Connect with us

Gulf

ദേശീയ പതാകയെ അവഹേളിക്കുന്ന വീഡിയോ: യു എസ് അംബാസിഡറോട് വിശദീകരണം തേടി

Published

|

Last Updated

ദോഹ: ഖത്വര്‍ ദേശീയ പതാകയെ അവഹേളിച്ച് രണ്ടു യു എസ് സൈനികരുടെതായി പ്രചരിക്കപ്പെട്ട വീഡിയോ സംബന്ധിച്ച് ഖത്വറിലെ യു എസ് അംബാസിഡറോട് ഖത്വര്‍ വിശദീകരണം തേടി. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററില്‍ പുറത്തുവിട്ടത്.
ഖത്വര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മറൈഖിയാണ് ഇന്നലെ യു എസ് അംബാസിഡര്‍ ഡന ഷെല്‍ സ്മിത്തിനെ മന്ത്രാലയം ആസ്ഥാനത്തു വിളിച്ചു വരുത്തി വിശദീകരണം ആരാഞ്ഞത്. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സംഭവത്തെക്കുറിച്ച് അന്വേണം ആവശ്യപ്പെട്ടതായും മന്ത്രാലയം ട്വീറ്റ് ചെയ്തു.
വീഡിയോ പ്രചരിച്ച സംഭവത്തില്‍ അംബാസിഡര്‍ അമേരിക്കയുടെ ഖേദം അറിയച്ചാതായി എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടാണ് യു എസ് സ്ഥാനപതിയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ യു എസ് മിലിറ്ററിയോട് അംബാസിഡര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെറിയ രാജ്യമെങ്കിലും അമേരിക്കയുടെ മേഖലയിലെ വലിയ മിലിറ്ററി ബേസ് പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഖത്വര്‍.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്നും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും യു എസ് അംബാസിഡര്‍ ഡന ഷെല്‍ സ്മിത്ത് ട്വീറ്റ് ചെയ്തു. എന്നാല്‍ സംഭവം സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ യു എസ് എംബസി തയാറായിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഖത്വര്‍ വിദേശകാര്യ മന്ത്രാലയവും സന്നദ്ധമായിട്ടില്ല. ദേശീയ പതാകയെ അവഹേളിക്കുന്നത് രാജ്യത്ത് ക്രിമനല്‍ കുറ്റകൃത്യമാണ്. രണ്ടു ലക്ഷം റിയാല്‍ വരെ പഴിയും തടവുമാണ് ശിക്ഷ.
യു എസ് സൈനികര്‍ പ്രത്യക്ഷപ്പെടുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഖത്വര്‍ പതാകക്കു മുന്നില്‍ നിന്ന് അവഹേളിക്കന്നതാണ് രംഗം. വീഡിയോ പകര്‍ത്തിയ സ്ഥലവും സമയവും വ്യക്തമല്ല. യു എസ് മിലിറ്ററി ബേസില്‍ വെച്ചാണ് പകര്‍ത്തിയതെന്ന് സംശയിക്കുന്നു.
യു എസ് ചിഹ്നം പിറകിലെ ചുവരില്‍ കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വീഡിയോയില്‍ സൈനികര്‍ സംസാരിക്കുന്നുമുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും എ ബി സി ന്യൂസ് പുറത്തുവിട്ടു.

Latest