Connect with us

Malappuram

പ്രതി രക്ഷപ്പെട്ട സംഭവം; എസ് ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

Published

|

Last Updated

നിലമ്പൂര്‍: കാര്‍ മോഷണക്കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ എസ് ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി പെരിന്തല്‍മണ്ണ ഡി വൈ എസ് പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് മോഷ്ടിച്ച കാറുമായി കമിതാക്കള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റിലാകുന്നത്. എറണാകുളം പുല്ലേപ്പടി ചേനക്കരക്കുന്നേല്‍ നിപുന്‍(29), കോഴിക്കോട് കൂടരഞ്ഞി സ്വദേശി കുളമ്പില്‍ സ്വാലിഹ്(28), മാവേലിക്കര കൊറ്റേര്‍കാവ് സ്വദേശിനി മിഖാ സൂസന്‍ മാണി (26) എന്നിവരെയാണ് നിലമ്പൂര്‍ എസ് ഐ. കെ എം സന്തോഷും സംഘവും അറസ്റ്റ് ചെയ്തിരുന്നത്. ബംഗളൂരുവില്‍ നിന്നും മോഷ്ടിച്ച കാറുമായി കറങ്ങവേ കക്കാടംപൊയില്‍-നിലമ്പൂര്‍ റോഡില്‍ മൂലേപ്പാടത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. കാറിനുള്ളില്‍ യുവതി അടക്കം മൂന്ന് പേരെ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ നിലമ്പൂര്‍ എസ് ഐയും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തു. ഇതിനിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ബംഗളൂരുവില്‍ നിന്നും മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രി എട്ടിന് മൂത്രം ഒഴിക്കാന്‍ പോകുന്നതിനിടയില്‍ പ്രധാന പ്രതിയായ നിപുന്‍ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും വെട്ടിച്ച് കടന്നു. പിന്‍ഭാഗത്തുള്ള മതില്‍ ചാടിക്കടന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. സ്‌റ്റേഷനില്‍ പോലീസുകാരുടെ കണ്‍മുന്നില്‍ വെച്ച് പ്രതി രക്ഷപ്പെട്ടത് സേനക്ക് തന്നെ കളങ്കമായിരിക്കുകയാണ്. കമിതാക്കളായ നിപുനും യുവതിയും ദിവസങ്ങളോളം മോഷ്ടിച്ച കാറില്‍ ചുറ്റിക്കറങ്ങി കൊണ്ടിരിക്കുകയായിരുന്നു. ബി എസ് സി നഴ്‌സിംഗ് പാസായ യുവതി സമ്പന്ന കുടുംബത്തിലെ അംഗമാണ്. ഇവര്‍ ബംഗളൂരുവില്‍ ജോലി ചെയ്തുവരികയാണ്. നിപുന്റെ സുഹൃത്താണ് സ്വാലിഹ്. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികള്‍ റിമാന്‍ഡിലാണ്.