Connect with us

International

പിന്നില്‍ തീവ്രവാദികളെന്ന്; ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

അമ്മാന്‍: ജോര്‍ദാന്റെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. അല്‍ ബുഖ അഭയാര്‍ഥി ക്യാമ്പിന് സമീപമുണ്ടായ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തീവ്രവാദി ആക്രമണമായിരുന്നുവെന്നും ജോര്‍ദാന്റെ ഇസിലിനെതിരായ സൈനിക നടപടിക്കുള്ള പ്രതികാരമാണിതെന്നും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കുന്നു.
മൂന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ച പ്രധാന പ്രതിയായ മഹ്മൂദ് മശാര്‍ഫെഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ജോര്‍ദാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
70,000 ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. വൈകുന്നേരം തന്നെ പ്രതികളെ കുറിച്ചുള്ള വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലത്തിന് കുറച്ച് മാത്രം അകലെയുള്ള അയ്ന്‍ അല്‍ ബാശ എന്ന നഗരത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നാടോടിയെ പോലെ വേഷപ്രച്ഛന്നനായ പ്രതിയെ തന്ത്രപൂര്‍വമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അല്‍ അന്‍വര്‍ പള്ളിക്ക് സമീപമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് മുന്നില്‍ക്കണ്ട് പള്ളിയില്‍ ആരാധനക്കെത്തിയവരെ തോക്ക് ചൂണ്ടി പ്രതി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, ഇസില്‍ ഭീകരര്‍ക്കെതിരെയുള്ള സര്‍ക്കാറിന്റെ നിലപാട് കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള സിറിയ, ഇറാഖ് മേഖലകളില്‍ സൈനിക ആക്രമണം തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തീവ്രവാദി ശക്തി പ്രദേശങ്ങളില്‍ സൈന്യം നടത്തുന്ന വ്യോമാക്രമണം വ്യാപിപ്പിക്കാന്‍ തന്നെയാണ് തീരുമാനം.