കെ എസ് ആര്‍ ടി സി ഡ്രൈവറെ വഴിയില്‍ തടഞ്ഞ് ഗുണ്ടാസംഘം ആക്രമിച്ചു

Posted on: June 10, 2016 1:46 am | Last updated: June 10, 2016 at 12:48 am

തൊടുപുഴ: പാലാ ഡിപ്പോയിലെ കെ എസ് ആര്‍ടി സി ഡ്രൈവര്‍ക്ക് രാത്രിയില്‍ ഗുണ്ടാസംഘത്തിന്റെ ക്രൂര മര്‍ദനം. മര്‍ദനവിവരം തൊടുപുഴ പോലീസിനെ അറിയിച്ചിട്ട് പോലീസെത്തിയില്ല.ഇടവെട്ടി തൊട്ടിപ്പറമ്പില്‍ ലത്തീഫി(38)നെയാണ് ഇന്നലെ രാത്രി കോലാനി നടുക്കണ്ടത്ത് അപരിചിതരായ ഗുണ്ടാസംഘം ഓടിച്ചിട്ട് അക്രമിച്ചത്.
പുലര്‍ച്ചെ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസിനായി രാത്രി ഒമ്പതിന് ബൈക്കില്‍ പാലാക്ക് പോകുകയായിരുന്നു ലത്തീഫ്. കോലാനിക്ക് സമീപമെത്തിയപ്പോള്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസിന് സൈഡ് കൊടുക്കാന്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി. ഇതിനിടെ പിന്നാലെ ബൈക്കിലെത്തിയ സംഘം ബൈക്ക് മാറ്റാന്‍ ആക്രോശിച്ച് ലത്തീഫിനെ ചീത്ത വിളിക്കുകയും കരണത്തടിക്കുകയും ചെയ്തു. അക്രമണത്തെ ചോദ്യം ചെയ്ത ലത്തീഫിനെ വീണ്ടും ആക്രമിച്ചു.
ബൈക്കെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ രണ്ടംഗ സംഘത്തിന്റെ കൂടെ പിന്നാലെ കാറില്‍ കൂടുതല്‍ ആളുകളെത്തി സംഘം ചേര്‍ന്ന് ലത്തീഫിനെ വീണ്ടും മര്‍ദിച്ചു. പ്രാണരക്ഷാര്‍ഥം ലത്തീഫ് ബൈക്കില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ വീടുകളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സമീപവാസികള്‍ ലത്തീഫിനെ വീട്ടിനുള്ളില്‍ കയറ്റാതെ വാതിലടച്ചു.
ഒടുവില്‍ ഒരു വീട്ടിലേക്ക് ലത്തീഫ് ഓടിക്കയറി ഒരു മണിക്കൂറോളം അകത്ത് കയറിയിരുന്നു. ഈ സമയത്ത് തൊടുപുഴ സ്റ്റേഷനിലും കണ്‍ട്രോള്‍ റൂമിലേക്കും വിവരം അറിയിച്ചു. ഇതിനിടെ വീടിനു പുറത്തെത്തിയ ഗുണ്ടാസംഘം വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ലത്തീഫിനെ ഇറക്കിവിട്ടു.
ലത്തീഫ് വീണ്ടും ബൈക്കെടുത്ത് കരിങ്കുന്നം സ്റ്റേഷനിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും വീണ്ടും കാറില്‍ എത്തിയ ഗുണ്ടാസംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ബൈക്ക് വെട്ടിച്ചുമാറ്റി തൊടുപുഴ സ്റ്റേഷനിലെത്തിയാണ് ലത്തീഫ് രക്ഷപ്പെട്ടത്.
ഇതിനിടെ ലത്തീഫ് വിവരമറിയിച്ചതിനനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി ലത്തീഫിനെ തൊടുപുഴ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിയാണെങ്കിലും തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.