Connect with us

Gulf

ഇന്ത്യന്‍ എംബസി മാറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി

Published

|

Last Updated

ദോഹ: ഇന്ത്യന്‍ എംബസി സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശത്തേക്ക് മാറ്റുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ്-ഖത്വര്‍ (സിഐഎക്യു) ആണ് പരാതി അയച്ചത്. നിലവിലുള്ള എംബസിയെ അപേക്ഷിച്ച് പുതുതായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്തിന്റെ അപര്യാപ്തതകളും ഇക്കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്നുണ്ടായ ഏകപക്ഷീയ നിലപാടുകളും വിശദീകരിച്ചാണ് മെയില്‍. പ്രധാനമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കഴിഞ്ഞ മാസം 18നും ജൂണ്‍ ഒന്നിനുമായി അയച്ച മെയിലിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഖത്വറിലെ വിവിധ സംഘടനാ പ്രതിനിധികളും ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും ഉള്‍പ്പെടുന്നതാണ് കോണ്‍ഫെഡറേഷന്‍. ദോഹയിലത്തെിയ പ്രധാനമന്ത്രിക്ക് നേരിട്ടും പരാതി കൈമാറിയിട്ടുണ്ട്.
ഹിലാലില്‍ പ്രവര്‍ത്തിക്കുന്ന എംബസി ഈ മാസം വെസ്റ്റ് ബേയിലെ കെട്ടിടത്തിലേക്കു മാറ്റുമെന്ന് അംബാസഡര്‍ വിളിച്ചു ചേര്‍ത്ത പ്രവാസി സംഘടനകളുടെ യോഗത്തില്‍ അറിയിച്ചിരുന്നു. അതേ യോഗത്തില്‍ വച്ചു തന്നെ സംഘടനകള്‍ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള പ്രായോഗിക പ്രശ്‌നം ചൂണ്ടിക്കാട്ടി. എന്നാല്‍, പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ക്ക് പുറം കരാര്‍ നല്‍കന്നതിനാല്‍ എംബസി സന്ദര്‍ശിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് അംബാസിഡര്‍ മറുപടി നല്‍കുകയായിരുന്നു. എന്നാല്‍, പുറംകരാര്‍ നല്‍കുന്നതിന് കമ്പനികളെ ക്ഷണിക്കുന്നതിനുള്ള ടെന്‍ഡറിന്റെ പ്രാഥമിക നടപടികള്‍ പോലും ആയില്ലെന്നും ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നുമാണ് അറിയുന്നതെന്ന് ഇമെയിലില്‍ പറയുന്നു.
പുതിയ എംബസി കെട്ടിത്തിന് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ 100 പാര്‍കിംഗ് സൗകര്യം വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍, നിര്‍ദിഷ്ട കെട്ടിടത്തിനു പുറത്ത് ഒരു വാഹനം നിര്‍ത്തിയിടാന്‍ പോലുമുള്ള സ്ഥലമില്ലെന്ന് ഇമെയില്‍ പരാതിപ്പെടുന്നു. പൊതു ഗതാഗത സൗകര്യത്തിന്റെ അഭാവമാണ് മറ്റൊരു പ്രശ്‌നം. തൊട്ടടുത്ത ബസ് സ്റ്റോപ്പ് രണ്ടു കിലോമീറ്റര്‍ അകലെയാണ്. 50 ഡിഗ്രി വരെയെത്തുന്ന ചൂടുകാലത്ത് സാധാരണക്കാര്‍ക്ക് ഇത്രയും ദൂരം നടന്നു പോകേണ്ടി വരും.
മറ്റൊരു മാര്‍ഗം മെട്രോ റയിലാണ്. ഇത് പൂര്‍ത്തിയാകാന്‍ 2019 വരെ കാത്തിരിക്കണം. തിരക്കേറിയ പാര്‍പ്പിട കേന്ദ്രവും, ലബ്‌നീസ് സ്‌കൂള്‍, ഫ്രഞ്ച് സ്‌കൂള്‍ തുടങ്ങിയ കമ്യൂണിറ്റി സ്‌കൂളുകള്‍ നില്‍ക്കുന്ന സ്ഥലവും ആയതിനാല്‍ ഉച്ചയ്ക്കു ശേഷവും വൈകുന്നേരങ്ങളിലും ടാക്‌സികള്‍ ലഭിക്കാന്‍ പോലും പ്രയാസമായിരിക്കും.
2015 ഒക്‌ടോബറില്‍ പുതിയ എംബസി കെട്ടിടത്തിന് വേണ്ടി കണ്ടെത്തിയ സ്ഥലം വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘമെത്തി പരിശോധിച്ചിരുന്നു. അഡീഷനല്‍ സെക്രട്ടറിയും ഇന്‍സ്‌പെക്ഷന്‍സ് ഡയറക്ടര്‍ ജനറലുമായ എ എം ഗൊണ്ടാനെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുതിയ സ്ഥലത്ത് സാധാരണക്കാര്‍ക്ക് എത്തിപ്പെടാനുള്ള പ്രയാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലുള്ള അംബാസഡര്‍ സഞ്ജീവ് അറോറയുടെ കാലാവധി അവസാനിരിക്കേ പുതിയ അംബാസഡര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വരെ എംബസി മാറ്റുന്ന നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ഇമെയിലിലെ അഭ്യര്‍ഥന.

Latest