ഉംറ വിസ അനുമതിക്കുള്ള തീയതി റമസാന്‍ 15 വരെ ദീര്‍ഘിപ്പിച്ചു

Posted on: June 8, 2016 6:19 pm | Last updated: June 9, 2016 at 9:37 pm

ദോഹ: റമസാനില്‍ ഉംറ നിര്‍വഹിക്കുന്നതിന് വിദേശികള്‍ക്ക് വിസ അനുമതി നല്‍കുന്നത് സഊദി ഹജ്ജ് മന്ത്രാലയം റമസാന്‍ 15 വരെ നീട്ടി. ഇതേത്തുടര്‍ന്ന് ഖത്വറിലെ സഊദി എംബസിയില്‍ നിന്നും റമസാന്‍ 15 വരെ അനുമതി കിട്ടും. നേരത്തേ ശഅബാന്‍ 30 വരെ മാത്രമേ വിസ അപ്രൂവല്‍ നല്‍കൂ എന്ന് അറിയിച്ചിരുന്നു.
പുതിയ അറയിപ്പു പ്രകാരം തീര്‍ഥാടനം ഉദ്ദേശിക്കുന്നവര്‍ക്ക് റമസാന്‍ 15നകം അംഗീകൃത ഏജന്‍സികളിലൂടെ വിസ അപ്രൂവല്‍ സ്വീകരിച്ച് റമസാന്‍ അവസാനിക്കുന്നതിന് മുമ്പ് സഊദിയില്‍ പ്രവേശിക്കുന്ന രീതില്‍ യാത്ര ആസൂത്രണം ചെയ്യാം. അപ്രൂവല്‍ നിര്‍ത്തിവെക്കുന്നതായുള്ള അറിയിപ്പ് യാത്ര ഉദ്ദേശിച്ച ഒട്ടേറെ പേര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. അതേസമയം നിര്‍ത്തിവെക്കുന്നതായ വാര്‍ത്ത വന്നതോടെ മലയാളികളുള്‍പ്പെടെയുള്ളവര്‍ നേരത്തേ അപ്രൂവല്‍ എടുത്തുവെക്കാന്‍ ശ്രദ്ധിച്ചു. ഇതോടെ ഉംറ സേവനം നടത്തുന്ന ഏജന്‍സികളിലെല്ലാം ഏതാണ്ട് ബുക്കിംഗ് പൂര്‍ത്തിയായി. ജൂണ്‍ 24നു പുറപ്പെടുന്ന സംഘത്തില്‍ മാത്രമേ സീറ്റ് ഒഴിവുള്ളൂ എന്നും മറ്റു ട്രിപ്പുകളെല്ലാം പൂര്‍ത്തിയായെന്നും ഐ സി എഫ് ഉംറ ഓഫീസ് അറിയിച്ചു.
റമസാനില്‍ ഹറമിലെ തിരക്കു കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നരത്തേ അപ്രൂവല്‍ നിര്‍ത്തിവെക്കുന്നതെന്നായിരുന്നു സൂചന. റമസാനില്‍ ലഭിക്കുന്ന വിസ ഉപയോഗിച്ച് ഈദുല്‍ ഫിത്വറിനു ശേഷം ഉംറ തീര്‍ഥാടനം നടത്താന്‍ കഴിയില്ല. റമസാനോടെ ഈ വര്‍ഷത്തെ വിദേശികളുടെ ഉംറ യാത്ര നിര്‍ത്തി വെക്കും. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ക്കു വേണ്ടിയാണിത്. സഊദിയിലുള്ളവരുടെ ആഭ്യന്തര ഉംറയും വിസയില്ലാതെ സഊദിയിലേക്കു പ്രവേശിക്കാന്‍ കഴിയുന്ന ജി സി സി പൗരന്‍മാരും മാത്രമായരിക്കും റമസാനു ശേഷം ഹജ്ജ് വരെയുള്ള കാലയളവില്‍ ഉംറ തീര്‍ഥാടനത്തിനെത്തുക. വിദേശികള്‍ക്ക് ഇനി റബീഉല്‍ അവ്വല്‍ മാസത്തോടെയാണ് ഉംറക്ക് വിസ ലഭിക്കുക.