Connect with us

Education

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് തിങ്കളാഴ്ച: 1.61 ലക്ഷം അപേക്ഷകര്‍ പുറത്താകും

Published

|

Last Updated

കൊച്ചി:ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ 1.61 ലക്ഷം അപേക്ഷകര്‍ക്ക് സീറ്റ് ലഭിക്കില്ലെന്നുറപ്പായി. കേന്ദ്രീകൃത അലോട്‌മെന്റ് സംവിധാനം(ഏകജാലകം)വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം കഴിഞ്ഞ തിങ്കളാഴ്ച്ച പിന്നിട്ടപ്പോള്‍ 5,18,410 വിദ്യാര്‍ഥികളാണ് ഇത്തവണ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലായി 7,151 ബാച്ചുകളിലായി ആകെയുള്ള 3,56,730 സീറ്റുകളാണുള്ളതെന്നിരിക്കെ, ഹയര്‍സെക്കന്ററി പ്രവേശനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന 1,61,680 വിദ്യാര്‍ഥികള്‍ക്ക് ആദ്യ അലോട്ട്‌മെന്റില്‍ നിരാശയായിരിക്കും ഫലം.

കൂടുതല്‍ സീറ്റുകളും ബാച്ചുകളും അനുവദിച്ചില്ലെങ്കില്‍ ബാക്കി വരുന്ന വിദ്യാര്‍ഥികള്‍ മറ്റുമേഖലകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടതായി വരും. ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠനയോഗ്യത നേടിയിരിക്കുന്നതാകട്ടെ 4,57,654 വിദ്യാര്‍ഥികളുമാണ്. സേ പരീക്ഷാ ഫലം പുറത്ത് വരുന്നതിന് മുമ്പുള്ള കണക്കാണിത്. ഇവരില്‍ 4,53,582 വിദ്യാര്‍ഥികളും ഇത്തവണ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സി ബി എസ് സി പരീക്ഷ പാസായ 49,029 വിദ്യാര്‍ഥികളും, ഐ സി എസ് ഇ സിലബസിലുള്ള 3,700 വിദ്യാര്‍ഥികളും, 12,099 മറ്റു തത്തുല്യയോഗ്യതനേടിയ വിഭാഗങ്ങളിലുള്ള 12,099 വിദ്യാര്‍ഥികളും അപേക്ഷ സമര്‍പ്പിച്ച് പ്രവേശനത്തിനായി കാത്തിരിക്കുന്നുണ്ട്.
വിവിധ ജില്ലകളില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണവും നിലനില്‍ക്കുന്ന സീറ്റുകളുടെ എണ്ണവും തമ്മിലുള്ള വലിയ വ്യത്യാസം ഇത്തവണയും ദൃശ്യമാണ്. പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഈ അന്തരം ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. 20,000ത്തിനുമുകളിലാണ് ഇവിടങ്ങളില്‍ സീറ്റുകളും അപേക്ഷകരും തമ്മിലുള്ള അന്തരം. പാലക്കാട് ജില്ലയില്‍ ഇത്തവണ 46,310 പേര്‍ പ്ലസ് വണ്ണിന് അപേക്ഷിച്ചപ്പോള്‍ ഇവിടെ നിലവിലുള്ളത് ആകെ 27,186 സീറ്റാണ്. കോഴിക്കോട് 33772 സീറ്റുകളിലേക്ക് 52,049 പേരും, മലപ്പുറത്ത് 51736 സീറ്റുകളിലേക്ക് 82,275 പേരും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. മറ്റുജില്ലകളിലെ അപേക്ഷകരുടെ എണ്ണം (ബ്രാക്കറ്റില്‍ സീറ്റുകളുടെ എണ്ണം): തിരുവനന്തപുരം-42120 (31244), കൊല്ലം-38699(25422), പത്തനംതിട്ട-17945(15058),ആലപ്പുഴ-32126(22336), കോട്ടയം-28410(22336),ഇടുക്കി-15924(12072), എറണാകുളം-45360(32536,)തൃശൂര്‍-45342(32694), വയനാട്-12617(8608), കണ്ണൂര്‍-39448 (27258), കാസര്‍കോട്- 19785(14472) എന്നിങ്ങനെയാണ് അപേക്ഷകര്‍.
പുനഃക്രമീകരിച്ച ഷെഡ്യൂള്‍ അനുസരിച്ച് ഈ മാസം 13 ന് ട്രയല്‍ അലോട്ട് മെന്റും, 20 ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കാനാണ് ഹയര്‍സെക്കന്ററി ഡയറക്ട്രേറ്റ് ലക്ഷ്യമിടുന്നത്. ട്രയല്‍ അലോട്ട്‌മെന്റില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അപേക്ഷകര്‍ക്ക് പരിശോധിച്ച് ആക്ഷേപമറിയിച്ചാല്‍ ഇത് തിരുത്തി പ്രസിദ്ധീകരിക്കുന്നതാണ് ആദ്യ അലോട്ട്‌മെന്റ് എന്നിരിക്കെ, തിങ്കളാഴ്ച്ച പ്രസിദ്ധീകരിക്കുന്ന ട്രയല്‍ അലോട്ട്‌മെന്റില്‍ നിന്നും മുഖ്യ അലോട്ട്‌മെന്റിന് വലിയ വ്യതിയാനങ്ങളൊന്നും വരാനിടയില്ല. ആദ്യ അലോട്ട്‌മെന്റ് ദിനം മുതല്‍ തന്നെ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുകയും ഇതില്‍ ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടാംഘട്ട അലോട്ട്‌മെന്റുകളും സപ്ലിമെന്ററി അലോട്ട്‌മെന്റുകളും നടത്തി ഈ മാസം 30 നു തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് പുതുക്കിയ ഷെഡ്യൂളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ വിജയശതമാനം കൂടുന്നതിനനുസരിച്ച് ഓരോവര്‍ഷവും ഏതെങ്കിലും തരത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവരുത്താറുണ്ട്. എന്നാല്‍ ഇത്തവണ ഇതുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എസ് എസ് എല്‍ സി വിജയശതമാനത്തില്‍ നേരിയ കുറവുണ്ടായതാണ് സീറ്റ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന നിലപാടിലെത്തിയിരിക്കുന്നത്. ഇതിനു പുറമെ മുന്‍ സര്‍ക്കാര്‍ കാലത്ത് അശാസ്ത്രീയമായ രീതിയില്‍ സ്‌കൂളും ബാച്ചുകളുമനുവദിച്ചത് മൂലം പ്രവേശന നടപടികള്‍ പൂര്‍ത്തിയായാലും ഒട്ടേറെ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന പ്രതിഭാസവും ഇതിനുവിരുദ്ധമായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആവശ്യത്തിന് സീറ്റുകള്‍ അനുവദിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള സ്‌കൂളുകളില്‍ പഠിക്കാനും ഇഷ്ടമുള്ള സബ്ജക്റ്റ് കോംപിനേഷന്‍ ലഭിക്കാനുമാണ് ഏറെ പ്രയാസം നേരിടേണ്ടി വരും. പ്രവേശനം തേടി ഇതരജില്ലകളെയും വിദൂരങ്ങളിലുള്ള സ്‌കൂളുകളെയും ആശ്രയിക്കേണ്ടതായും വരും.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ മൂലം ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടാതെ വരുന്നവരുടെയും, സംവരണസീറ്റുകളില്‍ ഒഴിവുള്ളതുമായ സീറ്റുകളിലേക്ക് നടത്തുന്ന മറ്റു അലോട്ട്‌മെന്റുകളെ ആശ്രയിക്കുക മാത്രമാണ് പ്രവേശനം ലഭിക്കാത്തവര്‍ക്കുള്ള ഏക പ്രതീക്ഷ.

Latest