പുതിയാപ്പയില്‍ സെറിബ്രല്‍ മലേറിയ അല്ലെന്ന് ആരോഗ്യ വകുപ്പ്

Posted on: June 9, 2016 3:26 pm | Last updated: June 9, 2016 at 3:26 pm

കോഴിക്കോട്: മലേറിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയാപ്പ മേഖലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ഒരു കുടംബത്തിലെ അഞ്ച് പേര്‍ക്ക് മലേറിയ കണ്ടെത്തിയ ഉടനെ തന്നെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്തപരിശോധനയും ബോധവത്കരണവും സംഘടിപ്പിച്ചിരുന്നു. പ്രദേശത്ത് പനിയുള്ളവരുടെയും അല്ലാത്തവരുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് പുതുതായി രോഗ ലക്ഷണമുള്ളവരെയൊന്നും കണ്ടെത്താനായിട്ടില്ല.
അതിനിടെ പുതിയാപ്പയിലെ അഞ്ച് പേരില്‍ കണ്ടെത്തിയത് സെറിബ്രല്‍ മലേറിയ അല്ലെന്ന് ഡി എം ഒ ഡോ. സരിത പറഞ്ഞു. സെറിബ്രല്‍ മലേറിയയുടെ ലക്ഷണങ്ങളൊന്നും രോഗികള്‍ക്കില്ല. എന്നാല്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായ മാരകമായ മലേറിയയാണ് ഇവര്‍ക്കുള്ളതെന്നും ഡി എം ഒ ചൂണ്ടിക്കാട്ടി. മലേറിയ ബാധിച്ചവരുടെ വീടിന് ചുറ്റുവട്ടത്തുള്ള ഇരുന്നൂറിലേറെ പേരുടെ രക്ത സാമ്പിളുകള്‍ ഇന്നലത്തോടെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ആശങ്കപ്പെടാനുള്ള സാഹചര്യമൊന്നുമില്ലെന്ന് ഡി എം ഒ സിറാജിനോട് വ്യക്തമാക്കി. മലേറിയ ഉള്‍പ്പെടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശുചീകരണം, കൊതുക് നശീകരണം തുടങ്ങിയവ സംഘടിപ്പിക്കാന്‍ നിര്‍ദേശമുണ്ട്.
നേരത്തെ ചേവായുര്‍ ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികളില്‍ മലേറിയ കണ്ടെത്തിയിരുന്നു. മാലിന്യവും മലിനജലവും തോടുകളിലും ഓടകളിലും കെട്ടിക്കിടക്കുന്നത് രോഗം പരത്തുന്ന കൊതുകുകള്‍ വളരാന്‍ സഹായകരമാകുകയാണ്. നഗരമധ്യത്തിലടക്കം ഇത്തരം മലിനമായ തോടുകള്‍ ഏറെയുണ്ട്. നഗരത്തിലെ തോടുകളിലേക്കും ഓടകളിലേക്കും വന്‍കിട ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് കക്കൂസ് മാലിന്യമടക്കം തള്ളുന്നത് കൊതുകു പെരുകുന്നതിന് കാരണമാകുന്നുണ്ട്. മാലിനജലം നിറഞ്ഞ തോടുകളും ഓടകളും ശുചീകരിച്ച് മലിനജലം കെട്ടിക്കിടക്കുന്നതും ഒഴിവാക്കിയാലെ പകര്‍ച്ചപ്പനിയെ തടയാനാവൂ.
എലിപ്പനി, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, വൈറല്‍ ഫീവര്‍, ഇന്‍ഫ്‌ലുവന്‍സ, പക്ഷിപ്പനി, പന്നിപ്പനി, ചിക്കുന്‍ഗുനിയ എന്നി തരത്തിലുള്ള പനികളാണ് മഴക്കാലത്തോടെ കേരളത്തിന്റെ ആരോഗ്യത്തെ പിടിച്ചുകുലുക്കുന്നത്. ഡങ്കിപ്പനി ഉള്‍പ്പെടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മെയ് അവസാനം വരെ ജില്ലയില്‍ മലേറിയ ബാധിതരായി കണ്ടെത്തിയത് 49 പേരെയാണ്. 58 പേര്‍ക്ക് ഡങ്കിപ്പനിയും 42 പേര്‍ക്ക് എലിപ്പനിയും കണ്ടെത്തി. ഈ മാസം മാത്രമായി ഇതു വരെ 12 പേര്‍ക്ക് ഡങ്കിപ്പനി കണ്ടെത്തിയിരുന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഡങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായാണ് സുചന.