ഖത്വറിലെ ജൈവമണ്ഡല സംരക്ഷണത്തിന് മാസ്റ്റര്‍പ്ലാന്‍

Posted on: June 10, 2016 5:50 pm | Last updated: June 10, 2016 at 5:50 pm

qatarദോഹ: രാജ്യത്തെ ജൈവിക മണ്ഡല പ്രദേശങ്ങളുടെ സംരക്ഷണ പദ്ധതിക്ക് രൂപരേഖ തയാറാക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാച്വര്‍ റിസര്‍വ്‌സും ഖത്വര്‍ ഷെല്ലും സഹകരണ കരാറില്‍ ഒപ്പിച്ചു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. പദ്ധതി വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനാണ് കരാര്‍. രാജ്യത്തെ ആകെ ഭൂമിയുടെ പത്തു ശതമാനത്തോളം വരുന്ന ജൈവ പ്രാധാന്യമുള്ള പ്രേദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അല്‍ റീം ജൈവ മണ്ഡല സംരക്ഷണ പദ്ധതിയാണിത്.
യുനസ്‌കോയുടെ മാന്‍ ആന്‍ഡ് ബയോസ്പ്ഹിയര്‍ പ്രോഗ്രാമിന്റെ ഭാഗമായി 2007ലാണ് ഖത്വറിലെ ജൈവമണ്ഡല സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി പ്രകൃതി വിഭവങ്ങളുടെ സുരക്ഷിതമായ ഉപയോഗവും സംരക്ഷണവും ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. ജനങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണവും പരിപാലനവും ഒരുപോലെ പരിഗണിക്കുന്ന പദ്ധതികൂടിയാണിത്. പാറക്കെട്ടുകള്‍, വാദികള്‍, റൗദാത്ത്, സബ്ക, ബീച്ചുകള്‍, മലമ്പ്രദേശങ്ങള്‍ തുടങ്ങി എല്ലാ തരം ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും ഇതിന്റെ പരിധിയില്‍ വരുന്നു. അറബ് മരുഭൂമിയിലെ ജൈവവൈവിധ്യം അതുപോലെ സംരക്ഷിക്കുക എന്ന യുനസ്‌കോ പദ്ധതിയുടെ കൂടി ഭാഗമായാണ് ഖത്വര്‍ അല്‍ റീം പദ്ധതി പ്രഖ്യാപിച്ചത്. വന്യജീവികള്‍, പക്ഷികള്‍, വംശനാശം നേരിടുന്ന മൃഗങ്ങള്‍ എന്നിവയുടെ സംരക്ഷണവും ഇതില്‍ വരുന്നു. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച പ്രദേശങ്ങളും ഇതില്‍ വരുന്നു.
അപൂര്‍വം പക്ഷികള്‍, മൃഗങ്ങള്‍, ജൈവവൈവിധ്യ പ്രദേശങ്ങള്‍ എന്നിവ രാജ്യത്തു കണ്ടെത്തിയിട്ടുണ്ട്. അവയുടെ സംരക്ഷണം ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. അറേബ്യന്‍ ഓറിക്‌സ്, ചെറുമാന്‍, അറേബ്യന്‍ കുറനരി, മരുഭൂമിയിലെ പല്ലികള്‍, ഏതോപ്യന്‍ മുള്ളന്‍ പന്നി തുടങ്ങി ഒട്ടേറെ മൃഗങ്ങളും പക്ഷി വൈവിധ്യങ്ങളും രാജ്യത്തുണ്ട്. അല്‍ റീം ജൈവിക മണ്ഡല സംരക്ഷിത പ്രദേശങ്ങളില്‍ ഒട്ടേറെ പുരാവസ്തു സംരക്ഷണ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സുബാറ ടൗണ്‍ ഇതില്‍ പെടുന്നു. സംരക്ഷിക്കപ്പെടേണ്ട പ്രകൃതി സമ്പത്തും ജൈവിക സമ്പത്തും നേരിടുന്ന ഭീഷണികളെ മറികടക്കുന്നതിനും സുരക്ഷിതമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
നാച്വര്‍ റിസര്‍വ്‌സ് ഡയറക്ടറേറ്റും ഖത്വര്‍ ഷെല്ലും ഒപ്പുവെച്ച കരാര്‍ പ്രകാരം സമഗ്രമായ സംരക്ഷണ പദ്ധതിക്കായുള്ള രൂപരേഖയാണ് തയാറാക്കി നടപ്പിലാക്കുക. യുനസ്‌കോയുടെ മാര്‍ഗരേഖ അനുസരിച്ചായിരിക്കും പദ്ധതി. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവും പദ്ധതിയില്‍ ഉപയോഗിക്കും. രാജ്യത്തിന്റെ പ്രകൃതി ജൈവിക സമ്പത്ത് സംരക്ഷിക്കുന്ന പദ്ധതിയില്‍ സഹകരിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് ജി ഡി എന്‍ ആര്‍ പ്രവറ്റ് എന്‍ജിനീയറിംഗ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ നവാഫ് ജാബിര്‍ അല്‍ നഈമി പറഞ്ഞു. അല്‍ റീം ജൈവിക മേഖലയെ സംരക്ഷിക്കുന്നതിന് ഏറെ സഹായകമാകുന്ന പദ്ധതി രാജ്യത്തിനും പ്രകൃതിക്കും കടുതല്‍ സുസ്ഥിരത നല്‍കുമെന്നും ജൈവ സമ്പത്തും പുരാവസ്തു പ്രദേശങ്ങളുടെ സംരക്ഷണവും ഇതുവഴി നടക്കുമെന്നും അറബ് രാജ്യങ്ങളിലെ യുനസ്‌കോ പ്രതിനിധി ഡയറക്ടര്‍ അന്ന പയോലിനി പറഞ്ഞു.
ഭാവിയെ രൂപപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ക്കു വേണ്ടി എല്ലായ്‌പ്പോഴും പരിശ്രമിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഖത്വര്‍ ഷെല്‍ അതീവ താത്പര്യത്തോടെയാണ് ഈ പദ്ധതിയില്‍ സഹകിരിക്കുന്നതെന്ന് ഖത്വര്‍ ഷെല്‍ സിഎസ്ആര്‍ മാനേജര്‍ മുഹമ്മദ് അബു ജബ്‌റ പറഞ്ഞു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘങ്ങളും സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.