ടാപ്പിംഗ് ആരംഭിച്ചില്ല; തൊഴിലാളികള്‍ക്ക് വറുതിയുടെ കാലം

Posted on: June 10, 2016 9:45 am | Last updated: June 10, 2016 at 9:45 am

കാളികാവ്: മഴ കനത്തതോടെ തോട്ടം മേഖലയില്‍ വറുതിയുടെ നാളുകള്‍ ആരംഭിച്ചു. ജനുവരിയോടെ നിര്‍ത്തിവച്ചിരുന്ന ടാപ്പിംഗ് റബ്ബറിന്റെ വിലയിടിവു തുടരുന്നതിനാല്‍ പുനരാരംഭിച്ചിരുന്നില്ല. വരുമാനം ഇല്ലാതായതോടെ കാടുവെട്ടല്‍, വളമിടല്‍ എന്നിങ്ങനെ മറ്റു പൊതുവായ ജോലികള്‍ തോട്ടമുടമകളും മറ്റു ചെറുകിട കര്‍ഷകരും ചെയ്യിക്കാതായി.
ഇതോടെ തോട്ടം തൊഴിലാളികളും മറ്റു കൂലി പണിക്കാരുമെല്ലാം കുടുംബം പോറ്റാന്‍ പറ്റാത്ത അവസ്ഥയിലാണ്. എസ്‌റ്റേറ്റ് മേഖലകളില്‍ ജോലി ഇല്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ തൊഴിലാളികള്‍ക്ക് ചിലവു കാശ് എന്ന പേരില്‍ ഇടപറ്റ് നല്‍കാറുണ്ട്. പിന്നീട് ഘടുക്കളായി പിടിക്കുമെങ്കിലും വേനലിലും കനത്ത മഴക്കാലത്തുമുള്‍പ്പെടെ തൊഴിലില്ലാത്ത അവസരങ്ങളില്‍ തോട്ടം തൊഴിലാളികള്‍ക്ക് ഇതൊരനുഗ്രഹമാണ്. എന്നാല്‍ സാധാരണ കൂലി പണിയെടുക്കുന്നവര്‍ക്ക് ഈ കാലഘട്ടം കടുത്ത ദാരിദ്ര്യത്തിന്റേതാണ്. സ്‌കൂള്‍ തുറന്ന സമയമായതിനാല്‍ കുട്ടികളുടെ പുസ്തകങ്ങള്‍, യൂണിഫോമടക്കമുള്ള വസ്ത്രങ്ങള്‍ എന്നിവയടക്കം ഭാരിച്ച സാമ്പത്തിക ബാധ്യത നേരിടുന്നതും തൊഴിലാളി കുടുംബങ്ങളെ കഷ്ടത്തിലാക്കുന്നുണ്ട്. ഇതിനിടെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വേതന വര്‍ധനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ക്ഷേമപദ്ധതിയുടെ കരടുരേഖ തോട്ടമുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങളായിട്ടും പ്രാബല്യത്തില്‍ വരാത്തതും തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥത ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളോട് ആഭിമുഖ്യമുള്ള പുതിയ ഇടതു സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണവര്‍. റബ്ബറിന് 200 രൂപയാക്കി തറവില ഉയര്‍ത്തുകയും സബ്‌സിഡി പുനരാരംഭിക്കുകയും ചെയ്താല്‍ തോട്ടമുടമകള്‍ റബ്ബറിന് ഷേഡിട്ട് ടാപ്പിംഗ് പുനരാരംഭിച്ചേക്കും. ഇതോടെ തൊഴിലാളികളുടേതുള്‍പ്പെടെ മേഖലയിലെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അറുതിയാകുമെന്നാണ് പൊതുവെ വിലയിരുത്തല്‍.