സ്ഥലംമാറ്റം പൂര്‍ണമായില്ല; പോലീസ് തലപ്പത്ത് ആശയക്കുഴപ്പം

Posted on: June 11, 2016 12:31 am | Last updated: June 11, 2016 at 12:31 am
SHARE

kerala-police_0#സിആര്‍ സരിത്ത്
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പോലീസ് തലപ്പത്ത് ആരംഭിച്ച അഴിച്ചു പണി പൂര്‍ണമാകാതെ വന്നതോടെ പോലീസ് തലപ്പത്ത് സര്‍വത്ര ആശയക്കുഴപ്പം. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്നും ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് മാറ്റിയെങ്കിലും ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റായി ഇനിയും ആരെയും നിയമിച്ചിട്ടില്ല. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ തലപ്പത്ത് നിന്നാണ് എ ഡി ജി പി. ആര്‍ ശ്രീലേഖയെ മാറ്റി ഇന്റലിജന്‍സ് മേധാവിയാക്കിയത്. എന്നാല്‍ ഇതുവരെയും അവര്‍ ചുമതല ഏറ്റെടു ത്തിട്ടില്ല. പകരം ചാര്‍ജ് നല്‍കാത്തതിനാല്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന എ ഹേമചന്ദ്രനും നിയമനത്തിനായി കാത്തിരിക്കുകയാണ്.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ തലപ്പത്ത് ആളില്ലാതെ വരുന്നത് ആശയക്കുഴപ്പം വര്‍ധിപ്പിക്കും. പ്രത്യേകിച്ചും 24-ന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍. പോലീസുമായി ബന്ധപ്പെട്ട നിയമസഭാ സാമാജികരുടെ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കി നല്‍കുന്നത് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ്.
ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ഡി ജി പി. എ ഹേമചന്ദ്രന് വെയ്റ്റിംഗ് ഫോര്‍ പോസ്റ്റിംഗ് എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. പോലീസ് കമ്പ്യൂട്ടര്‍ സെല്ലിലെ എസ് പി. എന്‍ വിജയകുമാറിനെ കോഴിക്കോട് റൂറലിലേക്ക് സ്ഥലം മാറ്റിയെങ്കിലും അദ്ദേഹം ചുമതലയിലുണ്ടായിരുന്ന തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റ് ജനറലിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. അവിടെയും എക്‌സ് കേഡര്‍ തസ്തികയാണുളളത്. ജയില്‍ മേധാവിയായിരുന്ന ഋഷിരാജ് സിംഗായിരുന്നു ജയില്‍ ഡി ജി പി തസ്തികയില്‍ ഉണ്ടായിരുന്നത്. അവിടെയും എക്‌സ് കേഡര്‍ തസ്തിക ഇല്ലാത്ത എ ഡി ജി പി അനില്‍കാന്തിനാണ് ചുമതല നല്‍കിയിരിക്കുന്നത്. എ ഡി ജിപി അഡ്മിനിസ്‌ട്രേഷന്‍ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. എ ഡി ജി പി അനന്തകൃഷ്ണനെ അഡ്മിനിസ്‌ട്രേഷന്‍ എ ഡി ജി പി തസ്തികയില്‍ നിയമിക്കുമെന്നാണ് അറിയുന്നത്. ക്രൈംബ്രാഞ്ച് എ ഡി ജി പിയായി രാജേഷ് ദിവാനെ കൊണ്ടുവരാനും ഇടയുണ്ട്.
കൂടുതല്‍ എസ് പിമാരുടെ സ്ഥലംമാറ്റവും ഉടന്‍ ഉണ്ടാകും. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്ഥലംമാറ്റം ഉണ്ടാകുമെന്നാണ് അറിയുന്നത്. പ്രത്യേകിച്ചും ക്രമസമാധാന ചുമതല നല്‍കുന്ന എസ്പിമാരുടെ സ്ഥലം മാറ്റത്തിന് ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് ആഭ്യന്തരവകുപ്പിന് നല്‍കിയ നിര്‍ദ്ദേശം. ഡി വൈ എസ് പി മാരുടെ സ്ഥലം മാറ്റത്തിലും ബാഹ്യഇടപെടലുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരു പൊതു മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാകും ഡി വൈ എസ് പിമാരുടെ സ്ഥലം മാറ്റം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികയിലുളള സ്ഥലം മാറ്റവും പിന്നാലെയുണ്ടാകും.