തട്ടിക്കൊണ്ടുപോയി മര്‍ദനം: നാല് പേര്‍ കൂടി അറസ്റ്റില്‍

Posted on: June 8, 2016 12:25 am | Last updated: June 8, 2016 at 12:25 am

പെരിന്തല്‍മണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കി കര്‍ണാടകയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ക്വാട്ടേഷന്‍ സംഘത്തിലെ നാല് പേര്‍ കൂടി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. അങ്ങാടിപ്പുറം തിരൂര്‍ക്കാട് നെച്ചിതടത്തില്‍ നൗഫല്‍ (33), മാനത്ത് മംഗലം നെച്ചിയില്‍ അക്ബര്‍ അലി(34), പെരിന്തല്‍മണ്ണ ചക്കുങ്ങല്‍ നൗഫി എന്ന നൗഫല്‍ (30), കുറുവയിലെ ചെനക്കത്തൊടി നൗഫല്‍ (35) എന്നിവരെയാണ് ഇന്നലെ രാവിലെ എട്ടോടെ പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
കാറിലെത്തിയ അജ്ഞാതസംഘം കഴിഞ്ഞ ബുധനാഴ്ച കോടതി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ആനിക്കാട്ടില്‍ അനില്‍ ബാബുവിനെ ദുബായ്പടിയിലും മരുതലയിലും വെച്ച് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട്, കാറിന്റെ ചില്ല് തകര്‍ത്ത് അനില്‍ ബാബുവിനെ വലിച്ചിറക്കി പ്രതികളുടെ കാറില്‍ കയറ്റി കൊണ്ടുപോയി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് വട്ടിപ്പലിശക്കാര്‍ ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതിനായി രണ്ട് ലക്ഷം വാഗ്ദാനം ചെയ്ത് കൊടുവള്ളി പെരിന്തല്‍മണ്ണ, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായി ക്വാട്ടേഷന്‍ ടീമിനെ ഏര്‍പ്പെടുത്തുകയും അവരെ ഒരാഴ്ചയോളം പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും താമസിപ്പിച്ചാണ് സംഘം പദ്ധതി ആസൂത്രണം ചെയ്തത്.
അനിലിനെ മൂന്ന് ദിവസം കൊടുവള്ളി, കൊടക്, മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലായി പാര്‍പ്പിച്ചു. ഫോണില്‍ വീട്ടുകാരെ വിളിച്ച് കരിങ്കല്ലത്താണിയിലെ ബില്‍ഡിംഗും സ്ഥലവും രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തു. നിര്‍ബന്ധത്തിന് വഴങ്ങിയ വീട്ടുകാര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ നടപടികള്‍ ചെയ്തു വരവെ പോലീസ് സ്ഥലത്തെത്തി രജിസ്‌ട്രേഷന്‍ നിര്‍ത്തിവെപ്പിച്ചു. രജിസ്‌ട്രേഷന്‍ നടത്താനായെത്തിയ വലിയ പറമ്പില്‍ സജിയെയും പച്ചീരി നാസറിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവെയാണ് കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വിവരം പോലീസിന് ലഭിച്ചത്. ആ സമയം കര്‍ണാടകയില്‍ അന്വേഷണത്തിലുണ്ടായിരുന്ന കേരള പോലീസിന് സി ഐ. എ എം സിദ്ദീഖ്, പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കര്‍ണാടക പോലീസ് വഴി കൈമാറുകയും രജിസ്‌ട്രേഷന് എത്തിയവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.