Connect with us

National

കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ ആര്‍ എസ് എസ്, ജമാഅത്തെ ഇസ്‌ലാമി വിലക്ക് നീക്കാന്‍ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നതിന് ആര്‍ എസ് എസ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക് നിലനില്‍ക്കുന്ന വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. അപ്രായോഗികവും യുക്തിരഹിതവുമായ ഉത്തരവാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കേന്ദ്ര നീക്കം. ഇരുസംഘടനകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനോ, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനോ അല്ലെന്ന് വ്യക്തമാക്കുന്ന സത്യവാംങ് മൂലം സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. അരനൂറ്റാണ്ട് പഴക്കമുള്ള ഈ ഉത്തരവ് നീക്കം ചെയ്യാനാണ് കേന്ദ്രം ആലോചിക്കുന്നത്.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1966 ലാണ് ഈ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. പിന്നീട് 1975 ലും 1980 ലും ഇതേ ഉത്തരവ് വീണ്ടും പുതുക്കി പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഗോവയില്‍ കേന്ദ്രസര്‍ക്കാര്‍ ജോലിയിലേക്ക് നടത്തിയ പ്രവേശനത്തിനിടെ ഉദ്യോഗാര്‍ഥികളോട് ആര്‍ എസ് എസ് പ്രവര്‍ത്തകരല്ലെന്ന് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതാണ് ഉത്തരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിക്കും കേന്ദ്രസര്‍ക്കാര്‍ നടപടികളിലേക്കും നീങ്ങാന്‍ ഇടയാക്കിയത്.