52 മഹാരഥന്‍മാരുടെ ഓര്‍മകളിലേക്ക് വെളിച്ചം വീശാന്‍ ചരിത്രപഠനം

Posted on: June 8, 2016 9:25 am | Last updated: June 15, 2016 at 4:41 pm

Ramzan Logo----------3മലപ്പുറം: വിശുദ്ധ റമസാനില്‍ മണ്‍മറഞ്ഞ 52 മഹാരഥന്‍മാരുടെ ചരിത്ര സ്മരണകള്‍ പഠന വിധേയമാക്കുന്ന സവിശേഷമായ വിജ്ഞാന വേദിക്ക് തുടക്കമിടുകയാണ് മലപ്പുറം മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്. റമസാനിനോടനുബന്ധിച്ച് നടത്തുന്ന 30 ഇന കര്‍മ പരിപാടിയുടെ ഭാഗമായാണിത്.
ഇന്ന് അസര്‍ നിസ്‌കാര ശേഷം ആരംഭിക്കുന്ന ചരിത്ര പഠന വേദിയില്‍ ഓരോ ദിവസവും രണ്ട് മഹാന്മാരുടെ ചരിത്രങ്ങളാണ് പഠന വിധേയമാക്കുന്നത്. മഹത്തായ ജീവിതം നയിച്ച് ഇസ്‌ലാമിക ചരിത്രത്തില്‍ ഇടം നേടിയവരെ കുറിച്ച് അറിയാനും പഠിക്കാനുള്ള അവസരമാണ് കൈവരുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പി ക്കുന്നത്. റമസാന്‍ മുപ്പതിന് പൂര്‍ത്തിയാകുന്ന ചരിത്ര പഠന വേദിയെ അടിസ്ഥാനമാക്കി നടത്തുന്ന വിജ്ഞാന പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് സ്വര്‍ണ മെഡലുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ചരിത്രങ്ങള്‍ അറിയുന്നവരുടെ എണ്ണം ചുരുങ്ങി ക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരം ആത്മീയ വേദികള്‍ അനുഗ്രഹമാണ്.
ഭൂതമറിയാത്തവന് ഭാവിയും വര്‍ത്തമാനവുമില്ലെന്നിരിക്കെ ചരിത്ര പഠനം അന്യമാകുന്ന പുതിയ തലമുറക്ക് മഹാന്മാരുടെ ജീവിത വഴികളിലേക്ക് വെളിച്ചം വീശുന്നതാകും പരിപാടി. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമസാനില്‍ മഹാന്മാരെ സ്മരിക്കുന്നത് വളരെയധികം പ്രതിഫലമുള്ളതാണ്. അമ്പിയാക്കളെ സ്മരിക്കല്‍ ആരാധനയുടെ ഭാഗമാണെന്നും സജ്ജനങ്ങളെ സ്മരിക്കല്‍ പാപമോചനത്തിന് സഹായകമാകുമെന്നുമാണ് പ്രവാചക വചനം. ചരിത്രം പഠിക്കുന്നവന്റെ ബുദ്ധി വികസിക്കുമെന്നാണ് ലോക പ്രശസ്ത കര്‍മ ശാസ്ത്ര പണ്ഡിതന്‍ ഇമാം ശാഫിഈ (റ) ഇമാമിന്റെ പക്ഷം. ഫാത്വിമ ബീവി(റ), ഖദീജ ബീവി(റ), ആയിശ(റ), അലിയ്യിബ്‌നു അബീത്വാലിബ്(റ), റുഖിയ്യ ബീവി(റ), നഫീസതുല്‍ മിസ്‌രിയ്യ(റ), ബദ്‌റില്‍ ശഹീദായ 14 സ്വഹാബികള്‍, ഇമാം മുസ്‌നി(റ), അലിയ്യുര്‍രിളാ(റ), ഇമാം ബാഫള്ല്‍(റ), ഇബ്‌നു അല്‍ ജൗസി(റ), സുര്‍രി സഖതി(റ), അബ്ദുല്ലാഹിബ്‌നു മുബാറക്ക്(റ), ഇബ്‌നു ശിഹാബ് അസുഹ്‌രി(റ), അബൂശാമ:(റ), ഇബ്‌നുമാജ(റ), അതാഉബ്‌നു അബീറബാഹ്(റ), സഈദ്ബ്‌നു മന്‍സൂര്‍(റ) തുടങ്ങിയ അന്‍പത്തി രണ്ടോളം മഹാന്മാരെ കുറിച്ചുള്ള പഠനങ്ങളാണ് അവതരിപ്പിക്കുന്നത്. അഹ്മ്മദ് കാമില്‍ സഖാഫി മമ്പീതിയാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്.