പെട്രോളിന്റെ വില നിശ്ചയിക്കാന്‍ സ്ഥിരംസമിതിക്ക് മന്ത്രിസഭാ അംഗീകാരം

Posted on: June 9, 2016 6:19 pm | Last updated: June 9, 2016 at 6:19 pm

ദോഹ: പ്രാദേശിക വിപണിയിലെ പെട്രോളിന്റെ വില നിശ്ചയിക്കാന്‍ സ്ഥിരം കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഊര്‍ജ, വ്യവസായ മന്ത്രാലയത്തിലെ പ്രതിനിധിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് രൂപം നല്‍കുക. പ്രാദേശിക മാര്‍ക്കറ്റിലെ പെട്രോളിയം വില അന്താരാഷ്ട്ര വിപണിക്കനുസരിച്ച് ഓരോ മാസവും മാറ്റുകയെന്ന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാനാണ് കമ്മിറ്റി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് സ്ഥിരം കമ്മിറ്റി രൂപവത്കരിക്കാനുള്ള തീരുമാനത്തിനു അംഗീകാരം നല്‍കിയത്.
പുകയിലയും അനുബന്ധ ലഹരിപദാര്‍ഥങ്ങളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തുവിടാനുള്ള അനിവാര്യ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. വിദേശ മന്ത്രാലയ പുനഃസംഘടനയുമായി ബന്ധപ്പെട്ട അമീരി ഉത്തരവിനും മന്ത്രിസഭ അംഗീകാരം നല്‍കി.
ഭീകരതക്കെതിരെയുള്ള ദേശീയ സമിതിയുടെ 2015 ഒക്‌ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള പതിനേഴാമത് പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവക്കുകയും ചെയ്തു. ആയുധ നിരോധന ദേശീയ സമിതിയുടെ 34ാമത് പ്രവര്‍ത്തന റിപോര്‍ട്ടും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ഖത്വരി ജീവനക്കാരുടെ വിരമിക്കലും പെന്‍ഷനും സംബന്ധിച്ചുള്ള നിയമം സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച നടത്തി. വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യോമഗതാഗത കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി.