Connect with us

Malappuram

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി സ്ഥാനാര്‍ഥിയായേക്കും

Published

|

Last Updated

തിരൂരങ്ങാടി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗ് മുന്‍ എം എല്‍ എയും പ്രഭാഷകനുമായ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി സ്ഥാനാര്‍ഥിയായേക്കും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ട രണ്ടത്താണിക്ക് ലോക്‌സഭാ സീറ്റ് നല്‍കണമെന്നാണ് മുസ്‌ലിംലീഗില്‍ പൊതുവെയുള്ള അഭിപ്രായം. നിലവിലെ പൊന്നാനി ലോക്‌സഭാ എം പി ഇ ടി മുഹമ്മദ് ബശീറിനെ മലപ്പുറം മണ്ഡലത്തിലേക്ക് മാറ്റി കൊണ്ടായിരിക്കും ഇത്.
മലപ്പുറം എം പിയായ ഇ അഹമ്മദ് പ്രായാധിക്യം കാരണം ഇനി മത്സര രംഗത്തുണ്ടാവാന്‍ ഇടയില്ല. അതുകൊണ്ടാണ് മലപ്പുറം മണ്ഡലം ഇ ടി മുഹമ്മദ് ബശീറിന് നല്‍കുന്നത്. രണ്ട് തവണ എം എല്‍ എയായ വ്യക്തിയും മുസ്‌ലിംലീഗിന്റെ പ്രഭാഷകനുമായ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നാണ് ലീഗണികളുടേയും താല്‍പര്യം. പക്ഷെ ഇ ടി മുഹമ്മദ് ബശീറിനെ ഇവിടെ നിന്ന് മാറ്റുന്നതിനോട് പലര്‍ക്കും താല്‍പര്യമില്ലത്രെ.
ഇ ടി മാറിയാല്‍ നിലവിലത്തെ അവസ്ഥയില്‍ ഇവിടെ വിജയം ദുഷ്‌കരമാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. അതേ സമയം മുന്‍ എം എല്‍ എയും മുസ്‌ലിംലീഗിന്റെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. കെ എന്‍ എ ഖാദിറിന് വേണ്ടി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. വള്ളിക്കുന്ന് മണ്ഡലം എം എല്‍ എയായിരുന്ന കെ എന്‍ എ ഖാദിറിന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നില്ല. പകരം പാര്‍ട്ടിയുടെ ജില്ലാ ജനറല്‍സെക്രട്ടറി പദവി നല്‍കുകയാണുണ്ടായത്. മികച്ച പാര്‍ലിമെന്റേറിയനും വിദ്യാ സമ്പന്നനുമായ ഇദ്ദേഹത്തേയാണ് പാര്‍ലമെന്റിലേക്ക് പരിഗണിക്കേണ്ടതെന്നതാണ് പാര്‍ട്ടി അണികളില്‍ ഒരു വിഭാഗം പറയുന്നത്.
ഇടത്പക്ഷം പൊന്നാനിയില്‍ നിയാസ് പുളിക്കലകത്തിനെ കളത്തിലിറക്കാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂങ്ങാടി മണ്ഡലത്തില്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുര്‍റബിനോട് ശക്തമായി ഏറ്റുമുട്ടി അബ്ദുര്‍റബിന്റെ ഭൂരിപക്ഷം മുപ്പതിനായിരത്തില്‍ നിന്നും ആറായിരമാക്കി ചുരുക്കി മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തി എന്ന നിലക്കായിരിക്കും നിയാസിനെ പരിഗണിക്കുക. നിയാസ് ഇതിനായി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചതായി അറിയുന്നു.
പൊന്നാനി ലോകസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ എല്‍ ഡി എഫ് പരിപാടികളിലെല്ലാം നിയാസ് സജീവ സാന്നിധ്യം അറിയിക്കുന്നുണ്ട്. പൊന്നാനി ലോകസഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ കണക്കനുസരിച്ച് ഇപ്പോള്‍ യു ഡി എഫിന് കേവലം ആയിരത്തില്‍പരം വോട്ടിന്റെ മുന്‍തൂകം മാത്രമെയുള്ളു. ഈ കണക്കുവെച്ച് കൊണ്ടാണ് എല്‍ ഡി എഫ് ഇവിടെ കണ്ണ് വെച്ചിട്ടുള്ളത്. പൊന്നാനി തവനൂര്‍ താനൂര്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍ ഡി എഫും തിരൂരങ്ങാടി തിരൂര്‍ കോട്ടക്കല്‍ തൃത്താല മണ്ഡലങ്ങളില്‍ യു ഡി എഫുമാണ് വിജയിച്ചിട്ടുള്ളത്.

Latest