എട്ട് വര്‍ഷമായി നോമ്പനുഷ്ഠിച്ച് പത്താം ക്ലാസുകാരി അപര്‍ണ

Posted on: June 10, 2016 5:13 am | Last updated: June 10, 2016 at 12:17 am
അപര്‍ണ ചന്ദ്രന്‍ (വലത്തേയറ്റം) കുടുംബവുമൊത്ത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തില്‍
അപര്‍ണ ചന്ദ്രന്‍ (വലത്തേയറ്റം) കുടുംബവുമൊത്ത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തില്‍

മരട് : എട്ട് വര്‍ഷത്തോളമായി തുടര്‍ച്ചയായി റമസാനില്‍ നോമ്പനുഷ്ഠിക്കുകയാണ് പത്താം ക്ലാസുകാരി അപര്‍ണ ചന്ദ്രന്‍. നെട്ടൂര്‍ കുറുപ്പംപറമ്പില്‍ ചന്ദ്രന്‍ സീമ ദമ്പതികളുടെ രണ്ട് മക്കളില്‍ ആദ്യത്തെ മകളായ അപര്‍ണ മുടക്കം കൂടാതെയാണ് തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നത്. പെരുമാനൂര്‍ തേവര സെന്റ് തോമസ് ജി എച്ച് എസ് എസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയായ അപര്‍ണ ചന്ദ്രന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി നോമ്പനുഷ്ഠിക്കാന്‍ തുടങ്ങിയത്. അപര്‍ണയുടെ അയല്‍വാസിയായിരുന്ന ചേരിപ്പറമ്പില്‍ അബ്ദുവായിരുന്നു നോമ്പനുഷ്ഠിക്കാന്‍ പ്രചോദനമായത്.
ആദ്യമൊക്കെ പകുതി ദിവസങ്ങളിലാണ് നോമ്പെടുത്തിരുന്നത്. പിന്നെ അത് ദിവസം മുഴുവനും പിടിക്കുന്നതിലേക്ക് മാറി. അപര്‍ണയുടെ നോമ്പിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പിതാവ് ചന്ദ്രന്‍ വീടിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റിരുന്നു. തന്റെ അച്ഛന് ഒന്നും വരല്ലെ എന്ന പ്രാര്‍ഥനയോടെ നോമ്പെടുത്ത് തുടങ്ങിയത് പിന്നീട് ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. തനിക്ക് നോമ്പെടുക്കാന്‍ കഴിയുന്നത്രയും കാലം നോമ്പ് പിടിക്കുമെന്ന് അപര്‍ണ പറഞ്ഞു. നോമ്പെടുക്കുന്നതിന് വീട്ടുകാരുടെ പൂര്‍ണ പിന്തുണയും അപര്‍ണക്കുണ്ട്. പിതാവ്, മാതാവ്, അമ്മൂമ്മ, സഹോദരന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. എല്ലാ ദിവസവും രാവിലെ നാലിന് എഴുന്നേറ്റ് അത്താഴം കഴിച്ചു കൊണ്ടാണ് അപര്‍ണ നോമ്പെടുക്കല്‍ ആരംഭിക്കുന്നത്.
അപര്‍ണ നോമ്പെടുക്കുന്നത് കണ്ട് അനുജന്‍ അര്‍ജ്ജുനും ഈ വര്‍ഷം ചില ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അപര്‍ണയുടെ വീട്ടില്‍ എല്ലാ വര്‍ഷവും ഒരു ദിവസം മതസൗഹാര്‍ദ്ദ നോമ്പ് തുറയും സംഘടിപ്പിക്കാറുണ്ട്. ജാതി മത ഭേദമന്യേ നിരവധി ആളുകള്‍ നോമ്പ് തുറയില്‍ പങ്കെടുക്കാനെത്തും. നെട്ടൂരിലെ പരിസരത്തുള്ള മസ്ജിദുകളിലെ ഉസ്താദുമാര്‍, ഭാരവാഹികള്‍, ക്ഷേത്രങ്ങളിലെ പൂജാരിമാരും ഭാരവാഹികള്‍, ക്രിസ്ത്യന്‍ പള്ളികളിലെ വികാരിയച്ചന്‍മാരും ഭാരവാഹികളും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരടക്കം നിരവധി പേര്‍ ഇഫ്താറിനെത്താറുണ്ട്.