ഉറുഗ്വെക്ക് നിര്‍ണായകം

Posted on: June 9, 2016 6:00 am | Last updated: June 9, 2016 at 1:12 am

ഫിലാഡല്‍ഫിയ: കോപ അമേരിക്കയില്‍ ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഉറുഗ്വെക്ക് നിലനില്‍പ്പിന്റെ പോരാട്ടം. ഗ്രൂപ്പ് സി യില്‍ നാളെ പുലര്‍ച്ചെ അഞ്ചിന് നടക്കുന്ന മത്സരത്തില്‍ അവര്‍ വെനിസ്വെലയെ നേരിടും. പതിനഞ്ച് തവണ കോപയില്‍ മുത്തമിട്ട് റെക്കോര്‍ഡ് സൂക്ഷിക്കുന്ന ഉറുഗ്വെക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല.
ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. അതുകൊണ്ട് തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. എതിരാളികള്‍ കരുത്തരെങ്കിലും തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് വെനിസ്വെലെ ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ അവര്‍ കരീബിയന്‍ ടീമായ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് സിയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മെക്‌സിക്കോ ജമൈക്കയെ നേരിടും. മെക്‌സിക്കോക്കാണ് മുന്‍തൂക്കമെങ്കിലും ജമൈക്കയെ എഴുതിത്തള്ളാന്‍ കഴിയില്ല.