ജില്ലയില്‍ പനി പടരുന്നു; ഇന്നലെ ചികിത്സ തേടിയത് 1465 രോഗികള്‍

Posted on: June 8, 2016 9:26 am | Last updated: June 8, 2016 at 9:26 am

fever thermometerമലപ്പുറം: മഴയെത്തിയതോടെ ജില്ല പകര്‍ച്ചപ്പനിയുടെ പിടിയില്‍. ഇന്നലെ മാത്രം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തിയത് 1465 രോഗികളാണ്. ഒരാഴ്ച്ചക്കിടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത് 5938 പേര്‍. ഇതില്‍ 20 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയമുള്ളവയാണ്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 37 പേര്‍ക്ക് മലമ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് പേര്‍ ഇന്നലെ ടൈഫോയിഡിനും ചികിത്സ തേടിയ അതേ സമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണം കുറവാണെന്നും കൂടുതല്‍ പേര്‍ക്ക് പനിപടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമറുല്‍ ഫാറൂഖ് പറഞ്ഞു.
പനിബാധിതരുടെ എണ്ണം വര്‍ധിച്ചത് കണക്കിലെടുത്ത് ആവശ്യത്തിനനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. പനി ബാധിതര്‍ക്ക് മാത്രമായി പ്രത്യേകം സജ്ജീകരിച്ച കൊതുകുരഹിത വാര്‍ഡ് തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലുമാണ് കൊതുകിന് പ്രവേശിക്കാന്‍ സാധിക്കാത്ത കൊതുക് രഹിത വാര്‍ഡുകള്‍ തയ്യാറാക്കുന്നത്. യാന്ത്രികമായി അടയുന്ന വാതിലുകളും കൊതുകുവലകളും ഉപയോഗപ്പെടുത്തിയാണ് ഇത്തരം വാര്‍ഡുകള്‍ സജ്ജീകരിക്കുക. പനി പ്രതിരോധത്തിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകള്‍ എത്തിച്ചതായും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തിയതായും ജില്ലാമെഡിക്കല്‍ ഓഫീസര്‍ സിറാജിനോട് പറഞ്ഞു.
ഇടക്കിടെയുണ്ടായ വേനല്‍മഴയാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്തും മലപ്പുറത്തുമാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പനിയുള്‍പ്പടെയുള്ള മഴക്കാല പകര്‍ച്ചവ്യാധികള്‍ തടയാനായി മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടും പനി പിടിമുറുക്കുന്നത് ആശങ്കയിലാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പും ശുചിത്വമിഷനും ചേര്‍ന്ന് ജൂണ്‍ അഞ്ച് വരെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിയിരുന്നു. കൊതുകു സാന്ദ്രത അപകടകരമായ നിലയില്‍ വര്‍ധിച്ചതാണ് പകര്‍ച്ച വ്യാധികള്‍ പടരുവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്ന തോടുകളിലും ഓടകളിലുമാണ് കൊതുകുമുട്ടയിടുന്നത്. നഗരമധ്യത്തിലടക്കം ഇത്തരം മലിനമായ തോടുകള്‍ ഏറെയുണ്ട്. നഗരത്തിലെ തോടുകളിലേക്കും ഓടകളിലേക്കും വന്‍കിട ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് മാലിന്യം തള്ളുന്നത് കൊതുകു പെരുകുന്നതിന് കാരണമായിട്ടുണ്ട്.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍ നഗരപ്രദേശങ്ങളില്‍ നടത്തിയ കൊതുകുസാന്ദ്രത പരിശോധനയില്‍ ഇരുപതോളം സ്ഥലങ്ങളില്‍ കൊതുകുമൂലമുള്ള രോഗ്യവ്യാപന സാധ്യത അപകടകരമായ രീതിയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഈ മാസം പത്തിന് വീണ്ടും പരിശോധന നടത്തുമെന്നും തുടര്‍ന്നും കൊതുകു സാന്ദ്രത കുറഞ്ഞില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി എം ഒ പറഞ്ഞു.