ഹൗസിംഗ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം കുറഞ്ഞുതന്നെ

Posted on: June 10, 2016 5:52 pm | Last updated: June 10, 2016 at 5:52 pm

ദോഹ: രാജ്യത്ത് ഹൗസിംഗ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം കുറഞ്ഞു. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ കെട്ടിട നിര്‍മാണ അനുമതികളില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണത്തില്‍ മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തി. താമസകെട്ടിടങ്ങളില്‍ ഹൗസിംഗ് അപ്പാര്‍ട്ട്‌മെന്റുകളേക്കാള്‍ കൂടുതല്‍ വില്ലകളും താമസിയതര കെട്ടിടങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകളും ഫാക്ടറികളുമാണ് കൂടുതല്‍ നിര്‍മിക്കുന്നത്. ദോഹയെ ഏറെ പിന്നിലാക്കിയാണ് റയ്യാന്‍ പ്രദേശത്ത് കൂടുതല്‍ കെട്ടിടങ്ങള്‍ ഉയരുന്നത്. ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (എം ഡി പി എസ്) മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്.
കഴിഞ്ഞ മാസം പുതിയ താമസകെട്ടിട നിര്‍മാണ അനുമതിയില്‍ 63 ശതമാനവും (188 എണ്ണം) വില്ലകള്‍ക്കാണ്. ഏപ്രിലിനെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധിച്ചു. രണ്ടാമത് വായ്പയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന വീടുകളാണ്; 26 ശതമാനം (78 എണ്ണം). ഏപ്രലിനേക്കാള്‍ ഏഴ് ശതമാനം വര്‍ധന ആണ് ഭവന നിര്‍മാണ അനുമതികളില്‍. അപ്പാര്‍ട്ട്‌മെന്റുകള്‍ കേവലം ഒമ്പത് ശതമാനം മാത്രമാണ് (28 എണ്ണം). ഏപ്രിലില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണ അനുമതി 12 ശതമാനം ആയിരുന്നു. കൂടുതല്‍ കെട്ടിടങ്ങള്‍ ഉയരുന്നത് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിയിലാണ്. കഴിഞ്ഞ മാസം അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി (ശീഹാനിയ്യ അടക്കം) 199 കെട്ടിട നിര്‍മാണ അനുമതികളാണ് നല്‍കിയത്. മൊത്തം അനുമതികളുടെ 30 ശതമാനം വരുമിത്. ഏപ്രില്‍ മാസത്തേക്കാള്‍ 27 അനുമതികള്‍ അധികവും റയ്യാന്‍ നല്‍കിയിട്ടുണ്ട്. ദോഹ മുനിസിപ്പാലിറ്റി 187 (28 ശതമാനം) കെട്ടിട നിര്‍മാണ അനുമതികള്‍ നല്‍കി. ഏപ്രിലിനേക്കാള്‍ 45 അനുമതികള്‍ അധികം ദോഹ നല്‍കിയിട്ടുണ്ട്. അല്‍ വക്‌റ മുനിസിപ്പാലിറ്റി 94ഉം അല്‍ ദായിന്‍ 89ഉം അല്‍ഖോര്‍ 43ഉം ഉം സലാല്‍ 38ഉം അല്‍ ശമാല്‍ ഒമ്പതും അനുമതികളാണ് നല്‍കിയത്. ഇവയില്‍ അല്‍ ദായിന്‍ അല്ലാത്ത എല്ലാ മുനിസിപ്പാലിറ്റികളിലും ഏപ്രിലിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം കെട്ടിട നിര്‍മാണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം അല്‍ ദായിന്‍ മുനസിപ്പാലിറ്റിയില്‍ ഏപ്രിലിനേക്കാള്‍ 40 കെട്ടിട നിര്‍മാണ അനുമതികള്‍ അധികം നല്‍കിയിട്ടുണ്ട്.
താമസിയതര കെട്ടിടങ്ങളില്‍ വര്‍ക്‌ഷോപ്പുകളും ഫാക്ടറികളും ആണ് അധികവും; 36 ശതമാനം (20 എണ്ണം). വാണിജ്യ കെട്ടിടങ്ങള്‍ 23ഉം മസ്ജിദുകള്‍ 21ഉം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ 18ഉം ശതമാനമാണ്. ഏപ്രിലിനേക്കാള്‍ വര്‍ക്‌ഷോപ്പുകള്‍- ഫാക്ടറികള്‍ എന്നിവയുടെ അനുമതിയില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ 15 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ വാണിജ്യ കെട്ടിടങ്ങളുടെതില്‍ 11 ശതമാനം കുറവ് രേഖപ്പെടുത്തി. മസ്ജിദുകളില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടായി.