Connect with us

Kerala

അരി വില കുറയുന്നത് തടയാന്‍ ആന്ധ്രാലോബി കേരളത്തില്‍

Published

|

Last Updated

കണ്ണൂര്‍: അരി വില കുറയുന്നത് തടയാന്‍ ആന്ധ്രയില്‍ നിന്നുള്ള കച്ചവട ലോബി കേരളത്തില്‍ ക്യാമ്പ് ചെയ്യുന്നതായി വിവരം പുറത്തുവന്നു. ഒരാഴ്ചയായി ആന്ധ്രയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിയുടെ വില കിലോയ്ക്ക് അഞ്ച് രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. ആന്ധ്രയില്‍ നിന്നുള്ള ജയ, സുരേഖ അരി ഇനങ്ങളാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. കേരളത്തിന്റെ ഇഷ്ട ഇനങ്ങളാണ് ജയയും സുരേഖയും. ഇവയുടെ വില താഴേക്ക് പോകുന്നത് ഇല്ലാതാക്കാനും കൂടിയ വില നിലനിര്‍ത്താനും ആന്ധ്രയില്‍ നിന്നുള്ള കച്ചവടലോബികള്‍ കേരളത്തില്‍ ക്യാമ്പ് ചെയ്യുകയാണെന്ന് മൊത്തവ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അരിവില ഉയരുന്നത് തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ അരിക്കടകള്‍ സ്ഥാപിച്ച് നല്ലയിനം അരി ന്യായവിലക്ക് വിതരണം ചെയ്യുമെന്ന് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് ഫലപ്രദമായില്ല.
ആന്ധ്രയില്‍ നിന്നുള്ള അരി ഇ-ടെന്‍ഡര്‍ ചെയ്താണ് കേരളം വാങ്ങുന്നത്. കേരളത്തിലെ മില്ലുടമകള്‍ക്ക് നല്‍കുന്ന നെല്ലില്‍ നിന്ന് ഗുണനിലവാരമുള്ള അരി ലഭ്യമാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയെങ്കിലും ഇതും ഉദ്ദേശിച്ച ഫലം ചെയ്തില്ല. വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനമുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്നതാണ് വാസ്തവം. ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചതോടെ പൊതുവിതരണ സംവിധാനം വഴിയുള്ള അരി വിതരണം ഏറെക്കുറെ താറുമാറായിരിക്കുകയാണ്. ആന്ധ്രയില്‍ നിന്ന് അരി സുഗമമായി ലഭിക്കാന്‍ കേരളത്തിലെ മൊത്ത വ്യാപാരികളുടെ യോഗം വിളിക്കുമെന്നും ആവശ്യമെങ്കില്‍ ആന്ധ്രാ സര്‍ക്കാറുമായി ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഇന്നലെ തിരുവനന്തപുരത്ത് വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രയില്‍ നിന്നുള്ള അരിവരവ് വന്‍തോതില്‍ കുറഞ്ഞതിനാലാണ് ചിലയിനം അരികള്‍ക്ക് വില കൂടിയതെന്ന് മൊത്തക്കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് എത്തുവാന്‍ വൈകുന്നത് വീണ്ടും വില കൂടാനിടയാക്കും. ആന്ധ്രയില്‍ സുരേഖ, ജയ അരികള്‍ വേണ്ടത്ര സ്റ്റോക്കുണ്ട്. എന്നാല്‍, കേരളത്തിലേക്ക് ഇവ കൂടുതല്‍ കൊണ്ടുവരാതിരിക്കാന്‍ ആന്ധ്രയില്‍നിന്നുള്ള മില്ലുടമകള്‍ തന്നെ നീക്കം നടത്തുകയാണ്. കേരളത്തെ ലക്ഷ്യം വെച്ചാണ് ആന്ധ്രയിലെ സുരേഖ, ജയ അരി വിപണി നിലനില്‍ക്കുന്നത്. അവയുടെ വില താഴേക്ക് പോകാതിരിക്കാന്‍ കച്ചവടലോബി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നത്.
അതേസമയം, സംസ്ഥാന സര്‍ക്കാരും സ്വകാര്യ കച്ചവടക്കാരും ഒന്നിച്ചുനിന്ന് വിലപേശിയാല്‍, ആന്ധ്ര അരിയുടെ വില താഴേയ്ക്ക് വരുമെന്നാണ് പൊതുഅഭിപ്രായം. ആന്ധ്ര അരിയുടെ ഏറ്റവും വലിയ വിപണിയാണ് കേരളം. കേരളത്തിലെ കച്ചവടത്തിന് ഇടിവുണ്ടായാല്‍ മില്ലുടമകള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. രണ്ട് വര്‍ഷം മുമ്പ് ആന്ധ്ര അരിക്ക് വന്‍തോതില്‍ വില കൂടിയ അവസരത്തില്‍, കൊല്‍ക്കത്തയില്‍ നിന്ന് അരി കൊണ്ടുവന്ന് ആന്ധ്രാലോബിയെ നേരിട്ട കാര്യം കച്ചവടക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
മറ്റുവഴിക്ക് അരി വാങ്ങുമെന്നായപ്പോള്‍ ആന്ധ്രലോബി വഴിക്കുവരികയായിരുന്നു. നെല്ല് പിടിച്ചുവെച്ചും വില്‍പ്പന കുറച്ചും ആന്ധ്രയിലെ കുത്തകമില്ലുകള്‍ സൃഷ്ടിക്കുന്ന കൃത്രിമ ക്ഷാമം പരിഹരിക്കാനായില്ലെങ്കില്‍ വരുന്ന ഓണം വരെയെങ്കിലും കേരളത്തില്‍ അരിവില ഉയര്‍ന്നേക്കുമെന്ന ആശങ്കയുളവായിട്ടുണ്ട്. ക്ഷാമം സപ്ലൈകോയിലെ അരിവിതരണത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പന്ത്രണ്ട് റാക്ക് അരിയാണ് ഒരുമാസം ആന്ധ്രയില്‍ നിന്ന് എത്തിയിരുന്നത്. ഒരു റാക്കില്‍ 2500 ടണ്‍ വരെ. എന്നാല്‍, കഴിഞ്ഞ മാസം വന്നത് വെറും നാല് റാക്ക് മാത്രം. ഒരാഴ്ചയായി ഒരു ചാക്ക് അരി പോലും കയറ്റിവിടാന്‍ ആന്ധ്രയിലെ മില്ലുടമകള്‍ തയ്യാറായിട്ടില്ല. ചെറുകിട മില്ലുകളില്‍ ഭൂരിഭാഗവും പൂട്ടിയതോടെ വലിയ മില്ലുടമകളാണ് ആന്ധ്രയിലെ അരി വിപണി നിയന്ത്രിക്കുന്നത്. നെല്ലുത്പാദനം കുറഞ്ഞത് കൊണ്ടാണ് വിതരണം കുറച്ചതെന്നാണ് മില്ലുടമകളുടെ വിശദീകരണം.
ആന്ധ്രയിലെ ഈസ്റ്റ്‌വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നാണ് കേരളത്തിലേക്ക് അരി എത്തുന്നത്. ഇപ്പോള്‍ വാഗണ്‍ ഒഴിവാക്കി അരി ലോറി വഴി അയക്കുന്ന രീതിയാണ് ഒരുമാസത്തോളമായി ആന്ധ്രയിലെ മില്ലുകള്‍ അവലംബിക്കുന്നത്.