Connect with us

Editorial

മഥുര ലാബ് റിപ്പോര്‍ട്ടിന്റെ പിന്നാമ്പുറം

Published

|

Last Updated

ദാദ്രിയിലെ മാംസം സംബന്ധിച്ച മഥുര ലാബിന്റെ വിവാദറിപ്പോര്‍ട്ട് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാനുള്ള പുറപ്പാടിലാണ് സംഘ്പരിവാര്‍. മാംസം പശുവിന്റേതാണെന്ന മഥുര ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കണമെന്നും അദ്ദേഹത്തെ അടിച്ചുകൊന്ന കേസിലെ പ്രതികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത് മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കയാണ് ബി ജെ പി. ദാദ്രിയില്‍ മാംസം കഴിച്ചവര്‍ ആരെല്ലാമെന്ന് കണ്ടെത്തി നടപടിയെടുക്കണമന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി സജീവ് ബല്യന്‍, ബി ജെ പി. എം പി യോഗി ആദിത്യനാഥ് തുടങ്ങിവര്‍ രംഗത്ത് വന്നു. വര്‍ഗീയ സംഘര്‍ഷവും കലാപവും സൃഷ്ടിക്കാനുള്ള ബി ജെ പി നീക്കത്തില്‍ കടുത്ത ആശങ്കയിലാണ് അഖ്‌ലാഖിന്റെ കുടുംബവും ദാദ്രിയിലെ മുസ്‌ലികളും.
വീട്ടില്‍ പശു മാംസം സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് കഴിഞ്ഞ സെപ്തംബര്‍ 28നാണ് ബി ജെ പിനേതാവ് സജ്ഞയ് റാണയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നത്. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസം പോലീസിന്റെ നിര്‍ദേശാനുസാരം പരിശോധനക്ക് വിധേയമാക്കി. അത് പശുമാംസമായിരുന്നല്ല, ആട്ടിറച്ചിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സംഘ്പരിവാറിന്റെ ആരോപണം വ്യാജമാണെന്ന് തെളിയുകയും ബി ജെ പിയുടെയും മോദിസര്‍ക്കാറിന്റെയും അസഹിഷുണതക്കെതിരെ അന്തര്‍ദേശീയ തലത്തില്‍ പ്രതിഷേധം ഉയരാന്‍ ഇടയാക്കുകയുമുണ്ടായി. ഈ നാണക്കേടില്‍ നിന്ന് തലയൂരാന്‍ കൂടിയാണ് അത് പശു ഇറച്ചിയായിരുന്നുവെന്ന മറ്റൊരു പരിശോധനാ റിപ്പോര്‍ട്ട് ഇപ്പോള്‍ ഒപ്പിച്ചെടുത്തത്. കേസിന്റെ ഭാഗമായല്ല പുതിയ പരിശോധനയെന്നതും മഥുരയിലെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാലിലാണ് പരിശോധന നടത്തിയതെന്നതും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്നതിലേക്ക് വ്യക്തമായ സുചന നല്‍കുന്നു. മഥുര ലാബിലെ പരിശോധനക്ക് തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഉത്തര്‍ പ്രദേശ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അവിടെ പരിശോധിച്ച മാസം അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതുമല്ല. ബിസാദ ഗ്രാമത്തിലെ കടയില്‍ നിന്നാണ് അത് ശേഖരിച്ചതെന്ന് ഗൗതം ബുദ്ധ് നഗര്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ് ചത്ത പശുവിന്റേതാണ് ഈ മാംസമെന്നാണ് വിവരം. മഥുര ലാബിലേക്ക് മാംസം പരിശോധനക്കയച്ചത് എവിടെ നിന്നാണെന്നും അത് സ്വീകരിച്ചത് ആരെന്നും വ്യക്തമാക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ലാബ് അധികൃതരോട് ആശ്യപ്പെട്ടിരുന്നിങ്കിലും പ്രതികരണമുണ്ടായില്ല. കൊലക്കേസ് പ്രതികളില്‍ ഒരാളുടെ വക്കീലാണ് രണ്ടാമത്തെ പരിശോധനാ ഫലം പുറത്ത് വിട്ടത്. ഒരു പ്രത്യേക വിഭാഗം മാധ്യമങ്ങള്‍ക്ക് മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നതും ദുരൂഹത ഉയര്‍ത്തുന്നു. ഇക്കാലമത്രയും ഈ പരിശോധനാ റിപ്പോര്‍ട്ട് എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതെല്ലാം ദാദ്രി കൊലക്കേസ് അന്വേഷണം വഴിതിരിച്ചു വിടാനുളള നാടകമാണിതെന്ന സന്ദേഹം ബലപ്പെടുത്തുന്നുണ്ട്.
ഓരോ തിരഞ്ഞെടുപ്പിനും മുന്നോടിയായി ഭൂരിപക്ഷ സമുദായിക ധ്രുവീകരണത്തിനുള്ള വിവിധ തന്ത്രങ്ങള്‍ ബി ജെ പി പ്രയോഗിക്കാറുണ്ട്. എണ്‍പതുകളില്‍ അയോധ്യാ പ്രശ്‌നമായിരുന്നു അവരുടെ തുറുപ്പുചീട്ട്. നേരത്തെ പാര്‍മെന്റില്‍ രണ്ട് മെമ്പര്‍മാരില്‍ ഒതുങ്ങിയിരുന്ന ബി ജെ പിയുടെ രാഷ്ട്രീയ വളര്‍ച്ചക്ക് സഹായിച്ചത് അയോധ്യ പ്രശ്‌നമാണ്. ഇതോടെയാണ് ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഉപരി വര്‍ഗീയ അജന്‍ഡകള്‍ക്ക് പാര്‍ട്ടി പ്രാമുഖ്യം നല്‍കാന്‍ തുടങ്ങിയത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യു പിയിലെ മൂസാഫര്‍ നഗറില്‍ കലാപം കുത്തിപ്പൊക്കിയത്. അത് ഏറെക്കുറെ ഫലം കാണുകയും ചെയ്തു. അതേസമയം മോദിയുടെ അധികാരാരോഹണത്തിന് ശേഷം നടന്ന ഡല്‍ഹി, ബീഹാര്‍ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വന്‍തിരിച്ചടിയാണുണ്ടായത്. കഴിഞ്ഞ മാസം നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലും അസം ഒഴിച്ചു മറ്റിടങ്ങളിലെല്ലാം പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാന്‍ പാര്‍ട്ടിക്കായില്ല. ഈ സാഹചര്യത്തില്‍ യു പി തിരഞ്ഞെടുപ്പ് ബി ജെ പിക്ക് ജീവന്‍മരണ പ്രശ്‌നമാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ മോദി സര്‍ക്കാറിന് പലപ്പോഴും തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മഥുര ലാബില്‍ നിന്ന് പുതിയൊരു റിപ്പോര്‍ട്ട് നിര്‍മിച്ചെടുത്തതിന്റെയും അത് ഉപയോഗപ്പെടുത്തി കലാപത്തിന് കോപ്പ് കൂട്ടുന്നതിന്റെയും പിന്നാമ്പുറമിതാണ്. പ്രദേശത്തെ ന്യൂന്യപക്ഷ സമൂദായാംഗങ്ങള്‍ അത്യന്തം ആശങ്കയോടെയാണ് ബി ജി പിയുടെ നീക്കങ്ങളെ നോക്കിക്കാണുന്നത്. അവരുടെ ഭീതി അകറ്റാനും സുരക്ഷിതത്വം ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. സോഷ്യല്‍ മീഡിയയിലൂടെയുളള നുണപ്രചാരണമായിരുന്നു മുസാഫര്‍ നഗര്‍ കലാപത്തിന് വഴിമരുന്നിട്ടത്. അത് കണ്ടറിഞ്ഞു പ്രതിരോധിക്കുന്നതില്‍ യു പി പോലീസിന് സംഭവിച്ച വീഴ്ചയാണ് കലാപം രൂക്ഷമാക്കാനും ആഴ്ചകളോളം നീളാനുമിടയാക്കിയത്. അതുപോലെ മറ്റൊരു നുണപ്രചാരണമാണ് ദാദ്രിയില്‍ ഇപ്പോള്‍ പ്രയോഗിച്ചു വരുന്നതെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം.

---- facebook comment plugin here -----

Latest