Connect with us

Articles

മലാപ്പറമ്പ് സ്‌കൂള്‍ ഒരു തിരിച്ചറിവാണ്

Published

|

Last Updated

#എം ഷാജര്‍ഖാന്‍

മലാപ്പറമ്പ് സ്‌കൂള്‍ ഒരു തിരിച്ചറിവാണ്. ആ തിരിച്ചറിവിന്റെ പട്ടികയില്‍ തൃശൂരിലെ കിരാലൂര്‍ സ്‌കൂളും മലപ്പുറത്തെ മങ്ങാട്ടുമുറി സ്‌കൂളും തിരുവണ്ണൂരിലെ പാലാട്ട് സ്‌കൂളും കൂടി ഉള്‍പ്പെടുന്നു. അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും ആ സ്‌കൂളുകള്‍ രക്ഷപെട്ടിരിക്കുന്നു. ചരിത്രസംഭവമെന്നു തന്നെ വിശേഷിപ്പിക്കാം; എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരില്‍ നിന്നും സര്‍ക്കാര്‍ ആ വിദ്യാലയങ്ങളെ ഏറ്റെടുത്ത നടപടി.
അനാദായകരമെന്ന വിശേഷണം ചാര്‍ത്തപ്പെട്ട 5,573 സ്‌കൂളുകളില്‍ ഒന്നാണ് മലാപ്പറമ്പ്. വിദ്യാഭ്യാസ സ്‌നേഹികളായ പഴയ കാലത്തെ ആളുകളില്‍ ചിലര്‍ ആരംഭിച്ച ആ സ്‌കൂള്‍ 1996-ലാണ് ഇപ്പോഴത്തെ മാനേജര്‍ നിസ്സാരവിലക്കു വാങ്ങുന്നത്. എന്നാല്‍, ഇപ്പോള്‍ ആ സ്‌കൂളിന്റെ ഭൂമിയുടെ വിപണി വിലയില്‍ കണ്ണുവച്ചുകൊണ്ടാണ് മാനേജര്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ആസൂത്രിതമായ കരുക്കള്‍ നീക്കിയത്. സ്‌കൂള്‍ പൂട്ടിയാല്‍ ആ ഭൂമി വിറ്റ് കോടികള്‍ നേടാമെന്ന വ്യാമോഹം കേരളത്തിലെ അനേകം മാനേജര്‍മാര്‍ക്കുണ്ടായിരിക്കുന്നു. നിശ്ചയമായും പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന കനത്ത വെല്ലുവിളി തന്നെയാണിത്.
എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിലവിലുള്ള കേരള വിദ്യാഭ്യാസ നിയമം സെക്ഷന്‍ 7(6) പ്രകാരം മാനേജര്‍ക്ക് അധികാരമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ നോട്ടീസ് നല്‍കണമെന്നു മാത്രം. അങ്ങനെയാണ് 2013 നവംബര്‍ മാസം സ്‌കൂള്‍ പൂട്ടാന്‍ യു ഡി എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2014 ഏപ്രില്‍ 30-ാം തീയതി ആ സ്‌കൂളിന്റെ ബില്‍ഡിംഗ് ഇടിച്ചു തകര്‍ക്കാന്‍ മാനേജര്‍ ശ്രമം തുടങ്ങിയതോടെയാണ് പൊതുസമൂഹം മലാപ്പറമ്പ് സ്‌കൂളിന്റെ മരണവാറണ്ട് എന്തെന്ന് തിരിച്ചറിയുന്നത്. ബഹുജനങ്ങള്‍ സ്‌കൂള്‍ സംരക്ഷണത്തിനായി മുന്നോട്ടുവരുന്നത് അതിനു ശേഷമാണ്. പ്രതിഷേധം വളര്‍ന്നപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പു സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേരള വിദ്യാഭ്യാസ ചട്ടത്തിലെ അധ്യായം മൂന്ന് റൂള്‍ 7 പ്രകാരം അയോഗ്യനാക്കാനുള്ള നടപടിയെടുത്തു. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയില്‍ എത്തുന്നത്.
നിയമവേദിയില്‍ ഏറ്റവും പ്രധാനമായി ഉയര്‍ന്നുവന്ന ചോദ്യം എയ്ഡഡ് സ്‌കൂള്‍ പൂട്ടാന്‍ ബന്ധപ്പെട്ട മാനേജര്‍ക്ക് അവകാശമുണ്ടോ എന്നതായിരുന്നു. നിയമത്തിലെ പഴുതുകള്‍ പരതി നോക്കിയാല്‍ അങ്ങനെയുണ്ട് എന്നു പറയേണ്ടി വരും. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള മാനേജരുടെ അധികാരം അംഗീകരിക്കണമെന്ന് 23-7-2015ലെ ഉത്തരവില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന സാഹചര്യം സംജാതമായതങ്ങനെയാണ്. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചെങ്കിലും സ്‌കൂള്‍ ഏറ്റെടുക്കാമെന്ന് ഗവണ്മെന്റ് പറയാതിരുന്നതുകൊണ്ടാണ് അടച്ചുപൂട്ടാന്‍ ഉത്തരവുണ്ടായത്.
ആ നിയമയുദ്ധം സുപ്രീം കോടതിയിലേക്കു നീങ്ങിയത് പുതിയ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ആദ്യ ദിനങ്ങളിലാണ്. എന്നാല്‍, സുപ്രീം കോടതിയും കേരള സര്‍ക്കാറിന്റെ ഹര്‍ജി തള്ളി. കാരണം, പുതിയ ഒരു വാദവും അവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചില്ല. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വകുപ്പുകള്‍ മാത്രമാണ് സ്‌കൂള്‍ സംരക്ഷണത്തിന് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ നിരത്തിയത്.
സമാനമായ വാദങ്ങളും നടപടിക്രമങ്ങളുമാണ് 1930-ല്‍ ആരംഭിച്ച കിരാലൂര്‍ സ്‌കൂളിലും സംഭവിച്ചത്. മങ്ങാട്ടു മുറിയും തിരുവണ്ണൂര്‍ പാലാട്ടു സ്‌കൂളും അടച്ചുപൂട്ടാനും ഇതേ മാതൃകയിലുള്ള ഉത്തരവുകള്‍ മാനേജര്‍മാര്‍ സമ്പാദിച്ചിരുന്നുവെന്നതിനാല്‍ നിയമത്തിന്റെ മുന്നില്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ പരാജയപ്പെട്ട നിലയിലായിരുന്നു.
അവിടെയാണ് പൊതുവിദ്യാഭ്യാസ സ്‌നേഹികളായ രക്ഷിതാക്കളും സാധാരണക്കാരും സ്‌കൂള്‍ സംരക്ഷണ സമിതികള്‍ രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. മലാപ്പറമ്പില്‍ തിരികൊളുത്തപ്പെട്ട പ്രക്ഷോഭം മറ്റ് സൂകളുകളിലേക്കും പെട്ടെന്ന് വ്യാപിച്ചു. തീര്‍ച്ചയായും പത്ര-മാധ്യമങ്ങള്‍ സ്‌കൂള്‍ സംരക്ഷണ സമരത്തിന് അനുകൂലമായി നിലകൊണ്ടതോടെ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ശ്രദ്ധേയമായി ഉയര്‍ന്നുവന്നു. അതോടൊപ്പം, അനാദായകരമായി മാറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളെ പുനഃസൃഷ്ടിക്കുന്നതെങ്ങനെ എന്ന പ്രശ്‌നവും സമൂഹം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുന്നു.
ഒന്നാമത്തെ അടിയന്തര പ്രശ്‌നം എയ്ഡഡ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള അവകാശം മാനേജര്‍മാര്‍ക്കു നല്‍കാന്‍ പാടില്ലായെന്ന വിഷയം തന്നെയാണ്. പൊതുവിദ്യാലയങ്ങള്‍ പൊതു സ്വത്താണ്. വിദ്യാഭ്യാസത്തിനായി മാത്രമേ പൊതുവിദ്യാലയഭൂമി ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിയമഭേദഗതി വിദ്യാഭ്യാസനിയമത്തിലും അതിന്റെ ചട്ടങ്ങളിലും ഉള്‍പ്പെടുത്തുക എന്നതാണ് ആദ്യം വേണ്ടത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ സ്‌കൂളിന്റെ ഭാവി തീരുമാനിക്കാന്‍ എയ്ഡഡ് മാനേജര്‍മാര്‍ക്ക് അവകാശമുണ്ടാകരുത്. എന്തുകൊണ്ടെന്നാല്‍, സര്‍ക്കാറിന്റെ വിദ്യാഭ്യാസ ഏജന്‍സിയാണ് മാനേജ്‌മെന്റ്. പൊതുവിദ്യാലയ നടത്തിപ്പുകാരന്‍. നടത്തിപ്പുകാരന്‍ ഉടമയല്ല. പൊതുവിദ്യാലയങ്ങളുടെ ഉടമ സര്‍ക്കാറായിരിക്കണം. യഥാര്‍ഥത്തില്‍, കേരള വിദ്യാഭ്യാസ നിയമത്തിലെ സങ്കല്‍പ്പവും അതു തന്നെയാണ്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വ്യാപനം നടത്താന്‍ മുന്നോട്ടുവന്ന അനേകം മിഷണറിമാരുടെ നാടാണ് കേരളം. എല്ലാസമുദായങ്ങളിലും പെട്ടവര്‍ സ്‌കൂള്‍ ആരംഭിക്കാനും വളര്‍ത്താനും മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍, ഇന്ന് എങ്ങനെ സ്‌കൂള്‍ പൂട്ടാം എന്നാലോചിക്കുന്ന മാനേജര്‍മാരുടെ നാടായി കേരളം മാറികൊണ്ടിരിക്കുന്നുവെന്നത് നിര്‍ഭാഗ്യകരം തന്നെ. വിപണിയുടെ സംസ്‌കാരം എത്ര ആഴത്തില്‍ നമ്മുടെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളെ ബാധിച്ചുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. അതിനെ മറികടക്കാന്‍ പൊതുസമൂഹം മാനസികമായി ഒന്നിച്ചുവരുന്നതിന്റെ അടയാളങ്ങള്‍ വളര്‍ന്നുവരുന്ന സ്‌കൂള്‍ സംരക്ഷണ പ്രസ്ഥാനത്തില്‍ കാണാനാകും.
അതോടൊപ്പം, പൊതുവിദ്യാലയങ്ങള്‍ അനാകര്‍ഷകമാവുകയും കുട്ടികളുടെ എണ്ണം കുറയുകയും മറ്റുമൊക്കെ ചെയ്യുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലേക്കു കൂടി ഇറങ്ങിച്ചെല്ലാന്‍ ഈ സാഹചര്യം നമ്മെ നിര്‍ബന്ധിതരാക്കി തീര്‍ക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ഒന്നാം ക്ലാസു മുതല്‍ തന്നെ ഔപചാരിക പഠനബോധന സമ്പ്രദായങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കണം. ലോകബേങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ച വികലമായ ഡി പി ഇ പി- എസ് എസ് എ പാഠ്യപദ്ധതിയും പഠന സമ്പ്രദായങ്ങളും ഉപേക്ഷിച്ച് ഉന്നതനിലവാരം പുലര്‍ത്തുന്ന പുതിയ പാഠ്യസമ്പ്രദായങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ ആരംഭിക്കണം. അസമത്വത്തിന്റെ പ്രതീകങ്ങളായ, രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന കച്ചവട വിദ്യാലയങ്ങളല്ല നമുക്ക് വേണ്ടത്. മറിച്ച്, ഏവര്‍ക്കും ഒരേപോലെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പൊതുവിദ്യാലയങ്ങള്‍ പ്രശോഭിക്കുന്ന കേരളമാണ് നാം സ്വപ്‌നം കാണുന്നത്.
അതിനുള്ള പരിവര്‍ത്തനങ്ങള്‍ പ്രാഥമിക വിദ്യാലയങ്ങളിലെ മാറ്റങ്ങള്‍ മുതല്‍ നാം ആരംഭിക്കണം. പൊതുവിദ്യാഭ്യാസത്തിന്റെയും വിദ്യാലയങ്ങളുടെയും പൂര്‍ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. ത്രിതല പഞ്ചായത്തുകളുടെയോ പി ടി എകളുടെയോ മാത്രം ഉത്തരവാദിത്വമായി സ്‌കൂള്‍ നടത്തിപ്പുവിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. നടക്കാവ് മോഡല്‍ കേരളത്തില്‍ എല്ലായിടവും സാധ്യമല്ല. നാട്ടുകാര്‍ പണം പിരിച്ച് സ്‌കൂള്‍ നടത്തണമെന്ന സങ്കല്‍പ്പം തന്നെ ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും സ്‌കൂള്‍ സംരക്ഷണത്തിന് ആവോളം ലഭിക്കും, ലഭിക്കുന്നുണ്ട്. എന്നാല്‍, നികുതി നല്‍കുന്ന ജനങ്ങള്‍ സ്‌കൂള്‍ കൂടി നടത്തണമെന്ന ആശയം പ്രതിലോമപരമാണെന്നു കൂടി പറയട്ടെ.
എന്തായാലും, എല്ലാ പൊതുവിദ്യാലയങ്ങളും മാതൃകാ വിദ്യാലയങ്ങളായി വാഴുന്ന പുതിയ കാലത്തിലേക്കുള്ള മുന്നേറ്റമാണ് ഇന്ന് സമൂഹത്തിനാവശ്യം; അതാഗ്രഹിക്കുന്ന ഒരു വലിയ ജനസഞ്ചയം നമ്മുടെ നാട്ടിലുണ്ട് എന്ന വിചാരത്തില്‍ വേണം പുതിയ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്തു ഇടപെടാന്‍.

Latest