Connect with us

Malappuram

മങ്ങാട്ടുമുറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു: നാട്ടില്‍ വിജയാഹ്ലാദം

Published

|

Last Updated

കൊണ്ടോട്ടി: കോടതി ഉത്തരവിലൂടെ മാനേജര്‍ അടച്ചു പൂട്ടിയ മങ്ങാട്ടുമുറി എ എം എല്‍ പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വാര്‍ത്ത വന്നതോടെ നാട് ആഹ്ലാദ തിമര്‍പ്പില്‍. ഇന്നലെ സ്ത്രീകളുള്‍പ്പടെയുള്ള നാട്ടുകാര്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്ക് മിഠായി വിതരണം നടത്തി. സ്‌കൂള്‍ അടച്ചു പൂട്ടിയെങ്കിലും കെട്ടിടത്തില്‍ തന്നെ ഇന്നലെ പതിവുപോലെ സ്‌കൂള്‍ പ്രവര്‍ത്തിച്ചു. മുഴുവന്‍ കുട്ടികളും എത്തിയിരുന്നു. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാട്ടുകാര്‍ പുതിയേടത്തുപറമ്പില്‍ ആഹ്ലാദ പ്രകടനം നടത്തി. സമരസമിതി നേതാക്കളായ കെ പി പ്രഭാകരന്‍, ഹണിലാല്‍ മനു നേതൃത്വം നല്‍കി. പൊതുയോഗത്തില്‍ പി കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വേലായുധന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അലി മാസ്റ്റര്‍ സംസാരിച്ചു. അതെ സമയം രണ്ട് മാസം മുമ്പ് തന്നെ കോടതി ഉത്തരവിനെ തുടര്‍ന്ന് സ്‌കൂള്‍ ഔദ്യോഗികമായി ഇല്ലാതായതിനെ തുടര്‍ന്ന് എ ഇ ഒ അധ്യാപകരുടെ ശമ്പളവും വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ച ഭക്ഷണവും തടഞ്ഞുവെച്ചിരുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ ഔദ്യോഗികമായി ഏറ്റെടുക്കുന്നതു വരെ ഈ നില തുടരും.

Latest