വിവാദത്തിന് തിരികൊളുത്തി വീണ്ടും ജസ്റ്റിസ് കര്‍ണന്‍

Posted on: June 10, 2016 5:41 am | Last updated: June 10, 2016 at 12:42 am
SHARE

കൊല്‍ക്കത്ത: സ്വന്തം സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതിയില്‍ അസാധാരണമായ പ്രതികരണങ്ങളുയര്‍ത്തിയ ജസ്റ്റിസ് കര്‍ണനെച്ചൊല്ലി പുതിയ കര്‍മമണ്ഡലത്തിലും വിവാദത്തിന് കുറവില്ല.
ജാമ്യഹരജിയില്‍ തീരുമാനമെടുക്കുന്നതിനെ ചൊല്ലി ഡിവിഷന്‍ ബഞ്ചിലെ സഹ ന്യായാധിപന്‍ ജസ്റ്റിസ് ആശിം കുമാര്‍ റോയിയുമായി കൊമ്പുകോര്‍ത്തുകൊണ്ടാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജസ്റ്റിസ് കര്‍ണന്‍ ഇത്തവണ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വിവാദം കത്തിപ്പടരവേ കര്‍ണനെ ഡിവിഷന്‍ ബഞ്ചില്‍ നിന്ന് പിന്‍വലിച്ച് സിംഗിള്‍ ബഞ്ചിന്റെ അധ്യക്ഷനാക്കിയിരിക്കുകയാണ് കല്‍ക്കട്ട ഹൈക്കടതി ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂര്‍.
വിവേകാനന്ദ റോഡ് ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണ കേസില്‍ കുറ്റാരോപിതര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് കര്‍ണനും ജസ്റ്റിസ് റോയിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് മുമ്പിലാണ് വന്നിരുന്നത്. കുറ്റാരോപിതരായ പത്ത് പേര്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കര്‍ണന്റെ പക്ഷം. എന്നാല്‍, ജാമ്യം അനുവദിക്കാമെന്ന നിലപാടില്‍ റോയി ഉറച്ചുനിന്നു. ഇതേത്തുടര്‍ന്ന് ന്യായാധിപര്‍ പരസ്യമായി ഏറ്റുമുട്ടി. ഒടുവില്‍ ജാമ്യാപേക്ഷ തള്ളി. എന്നാല്‍, ജസ്റ്റിസ് കര്‍ണന് ഒടുവില്‍ മനംമാറ്റമുണ്ടാകുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണനെ സിംഗിള്‍ ബഞ്ചിന്റെ അധ്യക്ഷനാക്കാന്‍ ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂര്‍ തീരുമാനമെടുത്തത്. കോടതി മുറിയില്‍ വെച്ച് ഇരു ന്യായാധിപരും വാഗ്വാദം നടത്തിയത് ഹൈക്കോടതിക്ക് കളങ്കമുണ്ടാക്കിയെന്നാണ് ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ വിലയിരുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണനെ സംഗിള്‍ ബഞ്ച് അധ്യക്ഷനാക്കിയത്. വിദ്യാഭ്യാസം, പഴയ കേസുകള്‍ തുടങ്ങിയവയുടെ ചുമതലയായിരിക്കും അദ്ദേഹത്തിനുണ്ടാകുക. മുതിര്‍ന്ന ജഡ്ജി ആയ ജസ്റ്റിസ് റോയി മറ്റൊരു ജഡ്ജിയുമായി ചേര്‍ന്ന് ഡിവിഷന്‍ ബഞ്ചില്‍ തുടരും.
അതിനിടെ, ജസ്റ്റിസ് കര്‍ണന്റെ ബഞ്ചില്‍ കേസിനായി ഹാജരാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. അടിയന്തര ജനറല്‍ ബോഡി വിളിച്ചുചേര്‍ത്താണ് ഈ തീരുമാനമെടുത്തത്. എന്നാല്‍, തീരുമാനം ലംഘിച്ച് നിരവധി അഭിഭാഷകര്‍ ഇന്നലെ കര്‍ണന്റെ ബഞ്ചില്‍ ഹാജരായി.