വികസന സങ്കല്‍പ്പവും മുകുന്ദന്റെ ചെറുകഥയും

'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ആരെ ഉദ്ദേശിച്ചെഴുതിയെന്ന് കഥ പ്രസിദ്ധീകരിച്ച കാലം കണക്കിലെടുക്കുമ്പോള്‍ വ്യക്തമാകും. അതിവേഗം ബഹുദൂരം ഭരണയന്ത്രം തിരിച്ച് ജനങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെട്ട നമ്മുടെ മുന്‍മുഖ്യമന്ത്രി തന്നെയാണ് മീത്തലെപ്പുരയില്‍ സജീവന്‍. നെടുമ്പ്രത്ത് രാധിക നമ്മള്‍ പൊതുജനം ആണ്. രാധിക ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഭരണയന്ത്രമാകുന്ന ഓട്ടോറിക്ഷ ബുദ്ധിപൂര്‍വം ഓടിക്കുക. മിതമായ സ്പീഡില്‍ യാത്രക്കാരെ കയറ്റേണ്ടിടത്തു നിന്ന് കയറ്റി ഇറക്കേണ്ടിടത്ത് ഇറക്കി മെല്ലെപ്പോയാല്‍ കടങ്ങളെല്ലാം വീട്ടാം. മുകുന്ദന്റെ കഥയിലെ ഓട്ടോറിക്ഷക്കാരന്റെ അനുഭവം ഉണ്ടാവുകയില്ല. കുറെക്കാലം കഴിഞ്ഞ് ഈ കഥ വായിക്കുന്നവര്‍ മീത്തലെപ്പുരയില്‍ സജീവനും പിണറായി വിജയനും ഒരാളു തന്നെ ആയിരുന്നു എന്നു പറയാനിടവരാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുകയാണ്.
കെ സി വര്‍ഗീസ്‌
Posted on: June 9, 2016 6:00 am | Last updated: June 9, 2016 at 1:02 am

കേരളാ സര്‍ക്കാറിന്റെ അടുപ്പില്‍ ദീര്‍ഘകാലമായി പുകഞ്ഞുകൊണ്ടിരുന്ന ചാരം പൊതിഞ്ഞ രണ്ട് തീക്കനലുകളായിരുന്നു മുല്ലപ്പെരിയാറും അതിരപ്പള്ളിയും. പണ്ട് സായിപ്പ് പണി തീര്‍ത്ത് തമിഴ്മക്കള്‍ക്ക് സമ്മാനിച്ചിട്ട് പോയ മുല്ലപ്പെരിയാര്‍ അണക്കെട്ട് ‘ഇപ്പം പൊട്ടും, ഇപ്പം പൊട്ടും’ പൊട്ടിയാല്‍ കേരളം ആകെ അറബിക്കടലില്‍ താണുപോകും എന്ന ഭീഷണി മുഴക്കി തമിഴന്മാരെയും മലയാളികളെയും തമ്മിലടിപ്പിച്ച് അതിര്‍ത്തിയില്‍ ജനജീവിതം ദുസ്സഹമാക്കിയ ഒരു മന്ത്രി നമുക്കുണ്ടായിരുന്നു. ഒരു പുതിയ ഡാം അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. അത് സാധ്യമാക്കിയാല്‍ സ്വന്തം പേരില്‍ നിലനില്‍ക്കുന്ന തന്റെ പാര്‍ട്ടിയെ അണക്കെട്ടിനെക്കാളുയരത്തില്‍ പ്രതിഷ്ഠിക്കാമെന്നും വിവിധ കരാറു പണിക്കാരിലൂടെ പാര്‍ട്ടിയെ വളര്‍ത്താനുള്ള വിഭവസമാഹരണം നടത്താമെന്നുമായിരിക്കണം മനസ്സിലിരിപ്പ്. പ്രശ്‌നം ഇപ്പോള്‍ കോടതിയിലാണ്. കോടതി എന്തു പറഞ്ഞാലും രണ്ട് സംസ്ഥാനങ്ങളും കൂടി ഇക്കാര്യത്തില്‍ ഒരു യോജിച്ച തീരുമാനത്തിലെത്താതെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന നിലപാട് സാര്‍വത്രികമായി അംഗീകരിച്ചതുമാണ്.
അതിരപ്പിള്ളി പദ്ധതി പിണറായി വിജയന്‍ വൈദ്യതി മന്ത്രിയായിരുന്നപ്പോള്‍ മുതല്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യനഷ്ടം, വനഭൂമി നഷ്ടം, തീവ്രമായ പാരിസ്ഥിതിയാഘാതങ്ങള്‍ എല്ലാം ഉയര്‍ത്തിക്കാട്ടി പരിസ്ഥിതിവാദികള്‍ അന്നേ എതിര്‍പ്പുമായി രംഗത്തുവന്നു. പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും പ്രസ്താവിച്ചു. തുടക്കത്തില്‍ തന്നെ ഇങ്ങനെ രണ്ട് ചാരം പൊതിഞ്ഞ തീക്കനലുകള്‍ വലിച്ച് പുറത്തിടേണ്ടതുണ്ടായിരുന്നോ? വേറെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണോ അധികാരമേറ്റ ആദ്യദിവസങ്ങളില്‍ തന്നെ പരിസ്ഥിതി വാദികളെയും പ്രകൃതിസ്‌നേഹികളെയും ഒന്നടങ്കം പ്രതിപക്ഷത്താക്കിക്കൊണ്ട് ഇത്തരം വന്‍ പദ്ധതികളെക്കുറിച്ചുള്ള എടുത്താല്‍ പൊങ്ങാത്ത സ്വപ്‌നങ്ങള്‍ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ചേര്‍ന്ന് ചാനല്‍ചര്‍ച്ചക്കാര്‍ക്കു മുമ്പിലേക്കു വലിച്ചെറിഞ്ഞുകൊടുത്തത്? ഒരുപക്ഷേ അസംബ്ലിയില്‍ തങ്ങള്‍ക്കഭിമുഖീകരിക്കാനുള്ളത് ദുര്‍ബലമായ പ്രതിപക്ഷത്തെയാണെന്നതിനാല്‍ അസംബ്ലിക്കു പുറത്ത് കരുത്തുള്ള ഒരു പ്രതിപക്ഷ നിര വളര്‍ന്നുവരട്ടെ എന്ന വിവേകരഹിതമായ ഒരു തീരുമാനം പാര്‍ട്ടി സെക്രട്ടറിയേറ്റ് ചേര്‍ന്നു സ്വീകരിച്ചതാകുമോ?
ആഗോളവത്കരണത്തിന്റെയും പുത്തന്‍ ഉദാരതാവാദത്തിന്റെയും കാലഘട്ടത്തില്‍ വികസനത്തെക്കുറിച്ച് അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള ചില ബദല്‍ സങ്കല്‍പങ്ങള്‍ രൂപപ്പെടുത്താനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്. ഇത് നിറവേറ്റാതെ ഉപരിവര്‍ഗ, മധ്യവര്‍ഗ താത്പര്യങ്ങളെ മാത്രം പോഷിപ്പിക്കുന്ന വികസനസങ്കല്‍പങ്ങള്‍ക്കു പിന്നാലെ പോകുന്നു എന്ന തോന്നല്‍ കാരണമാണ് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം ഇടതുപക്ഷത്തിന്റെ പ്രസക്തിയെ അംഗീകരിക്കാത്തത്.
ഇടതുജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഈ വഴിക്കുള്ള പല പുതിയചിന്തകളും വായിച്ചെടുക്കാന്‍ കഴിയും. വന്‍കിട പദ്ധതികളെക്കുറിച്ചു വിപുലമായ ചര്‍ച്ചകള്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കട്ടെ. വിവിധ കോണുകളില്‍ നിന്നു ചൂണ്ടിക്കാണിക്കുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള വിദഗ്ധ നിര്‍ദേശങ്ങള്‍ വരട്ടെ. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അല്ലെങ്കില്‍ ഒരു മന്ത്രിക്കു പ്രത്യേക താത്പര്യമുള്ള പദ്ധതി എന്ന ധാരണ പൊതുസമൂഹത്തിനുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല വന്‍ പദ്ധതികളെന്നു കേള്‍ക്കുമ്പോള്‍ ജനം അതിനു പിന്നില്‍ അഴിമതി മണക്കുന്നത് സ്വാഭാവികം. ‘പാമ്പും ചാകുകയില്ല കോലും ഒടിയുകയില്ലെ’ന്ന മട്ടിലുള്ള അഴിമതി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒരു ഒഴിയാബാധയായി നമുക്കിടയില്‍ നിലനില്‍ക്കുന്നു. ഇതെല്ലാം അന്വേഷിച്ചു തീരാന്‍ തന്നെ അനേകം വ്യാഴവട്ടങ്ങള്‍ വേണ്ടിവരും. ഈ വക കാര്യങ്ങളിലെങ്കിലും പ്രതിപക്ഷത്തെക്കൂടെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പുതിയ ചില വികസന സങ്കല്‍പങ്ങള്‍ പിന്തുടരാനുള്ള ബാധ്യത പുതിയ മന്ത്രിസഭക്കുണ്ട്.
ഈ കാര്യം അവരെ ബോധ്യപ്പെടുത്താന്‍ കൂടിയാണെന്നു തോന്നുന്നു സാഹിത്യകാരന്‍ എം മുകുന്ദന്‍ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചെറുകഥ എഴുതിയത്. മുകുന്ദന് നമ്മുടെ സാഹിത്യചരിത്രകാരന്മാര്‍ കല്‍പിച്ചു നല്‍കിയ സ്ഥാനം ആധുനികനെന്നാണ്. പലപ്പോഴും പ്രായംകൊണ്ട് മുകുന്ദനും സകറിയയും ഒക്കെ ആധുനികരാണെങ്കിലും എഴുത്തുകൊണ്ടും ദര്‍ശനങ്ങള്‍കൊണ്ടും ഉത്തരാധുനികരാണ്. രാഷ്ട്രീയ വിവാദങ്ങള്‍ മുറുകുമ്പോഴൊക്കെ അദ്ദേഹം ഇത്തരം ഓരോ കഥകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. അതെല്ലാം വിവാദങ്ങളാകാറുമുണ്ട്. എഴുത്തുകാരന്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ വായനക്കാരന്‍ കഥ വായിച്ചെടുക്കുന്നില്ലെന്നതാണ് ഉത്തരാധുനിക സാഹിത്യത്തിന്റെ ലക്ഷണമായി പറയുത്. മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥക്കു ഈ ലക്ഷണം ഇണങ്ങും. അതിസാധാരണമെന്നു തോന്നാവുന്ന അത്യന്തം ലളിതമായ ഈ കഥാഖ്യാനം ഇവിടുത്തെ ഇടതുവലതു രാഷ്ട്രീയക്കാരുടെ വികലമായ വികസനസങ്കല്‍പങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ചെറുകഥയാണ്.
‘അതിവേഗം ബഹുദൂരം’ എന്ന് ഒരു മന്ത്രം പോലെ ഉരുവിട്ടിരുന്ന ഉമ്മന്‍ചാണ്ടിയും മുകുന്ദന്റെ നായക കഥാപാത്രമായ മീത്തലെപ്പുരയില്‍ സജീവനും ഒരാള്‍ തന്നെയെന്നു പോലും കഥ വായിക്കുമ്പോള്‍ നമുക്കു തോന്നിപ്പോകും. കുറെക്കാലം കഴിഞ്ഞ് ഈ കഥ വായിക്കുന്നവര്‍ മീത്തലെപ്പുരയില്‍ സജീവനും പിണറായി വിജയനും ഒരാളു തന്നെ ആയിരുന്നു എന്നു പറയാനിടവരാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുകയാണ്. ഓട്ടോ റിക്ഷക്കാരന്‍ സജീവനും സജീവന്റെ നവവധു രാധിക എന്ന മിടുമിടുക്കിയായ നാട്ടുമ്പുറത്തുകാരിയുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. രാധികയെ സജീവനിലേക്കടുപ്പിക്കുന്നത് അയാള്‍ ബേങ്കില്‍ നിന്നു ലോണെടുത്തു വാങ്ങിയ കെ എല്‍ -37 ബി ജി 0026 എന്ന പുതുപുത്തന്‍ ഓട്ടോ റിക്ഷയാണ്. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സ്, നിറം- സണ്‍സെറ്റ് യെല്ലോ. ഓട്ടോയുടെ നമ്പറും രാധികയുടെ വയസ്സും 26. ആ ഓട്ടോ ഓടിച്ചാണ് സജീവന്‍ രാധികയെ പെണ്ണുകാണാന്‍ എത്തിയത്. പോയ വഴിക്കുതന്നെ കുറുകെ ചാടിയ ഒരു പൂച്ചയുടെ കാലൊടിച്ചു തന്റെ യാത്രാപഥത്തിലെ പ്രതിബന്ധങ്ങളെ അയാള്‍ അഭിമാനപൂര്‍വം വെല്ലുവിളിച്ചു. ആ പൂച്ച നിസ്സാരക്കാരനായിരുന്നില്ല. മുറിവേറ്റു പിടഞ്ഞ ആ പൂച്ച നീ മുടിഞ്ഞു പോകുമെടാ…. എന്നു സജീവനെ തെറിയഭിഷേകം ചെയ്തു. ആ പൂച്ച ഒരു തികഞ്ഞ അശ്ലീലപ്രിയനായിരുന്ന വട്ടക്കാരന്‍ ചന്തുവച്ചന്റെ പുനര്‍ജന്മം ആയിരുന്നു. പിന്നെങ്ങനെ തന്റെ കാലൊടിച്ച ഓട്ടോ ഡ്രൈവറെ തെറി പറയാതിരിക്കും?
രാധികക്കും അവളുടെ അച്ഛനമ്മമാര്‍ക്കും സജീവനെ ഇഷ്ടമായെങ്കിലും രാധികക്കു സജീവനെക്കാള്‍ ഇഷ്ടമായത് അയാളുടെ ഓട്ടോറിക്ഷ ആയിരുന്നു. രാധിക സുന്ദരിയാണെന്നൊക്കെ കേട്ടിരുന്നെങ്കിലും ഇത്രയും സൗന്ദര്യം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. അവളിലേക്കു പ്രവേശിക്കാന്‍, അവളെ സ്വന്തമാക്കാന്‍, പെണ്ണുകാണാന്‍ ചെന്നപ്പോള്‍ ചായക്കൊപ്പം അവള്‍ നല്‍കിയ നെയ്യപ്പം പോലെ അവളെ പറ്റിയാല്‍ കടിച്ചു തിന്നാന്‍ പോലും അവന്‍ ആഗ്രഹിച്ചു. അതിനൊന്നും അവള്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല. എല്ലാം അറിയാവുന്ന പെണ്ണായിരുന്നു അവള്‍. പ്രഥമ കൂടിക്കാഴ്ചയിലെ സ്വകാര്യ സംഭാഷണത്തില്‍ തന്നെ അവള്‍ ചോദിച്ചു: മാസഅടവ് എത്രേണ്ട്? ഓട്ടോവാങ്ങിയത് ലോണെടത്തിട്ടല്ലെ? ‘ഓ അതോ, അത് പെര്‌ത്തൊന്നും ഇല്ല. ഞാന്‍ വേഗം അതങ്ങ് അടച്ചു തീര്‍ക്കും.”അയാളുടെ മറുപടി.
അവള്‍ സംഭാഷണം തുടര്‍ന്നു. ഞാന്‍ വരാം പക്ഷെങ്കില് ഒരു കണ്ടീഷനുണ്ട്. മൂന്നു മാസം കൂടുമ്പോ എനിക്കൊരു പുതു ചുരിദാറും കുര്‍ത്തയും മേടിച്ചു തരണം. ചുരിദാറിനു മാച്ചു ചെയ്യുന്ന ചെരുപ്പും. അതിനൊന്നും പറ്റില്ലെങ്കില് ഇപ്പത്തന്നെ അതങ്ങ് പറയണം. വക്കീലിനെ കാണാനും കോടതില് കേറിയിറങ്ങാനും എന്നെ കിട്ടില്ല. സജീവന്‍ വല്ലാതെ വേവലാതിപ്പെട്ടെങ്കിലും അവളുടെ എല്ലാ നിബന്ധനകളും തലകുലുക്കി സമ്മതിച്ചു. അവളുടെ ഉടല്‍ സ്വന്തമാക്കാന്‍ അയാള്‍ക്കു അത്രകണ്ട് തിടുക്കമായിരുന്നു.
പെണ്ണുകാണലിനിടയില്‍ രാധിക വെച്ച നിബന്ധനകളെക്കാള്‍ ഭീകരമായിരുന്നു ആദ്യരാത്രിയിലെ അവളുടെ സമീപനം. അവളുടെ ആദ്യത്തെ ചോദ്യം നിങ്ങള് എന്റെ കഴുത്തില് കെട്ട്യ ഈ താലി എത്ര പവനാ? മൂന്ന് പവന്‍ കാണും; അയാള്‍ പറഞ്ഞു. ആനമുട്ട – ഇതൊരു മുക്കാല്‍ പവന്‍ പോലും കാണില്ല. അവള്‍ പുച്ഛത്തോടെ പറഞ്ഞു. അയാളുടെ നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍ അവളുടെ മുമ്പില്‍ വിസ്തരിച്ചു പറയോണ്ടി വന്നു. ബാല്യം മുതലേ അയാള്‍ കിട്ടുന്ന എല്ലായിടത്തുനിന്നും കടം വാങ്ങുന്ന സ്വഭാവക്കാരനാണ്. കഥാകൃത്തിന്റെ ഭാഷയില്‍ അയാള്‍ അമേരിക്കക്കാരെ പോലെയായിരുന്നു. അല്ല, അയാള്‍ ഒരു അമേരിക്ക ആയിരുന്നു. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണെങ്കിലും അമേരിക്കയാണല്ലോ ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും മാതൃരാജ്യം. അന്യരുടെ കീശയില്‍ പൈസയുള്ള കാലത്തോളം തനിക്കു ദാരിദ്ര്യമുണ്ടാകില്ലെന്നു അയാള്‍ വിശ്വസിക്കുന്നു. അങ്ങനെയാണല്ലൊ അമേരിക്കക്കാരനും വിശ്വസിക്കുന്നത്. സംഗതിയൊക്കെ ശരി, നാളെ മുതല് ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസ മുഴ്വോനും എന്റെ കയ്യില് തരണം. ഞാന്‍ കണക്കു വെച്ചോളാം. എല്ലാ കടോം മ്മക്ക് വീട്ടണം. ന്നിട്ട് മതി കുട്ട്യോള്. എങ്കി മ്മക്ക് ഈ ജന്മത്തില്‍ കുട്ട്യോളുണ്ടാകില്ല. അയാള്‍ നിരാശയോടെ തിരിഞ്ഞ് മലര്‍ന്നുകിടന്നു. ദ്വേഷ്യം ഒന്നും പിടിക്കണ്ടാ. അവള്‍ ബ്ലൗസിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന നിറമുള്ള ഒരു പൊതി പുറത്തെടുത്തു. അത് ഒരു പായ്ക്കറ്റ് ഗര്‍ഭനിരോധന ഉറകളായിരുന്നു. അടുത്താഴ്ച എന്റെ കല്യാണാ. എനിക്കൊരു പായ്ക്കറ്റ് നിരോധ് വേണം എന്നു പറഞ്ഞ് പതിവായി സാനിറ്ററി നാപ്കിന്‍ വാങ്ങുന്ന കടക്കാരനോട് തുറന്നു പറഞ്ഞ് ധൈര്യപൂര്‍വം വാങ്ങിയതായിരുന്നു ആ പാക്കറ്റ്. അത് കേട്ട് അയാളുടെ തല തരിച്ചു പോയി. ഇങ്ങനെയും പെണ്ണുങ്ങളൊ! എന്തുമാകട്ടെ എന്നു കരുതി അയാള്‍ ആര്‍ത്തി പ്രകടിപ്പിച്ചപ്പോള്‍ അവള്‍ മറ്റൊരു കണ്ടീഷന്‍ കൂടി വെച്ചു. എനിക്കു ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിക്കണം. അയാള്‍ അമ്പരന്നു. തന്റെ മുപ്പതു കൊല്ലത്തെ ജീവിതത്തില്‍ ഇതുവരെ ഒരു പെണ്ണ് ഓട്ടോ ഓടിക്കുന്നത് കണ്ടിട്ടില്ല. പക്ഷേ അവളുന്നയിച്ച എല്ലാ വ്യവസ്ഥകള്‍ക്കു വഴങ്ങുകയല്ലാതെ മറ്റു പോംവഴിയൊന്നും അയാള്‍ക്കു മുമ്പിലുണ്ടായിരുന്നില്ല.
കാര്യങ്ങളെല്ലാം മുറ പോലെ മുന്നോട്ടു പോയി. അയാള്‍ ഓട്ടോ ഓടിക്കുന്നതിന്റെ വേഗതക്കു മാത്രം ഒരു കുറവും സംഭവിച്ചില്ല. ഒടുക്കത്തെ ഒരു സ്പീഡ് എന്നു പറഞ്ഞ് വഴിയോരത്ത് ഓട്ടോ കാത്തു നിന്നവര്‍ അയാളെ ശപിച്ചു. ഓട്ടോയില്‍ ആള് കയറണമെന്നോ വൈകിട്ട് കാശെത്ര കീശയില്‍ വേണമെന്നോ ഉള്ള യാതൊരു നിര്‍ബന്ധവും അയാള്‍ക്കില്ലായിരുന്നു. സജീവന്റെ ഓവര്‍സ്പീഡ് കാരണം പരിചയക്കാര്‍ അയാളുടെ ഓട്ടോയില്‍ കയറാതെയായി. മീന്‍കാരന്‍ ഉണ്ടക്കണ്ണന്‍ വേലായുധന്റെ മരയ്ക്കാത്തി വല്‍സലയുടെ ഗര്‍ഭം നാലാം മാസത്തില്‍ അലസിപ്പോയത് സജീവന്റെ ഓട്ടോയില്‍ കയറി സിനിമ കാണാന്‍ പോയതുകൊണ്ടാണെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരുമായി തലങ്ങും വിലങ്ങും പായുമ്പോള്‍, അവരുടെ കീശ നിറയുമ്പോള്‍ സജീവന്‍ മരത്തിന്റെ തണലില്‍ നിര്‍ത്തിയിട്ട തന്റെ ഓട്ടോയില്‍ ഇരുന്നു ഉറക്കം തൂങ്ങുകയും താന്‍ തുരന്തോ എക്‌സ്പ്രസ് നൂറ്റിരുപത് കി. മീ. സ്പീഡില്‍ മുംബെയിലേക്കു ഓടിക്കുന്നത് സ്വപ്‌നം കാണുകയും ചെയ്തു പോന്നു. എന്റെ സജീവാ, നിനക്കെന്തിനാ ഇത്ര സ്പീഡ് എന്നാരെങ്കിലും ചോദിച്ചാല്‍ ആഗോളവത്കരണ കാലത്ത് മ്മക്ക് സ്പീഡ് കൂടും എന്നായിരിക്കും സജീവന്റെ മറുപടി.
സംഗതി ഇത്രയൊക്കെ ആയപ്പോള്‍ രാധിക പറഞ്ഞു മതി. അവള്‍ സജീവന്റെ കൈയില്‍നിന്നും ഓട്ടോറിക്ഷയുടെ താക്കോല്‍ വാങ്ങി ബ്ലൗസിനുള്ളില്‍ തിരുകി. ഇനി ഞാന്‍ ഓടിക്കും. അവള്‍ പറഞ്ഞു. അപ്പോ ഞാനോ? സജീവന്റെ ചോദ്യം. അടുക്കളേല് കേറി ചോറും കൂട്ടാനും വെക്ക്. കയ്യുങ്കില് പെറുകയും ചെയ്യ. അവള്‍ പറഞ്ഞതു പോലെ ചെയ്തു. പിറ്റേന്നു സജീവന്‍ ഉണരുന്നതിനു മുമ്പുതന്നെ ചുരിദാറും കുര്‍ത്തയും ധരിച്ച് ഷാള്‍ അരയില്‍ മുറുക്കിക്കെട്ടി മന്ദം മന്ദം ഓട്ടോ ഓടിച്ചു പോകുന്ന രാധികയെ നാട്ടുകാരും സജീവന്റെ സഹഡ്രൈവര്‍മാരും വരവേറ്റു. അവര്‍ അവള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു. ആ പതിവു തുടര്‍ന്നു പോയി. ഒരു ഓട്ടോ റിക്ഷയുടെ സാധ്യതകള്‍ എന്തൊക്കെ എന്നവള്‍ സജീവനെ ബോധ്യപ്പെടുത്തി. അവരുടെ വെഡ്ഡിംങ് ആനിവേഴ്‌സറി ദിവസം അവള്‍ പതിവിലും നേരത്തെ വീട്ടിലെത്തി. ബ്ലൗസിനുള്ളില്‍ നിന്നും മൂന്നര പവന്റെ താലിമാല പുറത്തെടുത്തു. സജീവനെക്കൊണ്ടത് അവള്‍ തന്റെ കഴുത്തിലിടുവിച്ചു. മ്മളെ അടവു മുഴുവനും തീര്‍ന്നു. എന്റെ കഴുത്തില് മൂന്നര പവന്റെ താലിം ആയി. എനി മ്മക്ക് ഒരു കുഞ്ഞ് വേണം. ദിവ്യമോള്. സജീവന്‍ തനിക്ക് ജനിക്കാനിരിക്കുന്ന കുട്ടിക്കായി കരുതി വെച്ചിരുന്ന പേരാണ് ഓട്ടോറിക്ഷക്കു ഇട്ടിരുന്ന ദിവ്യമോള്‍. വാ. അവള്‍ വിളിച്ചു. നെടുമ്പ്രത്ത് രാധിക മീത്തലെപ്പുരയില്‍ സജീവന്റെ കൈപിടിച്ച് കിടപ്പു മുറിയിലേക്കു നടന്നു. ഇവിടെ കഥ അവസാനിക്കുന്നു.
മുകുന്ദന്‍ ഈ കഥ ആരെ ഉദ്ദേശിച്ചെഴുതിയെന്ന് കഥ പ്രസിദ്ധീകരിച്ച കാലം കണക്കിലെടുക്കുമ്പോള്‍ വായനക്കാര്‍ക്കു വ്യക്തമാകും. അതിവേഗം ബഹുദൂരം ഭരണയന്ത്രം തിരിച്ച് ജനങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെട്ട നമ്മുടെ മുന്‍മുഖ്യമന്ത്രി തന്നെയാണ് മീത്തലെപ്പുരയില്‍ സജീവന്‍. നെടുമ്പ്രത്ത് രാധിക നമ്മള്‍ പൊതുജനം ആണ്. രാധിക ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഭരണയന്ത്രമാകുന്ന ഓട്ടോറിക്ഷ ബുദ്ധിപൂര്‍വം ഓടിക്കുക. മിതമായ സ്പീഡില്‍ യാത്രക്കാരെ കയറ്റേണ്ടിടത്തു നിന്ന് കയറ്റി ഇറക്കേണ്ടിടത്ത് ഇറക്കി മെല്ലെപ്പോയാല്‍ കടങ്ങളെല്ലാം വീട്ടാം. മുകുന്ദന്റെ കഥയിലെ ഓട്ടോറിക്ഷക്കാരന്റെ അനുഭവം ഉണ്ടാവുകയില്ല. കടം വാങ്ങിക്കൂട്ടി വന്‍ പദ്ധതികള്‍ക്കു പിന്നാലെ പോകുന്നവര്‍ക്കു നല്ല ഒരു നേരമ്പോക്കായിരിക്കും ഈ കഥയുടെ പാരായണം.
(കെ സി വര്‍ഗീസ് ഫോണ്‍-9446268581)