സി എല്‍ ആര്‍ ജീവനക്കാര്‍ക്ക് ഉടന്‍ പ്യൂണ്‍- വാച്ച്മാന്‍ നിയമനം നല്‍കണമെന്ന് ആവശ്യം

Posted on: June 10, 2016 9:46 am | Last updated: June 10, 2016 at 9:46 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല സി എല്‍ ആര്‍ ജീവനക്കാര്‍ക്ക് പ്യൂണ്‍- വാച്ച്മാന്‍ തസ്തികയില്‍ 30 ശതമാനം സംവരണത്തോടെ ഉടന്‍ നിയമനം നല്‍കണമെന്ന് സി എല്‍ ആര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജനറല്‍ വിഭാഗത്തില്‍ നിയമനം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും സി എല്‍ ആറുകാര്‍ക്ക് നിയമനം നല്‍കാന്‍ സര്‍വ്വകലാശാല തയ്യാറായിട്ടില്ലെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. സ്വീപ്പര്‍ തസ്തികയിലേക്ക് സി എല്‍ ആര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് നിയമനം നടത്തണം. വര്‍ധിപ്പിച്ച വേതനം അരിയര്‍ സഹിതം ഉടന്‍ അനുവദിക്കുക, വേതനം എല്ലാ മാസവും ഏഴാം തിയ്യതിക്കു മുമ്പായി നല്‍കുക, 2005 ല്‍ അംഗീകരിച്ച സി എല്‍ ആര്‍ ലിസ്റ്റില്‍പ്പെടാത്തവരെ സി എല്‍ ആറായി പരിഗണിക്കുന്നത് അവസാനിപ്പിക്കുക, ജോലിഭാരം കുറക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഉന്നയിച്ചു. യോഗത്തില്‍ സെക്രട്ടറി എന്‍ പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി ബാലകൃഷ്ണന്‍, ട്രഷറര്‍ പി സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.