Connect with us

Kerala

മന്ത്രി വി എസ് സുനില്‍ കുമാറിനെതിരെ അഴിമതി ആരോപണം

Published

|

Last Updated

തൃശൂര്‍: മന്ത്രി വി എസ് സുനില്‍ കുമാറിനെതിരെ അഴിമതി ആരോപണവുമായി ബി ജെ പി സംസ്ഥാന സെക്രട്ടറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. ബി ഗോപാലകൃഷ്ണന്‍. പിണറായി മന്ത്രിസഭയില്‍ അഴിമതിക്കാരും സ്വജനപക്ഷക്കാരുമുണ്ടെന്നും അതിലൊരാളാണ് സുനില്‍ കുമാറെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഒരു ദിവസം പോലും പ്രാക്ടീസ് നടത്തിയിട്ടില്ലാത്ത, ബാര്‍ കൗണ്‍സിലില്‍ അംഗം പോലുമല്ലാത്ത ഭാര്യ രേഖയെ 2001-2006 കാലയളവില്‍ തൃശൂര്‍ കണ്‍സ്യൂമര്‍ കോടതി ജഡ്ജിയായി നിയമിച്ചതിന് പിന്നില്‍ സുനില്‍ കുമാറിന്റെ വഴിവിട്ട സമ്മര്‍ദമുണ്ട്. യോഗ്യരായ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ മറികടന്നാണ് രേഖയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ഒരുകോടി 73 ലക്ഷം രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും സി പി ഐയുമായി ബന്ധമുള്ളയാളുമായ ഡോ. കെ അരവിന്ദാക്ഷനെ കാര്‍ഷിക സര്‍വകലാശാലാ രജിസ്ട്രാര്‍ ആയി നിയമിച്ചതിലും സുനില്‍ കുമാറിന് കാര്യമായ പങ്കുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്ല തുക സംഭാവന ചെയ്ത വെറ്ററിനറി സര്‍വകലാശാലയിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് സര്‍വകലാശാലയുടെ പ്രൊ. വൈസ് ചാന്‍സലര്‍ പദവി മന്ത്രി പിടിച്ചുവാങ്ങി. നിയമസഭയുടെ ചട്ടം ലംഘിച്ചാണ് ഈ പദവി നേടിയെടുത്തത്.
തൃശൂര്‍ കോര്‍പറേഷന്റെ അനാസ്ഥക്ക് ഇരയായി കാനയില്‍ വീണ് മരിച്ച നിര്‍ധന കുടുംബാംഗമായ നിഷാന്ത് എന്ന യുവാവിന്റെ വീട് സന്ദര്‍ശിക്കാനോ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായമെത്തിച്ച് നല്‍കുന്നതിനോ മന്ത്രി സുനില്‍ കുമാര്‍ തയ്യാറായില്ല. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമുമായി സുനില്‍ കുമാറിന് ബന്ധമുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. നിസാമുമായി നിരവധി വേദികള്‍ പങ്കിടാനും ഡൊണേഷന്‍ സ്വീകരിക്കാനും അദ്ദേഹം തയ്യാറായി. നിഷേധിച്ചാല്‍ ഇത് തെളിയിക്കുന്ന ഫോട്ടോകള്‍ പുറത്തുവിടും. തൃശൂരിലെ ചണ്ടിപ്പുള്ളി പാടം മണ്ണിട്ട് നികത്തിയതിന് പിന്നിലെ ഗൂഢാലോചന ബി ജെ പി ഉടന്‍ വെളിച്ചത്ത് കൊണ്ടുവരുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

Latest