Connect with us

Kozhikode

കോടഞ്ചേരിയിലും പുതുപ്പാടിയിലും പകര്‍ച്ചവ്യാധി ഭീഷണി

Published

|

Last Updated

താമരശ്ശേരി: കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. ഡെങ്കിപനി സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ ഇരുനൂറോളം ആളുകളാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. പുതുപ്പാടി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാര്‍ഡുകളില്‍ പെട്ട അടിവാരം, മുപ്പതേക്ര, പൊട്ടിക്കൈ, പ്രദേശങ്ങളിലും കോടഞ്ചേരി പഞ്ചായത്തില്‍പെട്ട മരുതിലാവ്, ചിപ്പിലിത്തോട് പ്രദേശങ്ങളുലുമാണ് ചകര്‍ച്ച വ്യാധികള്‍ പടരുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറല്‍ പനി എന്നിവയാണ് കൂടുതല്‍ പേര്‍ക്കും ബാധിച്ചിരിക്കുന്നത്. ചിപ്പിലിത്തോട് സ്വദേശികളായ പീടികത്തോട് ചീരു, മകന്‍ രാജേഷ്(28), ഭഗവദ്കണ്ടി മിഷില്‍(25), തേരോട്ടില്‍ ലൗലി ബെന്നി(36), റോസമ്മ നിരപ്പേല്‍, അടിവാരം സ്വദേശികളായ കണലാട് ഓങ്ങിലോറ ഇര്‍ഷാദ്(17), കല്ലുംകോറി അഹമ്മദ്കുട്ടി(80), വള്ള്യാട് കടിവെട്ടിചാലില്‍ ആദര്‍ഷ്(15), കണലാട് മൊയ്തീന്‍(85), മൈലള്ളാംപാറ അമ്പലപടി ബൈജു(36), കട്ടിപ്പാറ ചമല്‍ പൂവന്‍മല അര്‍ജുന്‍(14) തുടങ്ങിയ ഇരുപതോളം പേര്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചുരത്തിലെ വന പ്രദേശത്തെ മാലിന്യ നിക്ഷേപം പകര്‍ച്ച വ്യാധിക്ക് കാരണമാകുന്നുണ്ടെന്നും ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അഞ്ച് ദിവസത്തെ ഫോഗിംഗും ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലപ്രദമായില്ലെന്നാണ് ആശുപത്രികളിലെത്തുന്നവര്‍ നല്‍കുന്ന സൂചന. ഏക്കര്‍ കണക്കായ റബര്‍ തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമാകാന്‍ ശക്തമായ ജനകീയ കൂട്ടായ്മ അനിവാര്യമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗിനുപയോഗിക്കുന്ന ചിരട്ടകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വളരാന്‍ കാരണമാകുന്നുണ്ട്. കൊക്കോയുടെ തോട്, റബര്‍ കായ തുടങ്ങിയവയും പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ചുരത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളത്തെ ആശ്രയിക്കുന്നവര്‍ക്ക് മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നത്. സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ളവയില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളര്‍ച്ചക്ക് ആക്കം കൂട്ടുന്നുണ്ട്. പോലീസും ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി ചുരത്തിലെ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.