ഇന്ത്യ യു എസിന്റെ പ്രതിരോധ പങ്കാളിയാകുമ്പോള്‍

Posted on: June 10, 2016 6:00 am | Last updated: June 10, 2016 at 12:40 am
SHARE

SIRAJപ്രതിരോധ രംഗത്ത് ഇന്ത്യയെ പ്രധാന പങ്കാളിയായി അംഗീകരിച്ചിരിക്കുകയാണ് അമേരിക്ക. വാഷിംഗ്ടണില്‍ പ്രധാനമന്ത്രി നേരന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിരോധ മേഖലയിലെ വ്യാപാരത്തിലും സാങ്കേതികവിദ്യാ കൈമാറ്റത്തിലും യു എസ് മറ്റു അടുത്ത സുഹൃദ്‌രാഷ്ട്രങ്ങളെയെന്ന പോലെ ഇന്ത്യയെയും പരിഗണിക്കുമെന്നാണ് ഇതിന്റെ നേട്ടമായി എടുത്തുപറയുന്നത്. പ്രതിരോധ സാമഗ്രികളുടെ വിന്യാസം, നാവിക വിഷയങ്ങളിലെ വിവരങ്ങള്‍ പങ്കിടല്‍, ഇന്ത്യന്‍ സമുദ്ര മേഖലകളില്‍ യു എസ് വിമാനവാഹിനികളുടെ സഞ്ചാരം തുടങ്ങിയ കരാറുകള്‍ക്ക് അന്തിമരൂപം നല്‍കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.
നരേന്ദ്ര മോദിയുടെ രണ്ട് വര്‍ഷത്തിനിടെയുള്ള നാലാമത് അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മികച്ച നേട്ടമാണിതെന്നാണ് ബി ജെ പി സര്‍ക്കാറിന്റെ അവകാശ വാദമെങ്കിലും ആത്യന്തികമായി ഈ നീക്കം ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന് ആശങ്കപ്പെടുന്നവരാണ് ഏറെയും. അമേരിക്ക കേവല കച്ചവട താത്പര്യത്തോടെയും കഴുകക്കണ്ണോടെയുമാണ് ഇതര രാഷ്ട്രങ്ങളുമായുള്ള ഏത് സഹകരണത്തെയും സമീപിക്കുന്നത്. ഇത്തരം കരാറുകളില്‍ പങ്കാളികള്‍ക്ക് പ്രത്യക്ഷത്തില്‍ ചില ഗുണങ്ങളൊക്ക കാണാമെങ്കിലും അതിന്റെ മുഖ്യപ്രയോജകര്‍ അമേരിക്ക തന്നെയായിരിക്കും. ഒബാമയുടെ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പ് വെച്ച ആണവ കരാറിലും രണ്ട് മാസം മുമ്പ് ധാരണയിലെത്തിയ സൈനിക സഹകരണ കരാറിലും ഇത് വ്യക്തമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആണവ വിതരണ കമ്പനികളില്‍ നിന്ന് അപകടങ്ങള്‍ സംഭവിച്ചാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ എടുത്തുകളയണമെന്നത് അമേരിക്കയുടെ വളരെ കാലമായുള്ള ആവശ്യമായിരുന്നു. അത് സാധിച്ചെടുത്തിരിക്കുകയാണ് ആണവ കരാറിലൂടെ ഒബാമ. ഇന്ത്യന്‍ സൈനിക നീക്കങ്ങളെല്ലാം അമേരിക്കക്ക് അനായാസം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് സൈനിക സഹകരണ കരാര്‍ തയാറാക്കിയത്. സൈനിക അഭ്യാസങ്ങള്‍, പരിശീലനം, തുറമുഖ സന്ദര്‍ശനങ്ങള്‍ എന്നിവക്ക് പരസ്പരം സൗകര്യമൊരുക്കുന്ന ഈ കരാര്‍ സ്വതന്ത്ര സൈനിക നീക്കങ്ങളെ ദോഷകരമായി ബാധിക്കുകയും ഇന്ത്യയെ അമേരിക്കന്‍ സൈനിക ചേരിയിലെത്തിക്കുമെന്നും പ്രതിരോധ രംഗത്തെ പല പ്രമുഖരും ആശങ്ക പ്രകടിപ്പിച്ചതാണ്.
എഷ്യപസിഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയും യു എസും പങ്കാളികളായെന്നതാണ് കഴിഞ്ഞ ദിവസം ഒപ്പ് വെച്ച കരാറിലെ വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യന്‍ സമുദ്രത്തിലെയും തെക്കന്‍ ചൈനാ കടലിലെയും ചൈനീസ് നാവിക സേനയുടെ നീക്കങ്ങളുടെ സാന്നിധ്യമാണ് ഈ പങ്കാളിത്ത തീരുമാനത്തിന് പ്രേരകമെന്നാണ് പറയുന്നതെങ്കിലും പസിഫിക് മേഖലയിലെ അമേരിക്കന്‍ ആധിപത്യമാണ് ഇതുവഴി ഒബാമ ലക്ഷ്യമാക്കുന്നത്. ഇന്ത്യന്‍ സമുദ്രത്തിലെ ചൈനീസ് കടന്നു കയറ്റങ്ങള്‍ക്ക് തടയിടേണ്ടത് അനിവാര്യമാണെങ്കിലും അതിന് യു എസിന്റെ സഹായം തേടുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുകയേ ഉള്ളു. അടുത്തിടെയായി ഇന്ത്യാ-ചൈന ബന്ധം ഊഷ്മളമായി വരികയാണ്. ഏഷ്യന്‍ മേഖലയിലെ രണ്ട് പ്രധാന ശക്തികളെന്ന നിലയില്‍ ഈ ബന്ധം ഇരുരാഷ്ട്രങ്ങള്‍ക്കുമെന്ന പോലെ മേഖലയുടെ സുരക്ഷിത്വത്തിനും ഗുണം ചെയ്യും. അതിനിടെ അതിര്‍ത്തിയിലും സമുദ്ര മേഖലയിലും ഉണ്ടാകുന്ന കടന്നുകയറ്റങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. പകരം ചൈന മുഖ്യ എതിരാളിയായി കാണുന്ന അമേരിക്കയെ കൂട്ടുപിടിക്കുന്നത് അവരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. ഏഷ്യപസിഫിക് മേഖലയിലെ പ്രാദേശിക സന്തുലിതാവസ്ഥയെയും ദോഷകരമായി ബാധിക്കും. ഇന്ത്യയുടെ തന്ത്രപരമായ സൈനിക സഖ്യകക്ഷികളായ റഷ്യയുടെ എതിര്‍പ്പും ഇത് ക്ഷണിച്ചുവരുത്തും. മറ്റു രാഷ്ട്രങ്ങളുമായി ബന്ധം ഊഷ്മളമാക്കാന്‍ അയല്‍ക്കാരെ അകറ്റുന്നത് ബുദ്ധിയല്ല. നാമുമായി നല്ല ബന്ധത്തിലുള്ള രാജ്യത്തിന്റെ താത്പര്യങ്ങളെ ഹനിച്ചുകൊണ്ടാകരുത് പുതിയ സൈനിക സഹകരണം.
അയല്‍ക്കാരുമായുള്ള ബന്ധത്തിലും ഏഷ്യന്‍ മേഖലയിലും അസ്വാരസ്യം സംഘര്‍ഷവും ഉടലെടുക്കേണ്ടത് അമേരിക്കയുടെ കച്ചവടതാത്പര്യത്തിനാവശ്യമാണ്. ഇന്ത്യക്കുള്ള യു എസിന്റെ ആയുധ വില്‍പന ഇപ്പോള്‍ 1400 കോടി ഡോളറിന്റേതായി ഉയര്‍ന്നിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 50 മടങ്ങാണിത്. ഇനിയും അത് വര്‍ധിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവര്‍ മെനയും. സദ്ദാം ഭരണത്തിന്റെ ആദ്യ നാളുകളില്‍ ഇറാഖിനെ നന്നായി ആയുധമണിയിച്ച ശേഷം പിന്നീട് കുവൈത്തുമായി ഇറാഖിനെ മുട്ടിക്കുകയും അതുവഴി മേഖലയില്‍ സംഘര്‍ഷം സൃഷ്ടിച്ചു അറബ് രാജ്യങ്ങളിലെ ആയുധക്കച്ചവടം സജീവമാക്കുകയും ചെയ്ത അമേരിക്കന്‍ തന്ത്രം ലോകം കണ്ടതാണ്. അതുകാണ്ട് വളരെ കരുതലോടെയായിരിക്കണം യു എസുമായുള്ള ചങ്ങാത്തവും കരാറുകളും.

LEAVE A REPLY

Please enter your comment!
Please enter your name here