Connect with us

Kozhikode

വാനിലെത്തി വ്യാജ പിരിവ് നടത്തിയ നാലംഗ സംഘം റിമാന്‍ഡില്‍

Published

|

Last Updated

കൊടുവള്ളി: വൃക്കരോഗികളെ സഹായിക്കാനെന്നു പറഞ്ഞ് വ്യാജ ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ് നടത്തിയതിന് കൊടുവള്ളി പോലീസ് പിടികൂടിയ നാലംഗ സംഘത്തെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
വയനാട് വായപ്പിള്ളി സ്വദേശിയായ ഷാജി (41)പന്നിക്കോട് എരഞ്ഞിമാവ് കൊല്ലിക്കുന്നേല്‍ സെബാസ്റ്റ്യന്‍ (41) ചേളന്നൂര്‍ കാനോത്ത് മീത്തല്‍ ജിനോ പോള്‍ (29) വയനാട് മാനന്തവാടി മാടവന ചാക്കോ (37) എന്നിവരെ കഴിഞ്ഞ ദിവസം കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവര്‍ പിരിച്ചെടുത്ത 6510 രൂപയും പോലീസ് കണ്ടെടുത്തു. ബസ് സ്റ്റാന്‍ഡില്‍ “ജീവ ധാര ജനകീയ ട്രസ്റ്റ്” എന്ന പേരില്‍ വൃക്കരോഗികളെ സഹായിക്കാനെന്ന വ്യാജേന എനൗണ്‍സ്‌മെന്റ് നടത്തി വ്യാജ രസീതി ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയായിരുന്നു സംഘം. ഇവരുടെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയ നാട്ടുകാര്‍ പോലീസിലറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പാണെന്നും ട്രസ്റ്റ് വ്യാജമാണെന്നും മനസ്സിലായത്. പ്രധാനപ്പെട്ട അങ്ങാടികളിലും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. രോഗികളെ സഹായിക്കാനായതിനാല്‍ ദിനംപ്രതി വന്‍തുകയാണിവര്‍ക്ക് പിരിഞ്ഞുകിട്ടിയിരുന്നത്.
പിടിയിലായ ജിനോ പോള്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും നിലവില്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നേരിടുന്നയാളാണ്. കൊല്ലിക്കുന്നില്‍ സെബാസ്റ്റ്യന്‍ കേരളത്തിലും കര്‍ണാടകയിലുമായി രണ്ട് പീഢനകേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പാട്ടു പാടി വ്യാജ പിരിവ് നടത്തിവന്ന സംഘത്തെ ഇതിനു മുമ്പും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. കന്ദമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ആരാമ്പ്രം അങ്ങാടിയിലും മാസങ്ങള്‍ക്ക് മുമ്പ് വയനാട് മാനന്തവാടിക്കാരായ ഒരു ഗായക സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.