Connect with us

International

ഇസില്‍ തീവ്രവാദം ഇപ്പോഴും ലോകത്തിന് ഭീഷണി: യു എന്‍

Published

|

Last Updated

യു എന്‍: ഇസില്‍ തീവ്രവാദികള്‍ ഇപ്പോഴും ലോകത്തിന് വന്‍ ഭീഷണി തന്നെയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇറാഖിലും സിറിയയിലുമായി ഇസിലിനെതിരെ തിരിച്ചടിക്കാന്‍ അന്താരാഷ്ട്ര സഖ്യസേനകള്‍ കഠിനപ്രയ്തനം നടത്തുകയാണെന്നും ബാന്‍ കി മൂണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഇസില്‍ തീവ്രവാദികളെ സിറിയയിലും ഇറാഖിലും മാത്രമായി ഒതുക്കി മറ്റ് രാജ്യങ്ങളില്‍ പിടിമുറുക്കുന്നത് തടയാനായിട്ടുണ്ടെങ്കിലും ഇസിലിനെ തന്ത്രപരമായോ മറ്റ് തരത്തിലോ ദുര്‍ബലപ്പെടുത്താനായിട്ടില്ലെന്ന് യു എന്‍ അംഗ രാജ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന കാര്യമെന്തന്നാല്‍ ഈ രാജ്യങ്ങള്‍ ഒന്നുംതന്നെ ഇസിലിനെ ചെറുതാക്കിക്കാണാനോ അല്ലെങ്കില്‍ അവര്‍ക്ക് ആയുധങ്ങളുടേയോ വെടിക്കോപ്പുകളുടെയോ കുറവുണ്ടെന്ന് പറയാനോ തയ്യാറായിട്ടില്ലെന്ന് ബാന്‍ കി മൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനകം മാത്രം ബംഗ്ലാദേശ്, ബെല്‍ജിയം, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ലബനാന്‍, പാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഇസിലില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടവര്‍ ആക്രമണം നടത്തുകയോ അല്ലങ്കില്‍ ഇവിടങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണങ്ങളില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ബാന്‍ കി മൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest