നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയാവുക

Posted on: June 11, 2016 3:28 am | Last updated: June 15, 2016 at 6:29 pm

VRUTHA SHUDHIനല്ല ഹൃദയത്തിന്റെ ഉടമയാകുക, നല്ല മനസ്സാക്ഷി ഉള്ളവനാകുക എന്നത് നമ്മുടെ അടങ്ങാത്ത അഭിലാഷമാണ്. എങ്ങനെ അത് സാധ്യമാകും എന്നതാണ് പ്രശ്‌നം! സ്രഷ്ടാവായ അല്ലാഹുവിന്റെ വരദാനമായി ലഭിക്കുന്ന ഹൃദയത്തെ അക്ഷരങ്ങളിലോ വാക്കുകളിലോ നിര്‍വചിക്കാനാകില്ല. വിശേഷണങ്ങളിലൂടെ മനസ്സിലാക്കാനേ കഴിയൂ. ഹൃദയമാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം. ആദ്യം സൃഷ്ടിക്കപ്പെടുന്നതും ജീവന്റെ തുടിപ്പ് ആരംഭിക്കുന്നതും ആത്മാവുമായി ഏറ്റവും ബന്ധപ്പെട്ടതുമാണത്. വിശ്വാസവും ഭക്തിയും പ്രകടമാകുന്നത് ഹൃദയത്തിലാണെന്ന് തിരുനബി (സ) പറയുന്നുണ്ട്.
നന്മ തിന്മകളുടെ ആവാസ കേന്ദ്രമാണ് ഹൃദയം. നന്മകള്‍ ഉയിരെടുക്കുന്നതും തിന്മകള്‍ വെള്ളവും വളവും സ്വീകരിച്ച് ശക്തിയാര്‍ജ്ജിക്കുന്നതും അവിടെയാണ്. മനുഷ്യന്റെ സര്‍വ്വവിധ വികാരങ്ങളുടെയും താത്പര്യങ്ങളുടെയും പ്രഭവകേന്ദ്രമാണ് ഹൃദയം.
മനുഷ്യന്റെ വളര്‍ച്ചയും വികാസവും ഹൃദയവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഹൃദയം സംസ്‌കരിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ നന്നാകുകയും ഹൃദയം മലിനമാകുമ്പോള്‍ മനുഷ്യന്‍ മോശമാകുകയും ചെയ്യുന്നു.
ഹൃദയത്തെ ഒരു രാജാവിനോട് ഉപമിച്ചതായി ഇമാം ബൈഹഖി ഉദ്ധരിച്ച ഹദീസില്‍ കാണാം. രാജാവിന് സൈന്യങ്ങളുണ്ട്. രാജാവ് നന്നായല്‍ സൈന്യങ്ങള്‍ നന്നാകും. രാജാവ് മോശമായാല്‍ സൈന്യങ്ങളും മോശമാകും. ശാരീരികാവയവങ്ങളെ നിയന്ത്രിക്കുന്നത് രാജാവായ ഹൃദയമാണ് (ശുഅബുല്‍ ഈമാന്‍ 109, 110).
അബൂ സഈദില്‍ (റ) ല്‍ നിന്ന് നിവേദനം. ഹൃദയം നാല് വിധമുണ്ട്. വിളക്ക് പോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയം. ഉറയില്‍ കെട്ടിവെച്ച ഹൃദയം, തലകീഴായ ഹൃദയം, കനം കുറഞ്ഞ ഹൃദയം എന്നിങ്ങനെയാണ്. നിഷ്‌കളങ്ക ഹൃദയം സത്യവിശ്വാസിയുടെതാണ്. തല കീഴായത് കപട വിശ്വാസിയുടേതും. കനം കുറഞ്ഞത് അര്‍ധ കാപട്യമുള്ളവന്റെതുമാണ് (ത്വബ്‌റാനി 1075).
നീരുറവ പോലെ തെളിഞ്ഞ ശുദ്ധമായ ഹൃദയമാണ് ശരിയായ വിശ്വാസിയുടെത്. കണ്ണാടിച്ചില്ല് പോലെ മിനുസമായത്. മാലിന്യമുക്തമായ വിദ്വേശങ്ങളില്ലാത്ത ഹൃദയം. ഖുല്‍ബുന്‍ സലീം ഖുര്‍ആന്‍ പറഞ്ഞത് ആ ഹൃദയത്തെക്കുറിച്ചാണ്. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ നിറഞ്ഞ് സന്തോഷിക്കുന്ന നിഷ്‌കളങ്കമായ ഹൃദയം, ശത്രുവിനോട് പോലും ഗുണകാംക്ഷയുള്ള ഹൃദയം.
ജനങ്ങളിലേറ്റവും ശ്രേഷ്ടന്‍ ആരാണെന്ന ചോദ്യത്തിന് പുണ്യ നബി (സ) നല്‍കിയ മറുപടി എന്തുമാത്രം ശ്രദ്ധേയമാണ്. വൃത്തിയുള്ള ഹൃദയവും സത്യസന്ധമായ നാവുമുള്ളവന്‍. അതേ കുറ്റവാസനയും വിദ്വേഷവും പതഞ്ഞുപൊങ്ങാത്ത ശുദ്ധ ഹൃദയമുള്ളവന്‍. അത്യപൂര്‍വമായ ഭാഗ്യശാലിയാണവന്‍. ഇത്തരം സവിശേഷ ഗുണങ്ങളുള്ള ഹൃദയത്തിന്റെ ഉടമകളാകാന്‍ സൗഭാഗ്യം ലഭിച്ച ചില സ്വഹാബികളെക്കുറിച്ചാണ് തിരുനബി (സ) സ്വര്‍ഗാവകാശിയാണെന്ന് ദീര്‍ഘ ദര്‍ശനം നടത്തിയത്. കാരുണ്യം വഴിഞ്ഞൊഴുകുന്ന മനസ്സിന്റെ ഉടമകളായിരുന്നു അവര്‍.