ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റ് മാറ്റണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ശിപാര്‍ശ

Posted on: June 9, 2016 8:17 pm | Last updated: June 9, 2016 at 8:17 pm

ദോഹ: ജനവാസകേന്ദ്രങ്ങളുടെ മധ്യത്തിലായതിനാല്‍ ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റ് നിലവിലെ സ്ഥലത്ത് നിന്ന് മാറ്റണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി എം സി). താമസ കേന്ദ്രങ്ങളുടെ അടുത്തല്ലാത്ത നിലക്ക് സെന്‍ട്രല്‍ മാര്‍ക്കറ്റ് മാറ്റുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താന്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തോട് സി എം സി ശിപാര്‍ശ ചെയ്തു.
ഡിസ്ട്രിക്ട് പത്തിലെ പ്രതിനിധി അബ്ദുര്‍റഹ്മാന്‍ ബിന്‍ അലി അല്‍ ഖുലൈഫി ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് പബ്ലിക് സര്‍വീസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മിറ്റി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. മഅ്മൂറിലെ നിലവിലെ കേന്ദ്രത്തില്‍ നിന്ന് വാസകേന്ദ്രമല്ലാത്ത സ്ഥലത്തേക്ക് മാറ്റണമെന്നതാണ് ശിപാര്‍ശ. ദോഹ നഗരത്തിന് പുറത്ത് ദൂര സ്ഥലത്താണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായുള്ള ദോഹയുടെ പെട്ടെന്നുള്ള വികസനം കാരണം സെന്‍ട്രല്‍ മാര്‍ക്കറ്റിന് ചുറ്റും വാസകേന്ദ്രങ്ങളും മറ്റും വരികയായിരുന്നു.