Connect with us

International

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഡി എന്‍ എ സാമ്പിളും നല്‍കണമെന്ന് ഉത്തരവ്‌

Published

|

Last Updated

സിന്‍ജിയാംഗ് പ്രവിശ്യയിലെ മുസ്‌ലിംകള്‍ പള്ളിക്ക് മുമ്പില്‍(ഫയല്‍ ചിത്രം)

ബീജിംഗ്: ചൈനീസ് സര്‍ക്കാര്‍ ഉയ്ഗൂര്‍ മുസ്‌ലിം വംശജരോടുള്ള പ്രതികാര നടപടികള്‍ തുടരുന്നു. ഉയ്ഗൂര്‍ വംശജര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഡി എന്‍ എ സാമ്പിളുകളും കൂടി ഇനിമുതല്‍ നല്‍കണമെന്ന് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം മുതല്‍ യാത്രാ രേഖകള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യിലി ഖസാക് സ്വയംഭരണ പ്രദേശത്ത് ജീവിക്കുന്നവര്‍ അവരുടെ ഡി എന്‍ എ സാമ്പിളുകള്‍, വിരലടയാളം, ശബ്ദരേഖ, മൂന്ന് രൂപത്തിലുള്ള ഫോട്ടോകള്‍ എന്നിവ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ വര്‍ഷങ്ങളായി ചൈനീസ് അധികൃതര്‍ തുടര്‍ന്നുവരുന്ന വിവേചനപരവും നീതിരഹിതവുമായ ഇടപെടലുകളെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും വിമര്‍ശിച്ചുവരികയാണ്. ഇതിനിടെയാണ്, ഡി എന്‍ എ ഉള്‍പ്പെടെയുള്ളവയുടെ സാംപിളുകള്‍ നല്‍കണമെന്ന വിവാദ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. റമസാന്‍ മാസമാരംഭിച്ചതോടെ തായ്‌വാന്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ഉദ്ദേശിച്ചവരെ ഇത് പ്രതികൂലമായി ബാധിക്കും. പുതിയ പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷിച്ചവരെയും പാസ്‌പോര്‍ട്ട് പുതുക്കാന്‍ വേണ്ടി അപേക്ഷിച്ചവരെയും ഇത് ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. അധികൃതര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
മംഗോളിയ, റഷ്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന യിലി സിന്‍ജിയാംഗിന്റെ ഒരു ഭാഗമാണ്. ഇവിടെ ഒരു കോടിയിലധികം ഉയ്ഗുര്‍ മുസ്‌ലിം വംശജര്‍ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
നോമ്പ് അനുഷ്ഠിക്കുന്നതിന് ചൈന നിയന്ത്രണമേര്‍പ്പെടുത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിസവം പുറത്തുവന്നിരുന്നു. വിവിധ പ്രാദേശിക സര്‍ക്കാറുകള്‍ അവരുടെ വെബ്‌സൈറ്റുകളില്‍, ജോലിക്കാര്‍ നോമ്പെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.