കെഎസ്ഇബി- റഗുലേറ്ററി കമ്മീഷന്‍ തര്‍ക്കം: ലൈസന്‍സ് ഫീസ് നല്‍കിയാല്‍ നിരക്ക് കൂടും

Posted on: June 11, 2016 2:57 am | Last updated: June 11, 2016 at 3:05 pm

KSEB logoതിരുവനന്തപുരം: ലൈസന്‍സ് ഫീസ് കുടിശ്ശിക നല്‍കണമെന്ന റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് നടപ്പായാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് കെ എസ് ഇ ബി ലിമിറ്റഡ്. ലൈസന്‍സ് ഫീസില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയതിനാല്‍ റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിന് ന്യായീകരണമില്ലെന്നാണ് ബോര്‍ഡ് നിലപാട്. ലൈസന്‍സ് ഫീസ് കുടിശ്ശികയെ ചൊല്ലി ബോര്‍ഡും റഗുലേറ്ററി കമ്മീഷനും തമ്മില്‍ ഇടയുകയാണ്.
2006 മുതലുള്ള ലൈസന്‍സ് ഫീ കുടിശ്ശിക ഇനത്തിലും പലിശ ഇനത്തിലുമായി വൈദ്യുതി ബോര്‍ഡ് 13.81 കോടി രൂപ ഉടന്‍ നല്‍കണമെന്നാണ് റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയത്. 2015 ജൂലൈ വരെ വൈദ്യുതി ബോര്‍ഡില്‍ നിന്ന് ലൈസന്‍സ് ഫീ വാങ്ങാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്റെ ഉത്തരവ് അംഗീകരിച്ച് കുടിശ്ശിക അടക്കുകയാണെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം പിരിക്കേണ്ടിവരുമെന്ന് കെ എസ് ഇ ബി വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നിരക്ക് വര്‍ധനക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നിരിക്കെ ലൈസന്‍സ് ഫീസില്‍ ഇളവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മീഷന് അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പണം ഒരുകാരണവശാലും നല്‍കില്ലെന്ന നിലപാടിലാണ് ബോര്‍ഡ്. പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനും കെ എസ് ഇ ബി ലിമിറ്റഡ് കത്ത് നല്‍കിയിട്ടുണ്ട്.
കേന്ദ്ര നിയമം അനുസരിച്ച് എല്ലാ വൈദ്യുതി വിതരണ ലൈസന്‍സികളും വിറ്റുവരവിന്റെ 0.03 ശതമാനം തുക ലൈസന്‍സ് ഫീ അടക്കണം. സംസ്ഥാനത്ത് എട്ട് ലൈസന്‍സികളാണുള്ളത്. ഇതില്‍ ബോര്‍ഡിന് ലൈസന്‍സ് ഫീ ഒഴിവാക്കി 2006ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ലൈസന്‍സ് ഫീ അടച്ചില്ലെങ്കില്‍ വരവു ചെലവ് കണക്ക് അംഗീകരിച്ചു നല്‍കില്ലെന്ന റഗുലേറ്ററി കമ്മീഷന്റെ നിലപാടിനെ തുടര്‍ന്ന് 2011 മുതല്‍ ബോര്‍ഡ് അടച്ചുതുടങ്ങി. പ്രതിഷേധത്തോടെയാണ് ഈ തുക അവര്‍ നല്‍കിയിരുന്നത്. എന്നാല്‍, ലൈസന്‍സ് ഫീ തുക പിന്നീട് ജനങ്ങളില്‍ നിന്ന് വൈദ്യുതി നിരക്കായി ഈടാക്കേണ്ടി വരുമെന്നതിനാല്‍ 2015 വരെ ബോര്‍ഡിനെ ലൈസന്‍സ് ഫീസില്‍ നിന്ന് ഒഴിവാക്കി കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, റഗുലേറ്ററി കമ്മീഷന്റെ പുതിയ ഉത്തരവ് അനുസരിച്ചു 2006-07 മുതല്‍ 2010-11 വരെയുള്ള ലൈസന്‍സ് ഫീ കുടിശ്ശികയായി 6.43 കോടി രൂപയും അതിന്റെ 2015-16 വരെയുള്ള പലിശയായി 7.38 കോടി രൂപയും അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ലൈസന്‍സ് ഫീസ് പിന്നീട് ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഇനത്തില്‍ പിരിച്ചെടുക്കാമെന്നും എന്നാല്‍, പലിശ, ബോര്‍ഡ് തന്നെ വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പണം കണ്ടെത്താന്‍ നിരക്കുകൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്നാണ് കെ എസ് ഇ ബി നിലപാട്.