ഡീസല്‍ വാഹന നിയന്ത്രണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

>>കേസില്‍ ഇടപെടാന്‍ അധികാരമുണ്ടെന്ന് കോടതി >>ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
Posted on: June 10, 2016 2:33 pm | Last updated: June 10, 2016 at 11:55 pm

High-Court-of-Keralaകൊച്ചി: സംസ്ഥാനത്ത് രണ്ടായിരം സി സിയില്‍ അധികമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലിനീകരണം സംബന്ധിച്ച കണക്കുകള്‍ ഇല്ലാത്ത സാഹചര്യം കണക്കിലെടുത്താണ് ട്രൈബ്യൂണല്‍ വിധി ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ സ്റ്റേ ചെയ്തത്. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞുമുള്ള ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍, കൊമേഷ്യല്‍ ഓട്ടോ മോട്ടോര്‍ വെഹിക്കിള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹൈക്കോടതി അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ‘ചീഫി’ന്റെ ഹരജിയിലാണ് നേരത്തെ ഡീസല്‍ വാഹനങ്ങള്‍ക്ക് ട്രൈബ്യൂണല്‍ നിരോധം ഏര്‍പ്പെടുത്തിയത്. രണ്ടായിരം സി സിയില്‍ അധികം ശേഷിയുള്ളതും പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ നിരോധിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഡല്‍ഹിയില്‍ സമാനമായ നിരോധനം ഏര്‍പ്പെടുത്തിയത് കണക്കിലെടുത്താണ് നിരോധം.
കേരളത്തിലെ സ്ഥിതിഗതികള്‍ ഡല്‍ഹിയിലേതിന് സമാനമല്ലെന്നും മലിനീകരണത്തിന്റെ തോത് കേരളത്തില്‍ താരതമ്യേന വളരെ കുറവാണെന്നും കെ എസ് ആര്‍ ടി സി ബോധിപ്പിച്ചു. ഡല്‍ഹിയില്‍ പകരം വാഹനങ്ങള്‍ സജ്ജമാക്കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം നല്‍കിയിരുന്നതായും കെ എസ് ആര്‍ ടി സി വിശദീകരിച്ചു. മോട്ടോര്‍ വാഹനച്ചട്ടങ്ങളില്‍ വാഹനങ്ങളുടെ പഴക്കം സംബന്ധിച്ച നിശ്ചിത വ്യവസ്ഥകള്‍ ഉള്ളപ്പോള്‍ ട്രൈബ്യൂണലിന് മറിച്ച് ഉത്തരവിടാന്‍ അവകാശമില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ടൈബ്യൂണല്‍ വിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്ന ‘ചീഫി’ന്റെ വാദം കോടതി തള്ളി. ഹരജികള്‍ നിയമപരമാണെന്നും പിന്നീട് അന്തിമവാദം കേള്‍ക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.