Connect with us

National

മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ ഹരജി

Published

|

Last Updated

ഗ്രേറ്റര്‍ നോയിഡ: വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ ബിഷാദയിലെ സംഘ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചു. പശുവിനെ കശാപ്പുചെയ്തതിന് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗൗതം ബുദ്ധ് നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹരജി നല്‍കിയത്.
സി ആര്‍ പി സി സെക്ഷന്‍ 156 (3) പ്രാകാരമാണ് ഹരജി നല്‍കിയിട്ടുള്ളതെന്ന് മുതിര്‍ന്ന പ്രോസിക്യൂഷന്‍ ഓഫീസര്‍ പറഞ്ഞു. ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും പോലീസിന് നിര്‍ദേശം നല്‍കാന്‍ മജിസ്‌ട്രേറ്റിനെ അധികാരപ്പെടുത്തുന്നതാണ് സി ആര്‍ പി സി സെക്ഷന്‍ 156 (3).
ഹരജി കോടതി ഈ മാസം 13ന് പരിഗണിക്കും. വിഷയത്തില്‍ അഖ്‌ലാക്കിന്റെ കുടുംബത്തിന് പറയാനുള്ളത് പറയാന്‍ അവസരം നല്‍കും. അതിന് ശേഷം മാത്രമേ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണോ വേണ്ടയോ എന്നതിന് കുറിച്ച് കോടതി തീരുമാനിക്കുകയുള്ളൂവെന്നും പ്രോസിക്യൂഷന്‍ ഉദ്യോസ്ഥന്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശ് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളി, അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പശു മാംസമാണെന്ന് മഥുരയിലെ ഫോറന്‍സിക്ക് ലാബ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. ഈ വിവാദ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സംഘ് സംഘടനാ പ്രവര്‍ത്തകരില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.