ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാറും സുപ്രീം കോടതിയിലേക്ക്

Posted on: June 10, 2016 6:00 am | Last updated: June 10, 2016 at 12:12 am

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ച ദേശീയ ഹരിത െ്രെടബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ട്രൈബ്യൂണല്‍ വിധിക്കെതിരെ കെ എസ ്ആര്‍ ടി സി കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ കേസിലെ വിധി പ്രതികൂലമാണെങ്കില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഗതാഗത മേഖലയിലുണ്ടായ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബസ്, ലോറി ഉടമകളുടെ യോഗത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ട്രൈബ്യൂണല്‍ വിധി അതേപടി നടപ്പാക്കിയാല്‍ ഗതാഗത മേഖല രൂക്ഷമായ പ്രതിസന്ധിയിലാകും.
23 മുതല്‍ കെ എസ് ആര്‍ ടി സിയുടെ 1200 ബസും നാലായിരത്തോളം സ്വകാര്യ ബസുകളും നിരത്തില്‍ നിന്ന് പിന്‍വലിക്കേണ്ടിവരും. ഇപ്പോഴത്തെ പ്രശ്‌നം വാഹന ഉടമകളുടേതുമാത്രമല്ല. സംസ്ഥാനത്തെ പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന വിഷയമാണിത്. നിലവില്‍ സംസ്ഥാനത്ത് വാഹനങ്ങളില്‍ നിന്ന് നികുതി ഈടാക്കുന്നത് 15 വര്‍ഷം കണക്കാക്കിയാണ്. ചരക്ക് വാഹനങ്ങളുടെ ഓട്ടം നിലച്ചാല്‍ ഇവിടെ വിലക്കയറ്റം രൂക്ഷമാകും.
വിധി നടപ്പാക്കുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പരിസര മലിനീകരണം തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍, ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്‌സ് കേരള, കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി, കെ എസ് ആര്‍ ടി സി. എം ഡി ആന്റണി ചാക്കോ സംബന്ധിച്ചു.