2018 മുതല്‍ ജിപിഎസ് ഇല്ലാത്ത മൊബൈല്‍ വില്‍പ്പന പാടില്ല; പാനിക് ബട്ടണും നിര്‍ബന്ധം

Posted on: June 10, 2016 10:00 pm | Last updated: June 11, 2016 at 11:45 am

budget-mobile-phone_050df99c-d635-11e5-9f67-7d8bb840e754
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ സുരക്ഷാ സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ടെലികോം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 2017 ജനുവരി മുതല്‍ പുറത്തിറക്കുന്ന മുഴുവന്‍ ഫീച്ചര്‍, സ്മാര്‍ട്ട് ഫോണുകളിലും അടിയന്തര നമ്പറായ 112ലേക്ക് സ്പീഡ് ഡയല്‍ ചെയ്യാന്‍ സാധിക്കുന്ന പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കി. 2018 ജനുവരി മുതല്‍ പുറത്തിറക്കുന്ന മുഴുവന്‍ ഫോണുകള്‍ക്കും ഗതിനിര്‍ണയ സംവിധാനമായ ജിപിഎസും നിര്‍ബന്ധമാണ്. ജിപിഎസ് ഇല്ലാത്ത ഫോണുകള്‍ 2018 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന അനുവദിക്കില്ല.

നിലവിലുള്ള ഫോണുകളിലും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനിലൂടെ പാനിക് ബട്ടണ്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഫോണിലെ 5 അല്ലെങ്കില്‍ 9 ന്യൂമറിക് കീകളില്‍ ഏതെങ്കിലും ഒന്ന് അമര്‍ത്തിയാല്‍ എമര്‍ജന്‍സി നമ്പറായ 112ലേക്ക് കോള്‍ പോകും വിധം സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തണമെന്നാണ് നിര്‍ദേശം. അടുത്ത ജനുവരി ഒന്ന് മുതലാണ് ഏകീകൃത അടിയന്തര നമ്പറായ 112 നിലവില്‍ വരുന്നത്. നിലവിലെ അടിയന്തര നമ്പറുകളായ 100,101,102,108,1512,1090 എന്നിവയെ സംയോജിപ്പിച്ചാണ് പുതിയ നമ്പര്‍ ഏര്‍പ്പെടുത്തുന്നത്.

അതേസമയം നിലവിലുള്ള ഫോണുകളില്‍ പാനിക് ബട്ടണ്‍ ഏര്‍പ്പെടുത്തണമെന്ന ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ തള്ളി. പെട്ടെന്ന് ഇത്തരമൊരു സംവിധാനം നടപ്പാക്കുകയെന്നത് പ്രയാസമാണെന്ന് മൊബൈല്‍ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ സോഫ്റ്റ്‌വേര്‍ അപ്‌ഡേഷന്‍ വരുത്തന്നതിന് അഞ്ച് കോടി രൂപ വരെ ചെലവ് വരും. മാത്രവുമല്ല സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നതിനും പരീക്ഷണത്തിനും കൂടുതല്‍ സമയവും ആവശ്യമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ കേന്ദ്ര ടെലികോം സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.