന്നില്ല.
യാത്രാടിക്കറ്റിനത്തില്‍ കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായിട്ടും ആവശ്യമായ പരിഗണന കേരളത്തിന് ലഭിക്കാതെ പോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here