എയ്ഡ്‌സ് മരുന്നുകളില്‍ 80 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യന്‍ കമ്പനികള്‍

Posted on: June 10, 2016 5:57 am | Last updated: June 10, 2016 at 12:57 am
SHARE

ജനീവ: എയ്ഡ്‌സിനെതിരെയുള്ള മരുന്നുകളില്‍ 80 ശതമാനത്തിലധികവും വിതരണം ചെയ്യുന്നത് ഇന്ത്യന്‍ കമ്പനികള്‍. ജനറിക് മരുന്നുകള്‍ വിലകുറച്ചു ലഭ്യമാകാന്‍ തുടങ്ങിയതോടെ വികസിത രാജ്യങ്ങളില്‍ എച്ച് ഐ വി പ്രതിരോധ ചികിത്സക്ക് സ്വീകാര്യത വന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു. 15 വര്‍ഷം മുമ്പ് എയ്ഡ്‌സിനെതിരെയുള്ള ചികത്സ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തതോടെ ഇന്ന് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു. യു എന്‍ ജനറല്‍ അസംബ്ലിയില്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഇന്ന് ഉപയോഗിക്കുന്ന എയ്ഡ്‌സ് മരുന്നുകളില്‍ 80 ശതമാനത്തിലധികവും ഇന്ത്യന്‍ കമ്പനികളാണ് ഉത്പാദിപ്പിക്കുന്നത്. എയ്ഡ്‌സിനെതിരെയുള്ള മരുന്നുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധ രാജ്യങ്ങള്‍ക്ക് പതിയണമെന്ന് യു എന്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചു.
എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ ഉണ്ടാക്കുന്നതില്‍ ലോക സമൂഹം ഇപ്പോഴും ഉണര്‍ന്നിട്ടില്ലെന്നും വികസിത രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും നദ്ദ ആവശ്യപ്പെട്ടു. 2007 മുതലുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ എയ്ഡ്‌സ് ബാധിച്ചുള്ള മരണം 55 ശതമാനം കുറഞ്ഞുവെന്നും 2000ത്തില്‍ മരണ സംഖ്യ 66 ശതമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ 10 ലക്ഷം പേരാണ് എയ്ഡ്‌സ് ബാധിതരായി ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here