പതിനഞ്ചാമത് യൂറോക്ക് കിക്കോഫ്

ഉദ്ഘാടന മത്സരം ഫ്രാന്‍സും റുമാനിയയും തമ്മില്‍. മത്സരം ഇന്ത്യന്‍ സമയം രാത്രി 12.30ന്. സോണി ഇ എസ് പി എന്‍ ചാനലില്‍ തത്സമയം, 24 ടീമുകള്‍ ആറ് ഗ്രുപ്പുകളായി ഏറ്റുമുട്ടും
Posted on: June 10, 2016 12:51 am | Last updated: June 10, 2016 at 11:58 am
SHARE

euroപാരീസ്: കോപയിലെ ലഹരി യൂറോയിലേക്കും. യൂറോപ്യന്‍ വന്‍കരകളുടെ ഫുട്‌ബോള്‍ പോരാട്ടമായ യൂറോ കപ്പിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റുമാനിയയെ നേരിടും. വടക്കന്‍ പാരീസിലെ സെയ്ന്റ് ഡെനിസ് സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. എണ്‍പതിനായിരത്തിലധികം ആളുകള്‍ക്ക് ഇരുന്ന് കളികാണാന്‍ കഴിയുന്ന ഈ സ്റ്റേഡിയം യൂറോപ്പിലെ അഞ്ചാമത്തെ വലിയ സ്റ്റേഡിയമാണ്.
ഇന്ത്യയില്‍ സോണി ഇ എസ് പി എന്‍, സോണി സിക്‌സ് ചാനലുകളില്‍ മത്സരങ്ങള്‍ തത്സമയം കാണാം. പ്രാഥമിക റൗണ്ടില്‍ 24 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായി മത്സരിക്കും. ഈ റൗണ്ടില്‍ 36 മത്സരങ്ങളാണുള്ളത്. ജൂണ്‍ 25 മുതല്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അരങ്ങേറും. ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ ക്വാര്‍ട്ടര്‍ പോരാട്ടം. ജൂലൈ ഏഴ്, എട്ട് തീയതികളില്‍ സെമി ഫൈനലുകള്‍ നടക്കും. ജൂലൈ 31നാണ് പുതിയ യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പട്ടാഭിഷേകം.
ലോകത്തെ മുന്‍നിര ടീമുകള്‍ മാത്രം മത്സരിക്കുന്ന വേദിയാണ് യൂറോ കപ്പ്. 1960 മുതലാണ് ചാമ്പ്യന്‍ഷിപ്പിന് ആരംഭം കുറിച്ചത്. 1960, 64 വര്‍ഷങ്ങളില്‍ യുവേഫ യൂറോപ്യന്‍ നാഷന്‍സ് കപ്പ് എന്ന പേരിലറിയപ്പെട്ട ടൂര്‍ണമെന്റ് 1968 മുതലാണ് ‘യൂറോ കപ്പ്’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. നിലവില്‍ സ്‌പെയിന്‍ ആണ് ചാമ്പ്യന്മാര്‍. ഇറ്റലിയെ കീഴടക്കിയാണ് സ്‌പെയിന്‍ ചാമ്പ്യന്മാരായത്. സ്‌പെയിനും ജര്‍മനിയുമാണ് ഏറ്റവും കൂടുതല്‍ തവണ യൂറോയില്‍ കപ്പുയര്‍ത്തിയത്. മൂന്ന് വീതം. ആതിഥേയരായ ഫ്രാന്‍സ് രണ്ട് തവണ ചാമ്പ്യന്മാരായി.
ബെല്‍ജിയം, ഇറ്റലി, അയര്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഇ യാണ് മരണ ഗ്രൂപ്പ്. ലോക റാങ്കിംഗില്‍ രണ്ടാമതുള്ള ബെല്‍ജിയം ഈഡന്‍ ഹസാര്‍ഡിന്റെ കീഴില്‍ പ്രതിഭാശാലികളായ യുവനിരയുമായാണ് യൂറോക്കെത്തുന്നത്. യോഗ്യതാ മത്സരങ്ങളില്‍ പത്തില്‍ ഏഴെണ്ണവും ജയിച്ചാണ് കഴിഞ്ഞ തവണ റണ്ണേഴ്‌സപ്പായ ഇറ്റലിയുടെ വരവ്. സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ സ്വീഡന്‍ ഏത് വമ്പന്മാരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇക്കാരണങ്ങള്‍ ഗ്രൂപ്പ് ഇ യെ മരണഗ്രൂപ്പാകുന്നു.
ഗ്രൂപ് എയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, റുമാനിയ, അല്‍ബേനിയ എന്നിവരാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. സന്നാഹ മത്സരങ്ങളില്‍ കാമറൂണിനെയും (3-2), സ്‌കോട്ട്‌ലാന്‍ഡിനെയും (3-0) കീഴടക്കിയാണ് ഫ്രാന്‍സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ യുവെന്റസിനായി എട്ട് ഗോളുകള്‍ നേടിയ പോള്‍ പോഗ്ബയാണ് ഫ്രാന്‍സിന്റെ തുറുപ്പുചീട്ട്. പോഗ്ബയെ കൂടാതെ അത്‌ലറ്റിക്കോ മാഡ്രിഡിനായി ഏഴ് ഗോളുകള്‍ നേടിയ അന്റോണിയോ ഗ്രീസ്മാന്‍, ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഒളിവര്‍ ജിറൂദ്, കിംഗ്‌സ്‌ലി കോമന്‍… ലോക ഫുട്‌ബോളിലെ പ്രമുഖതാരങ്ങളുടെ ഒരു നിര തന്നെയുണ്ട് ഫ്രാന്‍സിനൊപ്പം.
ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെയാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകുന്നത്. അതിനാല്‍ വന്‍ സുരക്ഷയിലാണ് മത്സരങ്ങള്‍ അരങ്ങേറുക. കഴിഞ്ഞ നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെതിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ യൂറോകപ്പ് കഴിയുന്നതു വരെ നീട്ടിയിരിക്കുകയാണ്. യൂറോ കപ്പിനും ഭീകരവാദികളുടെ ഭീഷണിയുണ്ട്. പോലീസും സൈന്യവും അടക്കം ഒരു ലക്ഷ്യത്തോളം പേരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here