Connect with us

Wayanad

മാനന്തവാടി പോളിടെക്‌നിക്കിലേക്ക് പ്രവേശനം നടത്താന്‍ ഉത്തരവായി

Published

|

Last Updated

മാനന്തവാടി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മാനന്തവാടി പോളിടെക്‌നിക്കിലേക്ക് പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. പോളിടെക്‌നിക്ക് ഇല്ലാത്ത മണ്ഡലം എന്ന പരിഗണനയില്‍ 201314 വര്‍ഷം മാനന്തവാടിയില്‍ പോളിടെക്‌നിക്ക് അനുവദിക്കുകയും, 2016 ഏപ്രില്‍ 30 ന് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ ആറിന് സാങ്കേതിക വിദ്യഭ്യാസവകുപ്പ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രവേശന വിജ്ഞാപനത്തില്‍ മാനന്തവാടി പോളിടെക്‌നിക്കിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇത് സംബന്ധിച്ച് സിറാജ് വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാനന്തവാടി പോളിടെക്‌നിക്കില്‍ പ്രവേശനം നടത്തണമെന്ന് വ്യാപകമായ ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
ഈ വര്‍ഷം പ്രവേശനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എ ഐ സി ടി ഇ യുടെ അംഗീകാരം നഷ്ടപ്പെടുമെന്നത് ആശങ്കക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഒ ആര്‍ കേളു എം എല്‍ എ സര്‍ക്കാരില്‍ ശക്തമായ സമര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയോടെ സാങ്കേതിക വിദ്യഭ്യാസവകുപ്പ് പ്രവേശന വിജ്ഞാപനത്തില്‍ മാനന്തവാടി പോളിടെക്‌നിക്കിനെയും ഉള്‍പ്പെടുത്തിയത്. സിവില്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലായി 180 വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കും. ഓരോ കോഴ്‌സുകളിലേക്കും 60 പേര്‍ക്കാണ് പ്രവേശനം. ദ്വാരകയിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് താത്കാലികമായി ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പോളിടെക്‌നിക്കിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കും. പോളി ടെക്‌നിക്കിനായി ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോട് ചേര്‍ന്ന് അഞ്ചു ഏക്കര്‍ സ്ഥലം നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥലം കൈമാറുന്നതിലുണ്ടായ കാലതാമസമാണ് കഴിഞ്ഞ അധ്യയനവര്‍ഷം ക്ലാസ്സുകള്‍ തുടങ്ങുന്നതിന് തടസ്സമായത്.
സ്ഥലം കൈമാറ്റ നടപടികള്‍ പൂര്‍ത്തിയായപ്പോഴേക്കും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ ഉദ്ഘാടനവും നടന്നില്ല. ഇതിനിടയില്‍ എ ഐ സി ടി ഇ പ്രതിനിധികള്‍ ജില്ല സന്ദര്‍ശിക്കുകയും പോളി ടെക്‌നിക്ക് കോളജിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.ആവശ്യമായ അധ്യാപകരെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് താത്കാലികമായി വര്‍ക്കിംങ് അറേജ്‌മെന്റില്‍ നിയമിക്കും.
മീനങ്ങാടി ഗവ.പോളിടെക്‌നിക്ക് പ്രിന്‍സിപ്പാളിനെയാണ് താത്കാലിക ചുമതല നല്‍കി സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചിരിക്കുന്നത്. ഈ മാസം 15 നാണ് സംസ്ഥാനത്തെ പോളിടെക്‌നിക്കുകളില്‍ ഓണ്‍ലൈന്‍ മുഖേനയുള്ള പ്രവേശനത്തിനുള്ള അപേക്ഷ നല്‍കേണ്ട അവസാന തിയതി.

Latest