മാങ്ങ പറിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

Posted on: June 10, 2016 12:44 am | Last updated: June 10, 2016 at 12:44 am

കൊല്‍ക്കത്ത: തോട്ടത്തില്‍ നിന്ന് മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കോളജ് വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തി. കൊല്‍ക്കത്തക്ക് സമീപം ഹരിദേവ്പൂരിലെ പര്‍ബാപരയില്‍ ഒന്നാം വര്‍ഷ കോളജ് വിദ്യാര്‍ഥി അനിരുദ്ധ ബിശ്വാസിനെയാണ് ആള്‍ക്കൂട്ടം മുളവടിയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ബന്ധുക്കള്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരുക്കേറ്റിരുന്നുവെന്നും മരണം സംഭവസ്ഥലത്ത് വെച്ചുതന്നെ സംഭവിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. പര്‍ബാപരയിലെ മാന്തോട്ടത്തിന് സമീപത്തുകൂടി നടക്കുകയായിരുന്ന വിദ്യാര്‍ഥിയെ നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. ഈ വിദ്യാര്‍ഥിയാണ് സ്ഥിരമായി മാവിന് കല്ലെറിയുന്നതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.