മര്‍കസ് ബോര്‍ഡിംഗ് മദ്‌റസയില്‍ അസീസ് മുസ്‌ലിയാരുടെ സ്‌നേഹാധ്യാപനത്തിന് മുപ്പതാണ്ട്

Posted on: June 8, 2016 9:28 am | Last updated: June 8, 2016 at 9:28 am
SHARE

കുന്നമംഗലം: സ്‌നേഹവും ലാളിത്യവും മുഖമുദ്രയാക്കിയ അസീസ് മുസ്‌ലിയാരുടെ മര്‍കസ് അധ്യാപന ജീവിതത്തിന് മൂന്ന് പതിറ്റാണ്ട് തികയുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായുള്ള അടുപ്പമാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1987ല്‍ കട്ടിപ്പാറ വി ഒ ടി സ്വദേശി നൊച്ചിക്കുന്നുമ്മല്‍ അസീസ് മുസ്‌ലിയാരെ മര്‍കസ് ബോര്‍ഡിംഗിലെത്തിച്ചത്.
മര്‍കസ് ബോര്‍ഡിംഗില്‍ സഹപ്രവര്‍ത്തകരായി ഉണ്ടായിരുന്നവര്‍ പ്രവാസത്തിലേക്കും മറ്റുമായി ചേക്കേറിയപ്പോഴും മര്‍കസില്‍ എ പി ഉസ്താദിന്റെ തണലിലായുള്ള സേവനം കൈവിടാന്‍ അസീസ് മുസ്‌ലിയാര്‍ക്കായില്ല. കാരുണ്യവും സ്‌നേഹവും ലാളിത്യവുമെല്ലാം ഒത്തു ചേരുന്നതാണ് അസീസ് മുസ്‌ലിയാരെ വ്യത്യസ്തനാക്കുന്നത്. വടികൊണ്ടുള്ള പ്രഹരങ്ങള്‍ക്ക് പകരം സ്‌നേഹഭാഷണമായിരുന്നു ഉസ്താദിന്റെ ആയുധമെന്ന് പൂര്‍വ വിദ്യാര്‍ഥികള്‍ ഓര്‍ത്തെടുക്കുന്നു. കണ്ണുരുട്ടലോ കനപ്പിച്ചുള്ള സംസാരമോ ഉസ്താദില്‍ നിന്ന് ഉണ്ടായിട്ടില്ല. സ്‌നേഹത്തോടെയുള്ള നോട്ടം മാത്രം മതി. അതില്‍ എല്ലാം അടങ്ങിയിരിക്കുമെന്ന് ശിഷ്യഗണങ്ങള്‍ പങ്കുവെക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് നല്ലൊരു രക്ഷകര്‍ത്താവ് കൂടിയായിരുന്നു അസീസ് ഉസ്താദ്. 54 വയസ്സ് പിന്നിടുമ്പോള്‍ ആയിരക്കണക്കിന് പേര്‍ക്ക് വിദ്യപകരാനും അദ്ദേഹത്തിന് സാധിച്ചു. ഉയര്‍ന്ന സര്‍ക്കാര്‍, പ്രൈവറ്റ് ഉദ്യോഗങ്ങളില്‍ എത്തിയവരും ശിഷ്യരുടെ കൂട്ടത്തിലുണ്ട്. പഴയ ശിഷ്യഗണങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും തന്നെ കാണാനെത്തുന്നതും ഓര്‍ക്കുന്നതുമെല്ലാം വളരെ ആത്മസംതൃപ്തി നല്‍കുന്നതായി അസീസ് മുസ്‌ലിയാര്‍ പറയുന്നു. സ്‌നേഹമാണ് അധ്യാപനത്തിന്റെ മനഃശാസ്ത്രമെന്ന് അസീസ് മുസ്‌ലിയാര്‍ വിശ്വസിക്കുന്നു. പരിഭവങ്ങളും പരാതികളുമില്ലാതെ സ്‌നേഹ മന്ത്രമായി കഴിയുന്ന അസീസ് മുസ്‌ലിയാര്‍ക്ക് മുപ്പതാണ്ടിന്റെ ആദരവ് നല്‍കിയിരിക്കുകയാണ്. മര്‍കസ് ബോര്‍ഡിംഗും പൂര്‍വ വിദ്യാര്‍ഥികളും.
ബോര്‍ഡിംഗ് അലുംനി അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ 2005-06 അധ്യായന വര്‍ഷത്തെ പൂര്‍വ വിദ്യാര്‍ഥികളാണ് തങ്ങളുടെ പ്രിയ ഗുരുവിന് ആദരിച്ചത്.