യൂറോപ്പിനും ഖത്വറിനുമിടയില്‍ ആകാശ വഴി തുറക്കാന്‍ അനുമതി

Posted on: June 9, 2016 6:16 pm | Last updated: June 13, 2016 at 8:07 pm
SHARE

2Q==.jpgദോഹ: ഖത്വറില്‍ നിന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അവസരമൊരുങ്ങുന്നു. ഖത്വറുമായി വ്യോമഗതാഗത കരാറുണ്ടാക്കന്നതിന് യൂനിയന്‍ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് യൂറോപ്പിനും ഖത്വറിനുമിടയില്‍ ആകാശവഴി വിശാലമാകുന്നത്. 2022ല്‍ ലോകകപ്പ് നടക്കാനിരിക്കുന്ന ഖത്വറിന് ഇത് വലിയ നേട്ടമാകും. ഖത്വര്‍ എയര്‍വേയ്‌സിന് യൂറോപ്യന്‍ മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ക്കും അവസരം സൃഷ്ടിക്കും. ഖത്വറിനൊപ്പം യു എ ഇ, തുര്‍ക്കി ഉള്‍പ്പെടെ ഏതാനും തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും വ്യോമ കരാറുണ്ടാക്കാന്‍ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.
123 ബില്യന്‍ ഡോളറിന്റെ ആഭ്യന്തര വരുമാനമുണ്ടാക്കിക്കൊടുക്കന്ന യൂറോപ്പിലെ വ്യോമയാന വ്യവാസ മേഖലയുടെ നിര്‍ണായകമായ വളര്‍ച്ചക്ക് ഖത്വര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാങ്ങള്‍ യൂറോപ്പിലേക്ക് അധികം പറക്കുന്നതുവഴി സാധിക്കുമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗത രംഗം വികസിക്കുകയും ചെയ്യും. വ്യോമഗതാഗതം സംബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച ആരംഭിക്കാന്‍ നേരത്തേ കമ്മീഷന്‍ അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. യൂനിയനിലെ ഓരോ രാജ്യങ്ങളും പ്രത്യേകമായാണ് ഖത്വറുമായി വ്യോമ കരാറിലെത്തുക. അങ്ങോട്ടു പറക്കുന്ന അത്രയും സീറ്റുകള്‍ തിരിച്ചും പറക്കുന്ന രീതിയിലാകും കരാറുകള്‍. ഇതോടെ കൂടുതല്‍ യൂറോപ്യന്‍ വിമാനങ്ങള്‍ ഖത്വറിലുമെത്തും. കരാറിലൂടെ ലോകത്തു അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വ്യോമയാന വിപണിയായ ഗള്‍ഫിലേക്ക് യൂറോപ്യന്‍ വിമാനങ്ങള്‍ക്ക് കടന്നു ചെല്ലാനുള്ള അവസരം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി.
വ്യോമയാന മേഖലയില്‍ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ക്കു കൂടിയാണ് കരാറുകളിലൂടെ സാഹചര്യമൊരുങ്ങുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിയോലെറ്റ ബല്‍സ് പറഞ്ഞു. പുതിയ റൂട്ടുകള്‍ക്കൊപ്പം യാത്രക്കാര്‍ക്ക് മികച്ച നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിനും ഇതു വഴിവെക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ലുഫ്താന്‍സ്, എയര്‍ ഫ്രാന്‍സ് കെ എല്‍ എം, അമേരിക്കന്‍ വിമാന കമ്പനികള്‍ എന്നിവ ഗള്‍ഫ് വിമാനങ്ങള്‍ സബ്‌സിഡി പറ്റുന്നവയാണെന്ന ആരോപണവുമായി രംഗത്തു വന്നിരുന്നു. ആരോപണം ഗള്‍ഫ് വിമാനങ്ങള്‍ നിഷേധിച്ചു.
വ്യോമയാന കരാറുകളുണ്ടാക്കുമ്പോള്‍ നിരക്കുകളില്‍ മത്സരവും സുതാര്യതയുമുണ്ടാകണമെന്ന് ആവശ്യപ്പെടുമെന്ന് ഇ യു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സും ജര്‍മനിയും ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണിത്. പുതിയ കരാറുകള്‍ നിയന്ത്രിത വ്യോമയാന കരാറുകള്‍ക്കു പകരമായിരിക്കുമെന്നും എയര്‍പോര്‍ട്ടുകളുടെ വികസനത്തിനും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇരു ദിശയിലേക്കും ആരംഭിക്കുന്നതിനും സഹായകമായിരിക്കും ഇതെന്നും യൂറോപ്പ് എയര്‍പോര്‍ട്ടുകളുടെ ട്രേഡ് അസോസിയേഷന്‍ എ സി ഐ യൂറോപ്പ് പറഞ്ഞു. ഇതാദ്യമായാണ് തുറന്ന കരാറുകള്‍ക്ക് അവസരം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here