അഴിമതിയെക്കുറിച്ച് ചോദിച്ചതിനെ അപമാനിച്ചെന്ന് പ്രചരിപ്പിച്ചു: മന്ത്രി ഇ പി ജയരാജന്‍

Posted on: June 11, 2016 12:41 am | Last updated: June 11, 2016 at 12:41 am
SHARE

e p jayarajanതിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ നിയമനവുമായി ബന്ധപ്പെട്ടും പ്രസിഡന്റിന്റെ വിമാനയാത്രയുമായി ബന്ധപ്പെട്ടും ചില കാര്യങ്ങള്‍ ചോദിച്ചതിനെയാണ് അഞ്ജു ബോബി ജോര്‍ജ്ജിനെ അപമാനിച്ചുവെന്ന തരത്തില്‍ പ്രചരിപ്പിച്ചതെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റേതായി രണ്ട് ദിവസമായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ജൂണ്‍ ഏഴിന് ഓഫീസില്‍ വന്നിരുന്നു. അവരുമായി നല്ല സൗഹൃദത്തില്‍ സംസാരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ വിജയവും ആശംസിച്ചാണ് പിരിഞ്ഞത്. സര്‍ക്കാര്‍ മാറിവന്നാല്‍ പുതിയ സര്‍ക്കാരിന്റെ കായിക നയങ്ങളും തീരുമാനങ്ങളും ബാധകമാകേണ്ടതാണ്. ബോര്‍ഡ് യോഗം കൂടി തീരുമാനമെടുക്കുമ്പോള്‍ അതു മറക്കരുതെന്ന് സംസാര മധ്യേ വൈസ് പ്രസിഡന്റ് ഇബ്‌റാഹിം കുട്ടിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. അതെന്താണ് എന്ന് വൈസ് പ്രസിഡന്റ് ചോദിച്ചപ്പോഴാണ് പ്രസിഡന്റിന് ബാംഗ്ലൂരില്‍ നിന്നും വരാനുള്ള വിമാന ചാര്‍ജ് നല്‍കാന്‍ എടുത്ത തീരുമാനം ഉദാഹരിച്ചത്. അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പ് ആലോചിക്കേണ്ടതായിരുന്നു എന്ന് വൈസ് പ്രസിഡന്റിനോടും ആ തീരുമാനം നിങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് പ്രസിഡന്റിനോടും പറഞ്ഞു. ചില നിയമനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള അഴിമതിയും അംഗീകരിക്കില്ല. ഇത്രയും കാര്യങ്ങള്‍ പൊതുവായി പറഞ്ഞിരുന്നു. എന്റെ ശ്രദ്ധയില്‍ വന്ന കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയാണ് ചെയ്തത്. അതു കഴിഞ്ഞ് സൗഹൃദത്തോടെയാണ് പിരിഞ്ഞത്. ജൂണ്‍ ഏഴിന് എന്നെ കാണാന്‍ വന്ന് തിരിച്ചുപോയ അഞ്ജു ബോബി ജോര്‍ജ് അന്ന് ഒരു പരാതിയും പറഞ്ഞിരുന്നില്ല. അടുത്ത ദിവസവും പിന്നിട്ട് ജൂണ്‍ ഒന്‍പതിനാണ് തന്നെ ശകാരിച്ചു എന്ന വാര്‍ത്ത അവര്‍ പുറത്തുവിടുന്നത്. എന്തുകൊണ്ടാണ് രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്ന് മനസിലാക്കുന്നില്ല. ഈ വസ്തുതകള്‍ മനസിലാക്കാതെയാണ് ചില മാധ്യമങ്ങള്‍ ദുഷ്പ്രചരണവുമായി രംഗത്തു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here