Connect with us

Kerala

കാലത്തെ മനസ്സില്‍ കുറിച്ച് പ്രശാന്തിന്റെ പോരാട്ടം

Published

|

Last Updated

പ്രശാന്തിന് വി എസ് അച്യുതാനന്ദന്‍ പുരസ്‌കാരം സമ്മാനിക്കുന്നു

തിരുവനന്തപുരം: കാലത്തിന് മുന്നേ നടന്ന പ്രശാന്ത് തോല്‍പ്പിച്ചത് വൈകല്യങ്ങളെയാണ്. നേട്ടങ്ങളുടെ കൊടുമുടിയിലെത്താന്‍ പ്രശാന്തിന് ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല. വി എസ് അച്യുതാനന്ദന് മുന്നില്‍ കാലത്തെ നിര്‍ണയിച്ചാണ് ഈ പ്രതിഭ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക് നടന്നു കയറിയത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക് എത്താന്‍ പ്രശാന്തിനു മുന്നില്‍ കടമ്പകള്‍ ഏറെയില്ല, നാളുകള്‍ക്കുളളില്‍ അതും പ്രശാന്തിന് സാധ്യമായേക്കും.
01-01-0001 മുതല്‍ 01-01-10000 വരെയുള്ള 36,50,000 ദിവസങ്ങള്‍ മനഃപാഠമാക്കി എത്തിയ, വൈകല്യങ്ങളുടെ കൂട്ടുകാരന്‍ സി പ്രശാന്തിന് മുന്നില്‍ ഇന്നലെ കാലം വഴി മാറുന്നതിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സ് പ്രതിനിധി മന്‍മോഹന്‍സിംഗ് റാവത്ത് പ്രതിഭ തെളിയിക്കാന്‍ കരമന തളിയില്‍ സ്ട്രീറ്റില്‍ പ്രശാന്തത്തില്‍ ചന്ദ്രന്‍-സുഹിത ദമ്പതികളുടെ മകന്‍ സി പ്രശാന്ത് എന്ന പത്തൊമ്പതുകാരനെ ക്ഷണിക്കുന്നു. സദസ്സില്‍ കണ്ണുകളടച്ച് കൈകള്‍ കൂപ്പി സഹോദരി പ്രിയങ്കയും ബന്ധുക്കളും. മെയ് 30, 1567 ഏതു ദിവസമാണെന്ന് പ്രശാന്തിനോട് ആദ്യം ചോദ്യം, ചോദ്യം അവസാനിക്കും മുമ്പെ ബോര്‍ഡില്‍ പ്രശാന്ത് എഴുതി ചൊവ്വ. സദസ്സില്‍ പലരും ലാപ്പ്‌ടോപ്പും നോട്ട്പാഡുമൊക്കെ തുറന്ന്‌വെച്ച് ഉത്തരങ്ങള്‍ തേടി. എല്ലാവര്‍ക്കും ഉത്തരം കിട്ടിയപ്പോഴേക്കും ആഗസ്റ്റ് 15, 4578 ഏത് ദിവസമെന്ന പത്താമത്തെ ചോദ്യത്തിന് ശനിയെന്ന് പ്രശാന്ത് ഉത്തരം എഴുതി കഴിഞ്ഞിരുന്നു. പത്ത് ഉത്തരവും ശരിയെന്ന് മന്‍മോഹന്‍സിംഗ് റാവത്ത് പ്രഖ്യാപിച്ചപ്പോള്‍ സദസ്സ് ഹര്‍ഷാരവത്തോടെ അഭിനന്ദിച്ചു. വേദിയില്‍ ഉണ്ടായിരുന്ന വി എസ് ഉള്‍പ്പെടെയുള്ളവര്‍ പ്രശാന്തിനെ അഭിനന്ദിച്ചു. പിന്നീട് ആദരവുമായി സദസ്സ് വേദിയിലേക്ക്.
കാഴ്ച്ചക്കുറവും കേള്‍വിക്കുറവും സാംസാരിക്കാനുള്ള തടസ്സവുമായി ഭൂമിയിലേക്ക് എത്തിയ പ്രശാന്ത് പിച്ചവച്ചത് അതിജീവനത്തിന്റെ പാതയിലൂടെയാണ്. തലച്ചോര്‍-ഹൃദയ സംബന്ധികളായ നിരവധി അസുഖങ്ങളുമായി വിധി ഈ യാത്രക്ക് തടസ്സം സൃഷ്ടിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷേ പ്രശാന്തിന്റെ നിശ്ചയദാര്‍ഢ്യത്തെ ഒന്നു തൊടാന്‍ പോലും ആയില്ല. കാലം ചാര്‍ത്തി കൊടുത്ത വൈകല്യങ്ങളെ പൊരുതി തോല്‍പ്പിക്കുന്ന പ്രശാന്തിനെയാണ് പിന്നെ കാണുന്നത്.
ഒരു സാധാരണ മനുഷ്യന്റെ ബുദ്ധിയേക്കാള്‍ മികച്ച പ്രകടനവുമായി പ്രശാന്ത് തനിക്ക് അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ചു. ആദ്യം സംഗീതത്തിന്റെ ലോകത്തിലേക്ക്. ഇവിടെ കീബോര്‍ഡില്‍ അഗ്രഗണ്യനാകാന്‍ ഈ മിടുക്കന് ഏറെനാള്‍ വേണ്ടി വന്നില്ല. മലയാളം, ഹിന്ദി, തമിഴ് സിനിമാ ഗാനങ്ങള്‍ ഈ വിരല്‍ത്തുമ്പിലൂടെ ഒഴുകിയെത്തി. പിന്നീട് കമ്പ്യൂട്ടറായി ഹരം. ഇടക്ക് സഹോദരി പ്രിയങ്കയുടെ മൊബൈല്‍ ഫോണില്‍ 150 വര്‍ഷത്തെ കലണ്ടര്‍ കണ്ട് തീയതി കണ്ടു പിടിക്കാനുള്ള ശ്രമമായി. അങ്ങനെയാണ് പതിനായിരം വര്‍ഷത്തെ കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്ത് മാതാപിതാക്കള്‍ പ്രശാന്തിന് കൈമാറുന്നത്. ഏറെവൈകാതെ ഇത് മനഃപാഠമാക്കി. അങ്ങനെയാണ് ഇന്നലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ പ്രശാന്ത് ഇടം നേടിയത്.
ലോകത്ത് തന്നെ അത്യപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണ് പ്രശാന്തെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വെല്ലുവിളികളില്‍ ജീവിതം നഷ്ടപ്പെട്ട് പോകുന്നില്ലെന്നാണ് പ്രശാന്ത് പഠിപ്പിക്കുന്നത്. മലയാളികളുടെ അഭിമാനമായി മാറാന്‍ പ്രശാന്തിനാകട്ടേയെന്ന് അദേഹം ആശംസിച്ചു. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റലി ചലന്‍ജഡ് (എസ് ഐ എം സി) ഡയറക്ടര്‍ ഡോ. ജയരാജ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് കീബോര്‍ഡില്‍ വായിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. പ്രശാന്ത് തന്നെ ദേശീയഗാനവും വായിച്ചതോടെയാണ് ചടങ്ങിന് അവസാനമായത്.
അന്തരീക്ഷത്തിലെ താപനില യന്ത്രസഹായമില്ലാതെ പറയുന്ന പ്രശാന്തിന്റെ ജീവചരിത്രം വേള്‍ഡ് വിഷന്‍ ലൈഫ് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കുട്ടികള്‍ക്ക് പാഠ്യവിഷയമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.