കോഴിക്കോടിനെ ശിശുസൗഹൃദ ജില്ലയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Posted on: June 8, 2016 9:27 am | Last updated: June 8, 2016 at 9:27 am
SHARE

കോഴിക്കോട്: കോഴിക്കോടിനെ ശിശുസൗഹൃദ ജില്ലയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ശിശു സംരക്ഷണ സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച കരട് നിര്‍ദേശം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ശിശുസൗഹൃദ ഡെസ്‌കുകള്‍ ഉണ്ടാക്കും. അതത് പ്രദേശങ്ങളിലെ കുട്ടികളുടെ സ്ഥിതിവിവരക്കണക്കും സാമൂഹിക നിലയും ശേഖരിക്കുകയും ഓരോ പ്രദേശത്തിനും അനുയോജ്യമായ ശിശുസംരക്ഷണ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. പരിതാപകരമായ ജീവിത സാഹചര്യമുള്ള കുട്ടികളെ കണ്ടെത്തി സംസ്ഥാന സര്‍ക്കാറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതികളാവിഷ്‌ക്കരിക്കും.
ശിശു സൗഹൃദ ജില്ലയെന്ന ലക്ഷ്യത്തിന്റെ മുന്നോടിയായി പഞ്ചായത്ത്- ബ്ലോക്ക്- മുനിസിപ്പാലിറ്റി- കോര്‍പറേഷന്‍ തലങ്ങളില്‍ ജൂലൈയോട്കൂടി ശിശുസുരക്ഷാ സമിതികള്‍ സജീവമാക്കും, സ്‌കൂളുകളിലെ ടോയ്‌ലറ്റ് ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കാന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഇടക്കിടെ സ്‌കൂള്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കണമെന്നും പൊതുജനങ്ങള്‍ ഇത്തരക്കാരെ കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും യോഗത്തില്‍ സംസാരിച്ച ജില്ലാ ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. സമൂഹത്തിലെ സാധാരണ സ്‌കൂളുകള്‍ മുതല്‍ വലിയ ഫീസ്‌കൊടുത്ത് പഠിക്കുന്ന സ്‌കൂളുകളില്‍ വരെ മദ്യ- മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.